ദേവൻ

Devan

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനിവാസന്റെയും ലളിതയുടെയും മകനായി 1954-മെയ് 5-ന് തൃശ്ശൂർ ജില്ലയിൽ ജനിച്ചു. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ അനന്തിരവനാണ് ദേവൻ. ദേവന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശ്ശൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്റി സ്കൂളിലായിരുന്നു. തൃശ്ശ്രൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബി എസ് സി ബിരുദവും നേടി. തുടർന്ന് അദ്ദേഹം എം ബി യെയും കഴിഞ്ഞു.

 1985-ൽ പ്രേംനസീറും,മധുവും നായകന്മാരായ വെള്ളം എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ദേവൻ സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.  1983-ൽ സൈരന്ധ്രി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ദേവൻ സിനിമാഭിനയത്തിനു തുടക്കം കുറിയ്ക്കുന്നത്. 1987-ൽ ന്യൂഡൽഹി എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ദേവനെ പ്രശസ്ഥനാക്കിയത്. തുടർന്ന് നിരവധിസിനിമകളിൽ അദ്ദേഹം നായകനോടൊപ്പം നിൽക്കുന്ന വില്ലൻ വേഷങ്ങൾ ചെയ്തു. ആരണ്യകം, ഊഴം, സൈമൺ പീറ്റർ നിനക്കുവേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം നായകനായും അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്,തെലുങ്ക് സിനിമകളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് സിനിമയായ ബാഷ യിലെ വില്ലൻ വേഷം ദേവന് തമിഴ്നാട്ടിൽ പ്രേക്ഷകപ്രീതിനേടിക്കൊടുത്തു.

സിനിമകൾ കൂടാതെ ഇരുപതോളം ടെലിവിഷൻ പരമ്പരകളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ദേവൻ കേരള പീപ്പിൾസ് പാർട്ടി എന്നൊരു രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് രാഷ്ടീയത്തിലെറങ്ങുകയും 2004-ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മത്സരിയ്ക്കുകയും ചെയ്തു.

അമ്മാമൻ രാമുകാര്യാട്ടിന്റെ മകൾ സുമയെയാണ് ദേവൻ വിവാഹം ചെയ്തത്. ദേവൻ - സുമ ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് ലക്ഷ്മി. 2019 ജൂലൈ 12-ന് സുമ അന്തരിച്ചു.