ബാലൻ പാറക്കൽ

Balan Parakkal

കുറ്റ്യാടി സ്വദേശി. നടൻ, സംവിധായകൻ, ഡാൻസ് -ഒപ്പന കമ്പോസർ, മേക്കപ്പ് ആർട്ടിസ്റ്റ് അങ്ങനെ പല മേഖലകളിൽ പ്രതിഭ തെളിയിച്ച കലാകാരൻ. ചെറുപ്പം മുതൽ കലയോടുള്ള അഭിനിവേശത്താൽ, മിമിക്രി, നൃത്തം, ചിത്രകല തുടങ്ങി വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 16-ാം വയസ്സില്‍ നാടകത്തിലൂടെ കലാരംഗത്തേക്ക് കടന്നു വന്നു. ആദ്യം അമച്വർ നാടകങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു  തുടങ്ങിയത്. അഭിനയത്തിൽ മാത്രമല്ല, സംവിധാനത്തിലും നാടക രചനയിലും തിളങ്ങി. പിന്നീട് പ്രൊഫഷണൽ നാടകരംഗത്തേക്ക് കടന്നു. കലാനിലയത്തിന്റെ രക്തരക്ഷസ്, കടമറ്റത്ത് കത്തനാർ, നാരദൻ കേരളത്തിൽ, ക്രൈം ബ്രാഞ്ച്, നാറാണത്ത് ഭ്രാന്തൻ തുടങ്ങിയ നാടകങ്ങളിലൂടെ പ്രൊഫഷണൽ നാടക വേദികളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. സ്റ്റേജ് ഇന്ത്യ, സംഘഗാഥ, ശ്രീകല, ചിരന്തന, സംഗമം, കലിംഗ തുടങ്ങി നിരവധി പ്രൊഫഷണല്‍ നാടകട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. നാടകത്തിനു പുറമേ നിരവധി ഹാസ്യപരിപാടികളും അദ്ദേഹം അവതരിപ്പിക്കുന്നു. കുട്ടികള്‍ക്കായി നാടക-അഭിനയ കളരികൾ അദ്ദേഹം നടത്തുന്നു. പയ്യോളി ഹൈസ്കൂൾ ചിത്രകല അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു. അഭിനയം ജോലിക്ക് ഒരു തടസ്സമായപ്പോൾ അത് ഉപേക്ഷിക്കാൻ നിർബന്ധിതനായി. പി എൻ മേനോന്റെ കസവ്, ആദിതാളം തുടങ്ങി നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഒന്നാം മാനം പൂമാനം, ഗാന്ധാരി, അക്ഷരത്തെറ്റ്, കൗശലം, കാണാക്കിനാവ്, അറിഞ്ഞോ അറിയാതെയോ, ഈറൻ സന്ധ്യ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. എന്നാൽ വർഷങ്ങൾക്കു ശേഷം പാലേരിമാണിക്യമെന്ന രഞ്ജിത്ത് ചിത്രത്തിനായി നടത്തിയ ഒഡീഷനിൽ പങ്കെടുത്തതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. ആ ചിത്രത്തിന്റെ പശ്ചാത്തലം ബാലന് പരിചിതമായത് കുഞ്ഞിക്കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു. തുടർന്ന് സത്യൻ അന്തിക്കാട്  ചിത്രമായ കഥ തുടരുന്നു, പെൺപട്ടണം, രഞ്ജിത്തിന്റെ ലോഹം, ഇന്ത്യൻ റുപ്പീ, ഞാൻ, മമ്മൂട്ടിക്കൊപ്പം ജവാൻ ഓഫ് വെള്ളിമല, മുന്നറിയിപ്പ് തുടങ്ങി 25 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു

Balan Parakkal