റഷീദ്
തിരുവനന്തപുരം കമലേശ്വരം സ്വദേശി. പാളയം കല്ലുവെട്ടാം കുഴിയിൽ നൂഹു ഖാന്റെയും ഐഷ ബീവിയുടേയും എട്ടുമക്കളിൽ അഞ്ചാമനായി ജനനം. പതിനാറാം വയസ്സിൽ ബോഡി ബിൽഡിംഗിനിറങ്ങിയ എൻ അബ്ദുൾ റഷീദ് പിന്നീട് വോളിബോൾ പ്ലെയറും തുടർന്ന് കെ എസ് ആർ ടി സിയിലെ ജീവനക്കാരനുമായിത്തീർന്നു. ഗുരു സുകുമാരൻ നായരുടെ സ്വാധീനത്താൽ ഗുസ്തിയുടെ ലോകത്തായിരുന്നു പിന്നീട് ഇറങ്ങിത്തിരിച്ചത്. റഷീദിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ടീം കണ്ണൂരു നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പിൽ വിജയിയായ പത്രത്തിലച്ചടിച്ച് വരുന്നതാണ് അപ്രതീക്ഷിതമായി ജീവിതത്തിൽ ഒരു ട്വിസ്റ്റായി മാറിയത്.
പത്രത്തിലെ വാർത്തയിൽ സന്തോഷിച്ചിരുന്ന റഷീദിന്റെ മുന്നിലേക്ക് നിശ്ചലഛായാഗ്രാഹകൻ എൻ എൽ ബാലകൃഷ്ണൻ എത്തിയത് പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിലെ വേഷത്തിനാണ്. ചെറുവേഷമെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും പിന്നീട് ചിത്രത്തിലെ നായകനായി റഷീദിനെ കാസ്റ്റ് ചെയ്യുകയായിരുന്നു പത്മരാജൻ. ചിത്രത്തിന്റെ ഷൂട്ടിംഗിൽ ഒർജിനലായി ഗുസ്തി പിടിച്ച് ജയിച്ചത് കൗതുകമായി. ആദ്യചിത്രത്തിലെ നായകവേഷം തന്നെ പ്രശസ്തിയാർജ്ജിച്ചതിനേത്തുടർന്ന് പത്മരാജന്റെ തന്നെ മറ്റ് ചിത്രങ്ങളായ "പറന്ന് പറന്ന് പറന്ന്", "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
"മുത്താരം കുന്ന് പി.ഒ", "വിളംബരം", "വിയറ്റ്നാം കോളനി", "ലാൽസലാം" എന്നിവയൊക്കെ റഷീദിനെ പ്രശസ്തനാക്കി മാറ്റി. കെ എസ് ആർ ടിസിയിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറായി തന്റെ അറുപതാം വയസ്സിൽ വിരമിച്ചു . ഗുസ്തിക്കാരന്റെ ജീവിത രീതികൾ തന്നെ ചിട്ടയോടെ തുടരുന്ന റഷീദ് തമിഴ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്.
അവലംബം :- അനൂപ് മോഹന്റെ ബ്ലോഗ്