വി പാണ്ഡ്യൻ

V Pandyan
പാണ്ഡ്യൻ
പാണ്ഡ്യൻ വേലു

പാണ്ഡ്യൻ വേലു എന്ന പാണ്ഡ്യൻ, വേലുവിന്റേയും തായമ്മയുടേയും മകനായി 1955-ൽ നാഗർകോവിലിൽ ജനിച്ചു. ഒൻപതാം ക്ലാസ് വരെ തിരുനെൽവേലിയിലായിരുന്നു പഠനം. തുടർപഠനത്തിനായി ചെന്നൈയിലേക്ക് ചേക്കേറിയെങ്കിലും പഠനം സാധ്യമായില്ല. പിന്നീട് ഒരു ബന്ധുവിന്റെ സഹായത്തോടെ തന്റെ പതിനാറാം വയസ്സിൽ സിനിമാ സെറ്റിൽ എത്തപ്പെട്ടു.
പ്രശസ്ത ഛായാഗ്രാഹകൻ ജെ വില്യംസ് തന്റെ സഹായിയാക്കി കൂട്ടി. ഒരുപാട് സിനിമകളിൽ അസ്സിസ്റ്റന്റ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു. ഇതിനിടയിൽ തമിഴിൽ  അസ്സിസ്റ്റന്റ് എഡിറ്ററായും ജോലി നോക്കി. പലപ്പോഴും മടിപിടിച്ച് വരാതിരുന്ന സന്ദർഭങ്ങളിൽ ജെ വില്യംസിന്റെ നിർബന്ധപ്രകാരം തിരിച്ചു വന്നു. 

1972-ൽ തന്റെ ഇരുപത്തി ഒന്നാം വയസിൽ ഐ എൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത പുള്ളിമാൻ എന്ന ചിത്രത്തിൽ എം ഒ ദേവസ്യയുടെ സഹായി ആയി. പിന്നീട് 1978 വരെ മലയാളം, തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് ചിത്രങ്ങളിൽ ചമയം സഹായിയായി പ്രവർത്തിച്ചു. 

1978-ൽ ജെ വില്യംസ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത മദാലസയിലാണ് സ്വതന്ത്രമായി ചമയം ചെയ്യാൻ അവസരം ലഭിച്ചത്. പിന്നീടിങ്ങോട്ട് പാണ്ഡ്യൻ എന്ന ചമയക്കാരന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സത്യൻ അന്തിക്കാടിന്റെ ആദ്യ സംവിധാന സംരഭമായ 1982-ൽ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണം മുതൽ ഇങ്ങോട്ട് സത്യന്റെ സന്തതസഹചാരിയായി പാണ്ഡ്യൻ മാറി. സത്യൻ അന്തിക്കാടിന്റെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റ് എന്നാണ് പാണ്ഡ്യൻ തുടക്കകാലത്ത് അറിയപ്പെട്ടിരുന്നത്.
പ്രശസ്തരായ എല്ലാ സംവിധായകരുടെ ചിത്രങ്ങളിലും ചമയം ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.  അതിന്നും അനസ്യൂതം തുടരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി. മക്കൾ തനൂജ, അനിത.