തങ്കമണി എം ആർ ബി

Thankamani M R B

ആകാശവാണിയിലൂടെ മുപ്പത് വർഷത്തോളം മലയാളികൾ കേട്ട് സുപരിചിതമായ സ്വരമാധുര്യത്തിനുടമയാണ് എം തങ്കമണി. നിരവധി കേന്ദ്ര സംസ്ഥാന പുരസ്കാരങ്ങളാൽ അംഗീകരിക്കപ്പെട്ട ആകാശവാണി കലാകാരിയും അനൗൺസറുമായിരുന്നു. പ്രഗൽഭയായ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമാണ്. സാമുദായിക അനാചാരങ്ങൾക്കെതിരെ വിപ്ലവാഗ്നി ജ്വലിപ്പിച്ച് കേരളത്തിന്റെ സാമൂഹിക രാഷ്ടീയചരിത്രത്തിൽ ചിതലരിക്കാതെ നിൽക്കുന്ന മുല്ല മംഗലത്ത് മനയിലെ സന്തതി. നമ്പൂതിരി സമുദായത്തിൽ വിസ്പോടനങ്ങൾ ഉണ്ടാക്കിയ ആദ്യത്തെ വിധവാ വിവാഹത്തിനു തയ്യാറായ ഉമാ അന്തർജനത്തിന്റെയും സാഹിത്യകാരനും പത്രപ്രവർത്തകനും അതിലുപരി സാമൂഹിക പരിഷ്കർത്താവുമായിരുന്ന എം.ആർ.ബിയുടെയും മകളായി 1948ല്‍ തങ്കമണി ജനിച്ചു. (നടൻ ഭരത് പ്രേംജി യുടെ ജ്യേഷ്ഠസഹോദരന്റെ മകൾ) 1964 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ താല്‍കാലിക നിയമനവുമായാണ് ശബ്ദ ലോകത്തെക്ക് എം. തങ്കമണി എത്തുന്നത്, തുടര്‍ന്ന് 1967ല്‍ സ്ഥിരം അവതാരികയായ് മാറി. വീ. ടി. അരവിന്ദാക്ഷന്‍ തിളങ്ങി നിന്ന സൂര്യാഘാതം, സിംഹാസനം, ഒരു മുത്തശ്ശി കഥ, പ്രഹേളിക തുടങ്ങി നിരവധി നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ഇ. പി. ശ്രീകുമാറിന്റെ സൂര്യകാന്തിയെ സ്നേഹിച്ച പെണ്‍കുട്ടി, മൂധേവി തെയ്യം, ഇന്ദുലേഖ എന്നി നാടകങ്ങള്‍ ഏറെ ജന ശ്രദ്ധ പിടിച്ചു വാങ്ങിയ നാടകങ്ങളായിരുന്നു. പ്രഹേളിക എന്ന നാടകത്തിനു മന്ദബുദ്ധിയായ കുഞ്ഞിന്റെ ഭാഗമായിരുന്നു തങ്കമണി അവതരിപ്പിച്ചത്. 17 വര്‍ഷം ആകാശ വാണിയുടെ ചെമ്പൈ സംഗീതോത്സ വത്തിലെ സ്ഥിരം അവതാരിക കൂടിയായിരുന്നു എം. തങ്കമണി. ത്രിശ്ശൂര്‍ ആകാശ വാണി നിലയത്തില്‍ ഒട്ടനവധി റേഡിയോ നാടകങ്ങള്‍ നിര്‍മ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്ത തങ്കമണി 2008ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു.

തീര്‍ത്ഥ യാത്ര, തുലാ വര്‍ഷം, പിറവി, സ്വം, വാന പ്രസ്ഥം, ദേശാടനം, നിയോഗം, ഗാന്ധി (മലയാളം പരിഭാഷ), ഒരു ചെറു പുഞ്ചിരി, രാപ്പകല്‍ ആട്ടക്കഥ, നോട്ടം, ദേശാടനം, വാനപ്രസ്ഥംതുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നു ഇവർ. ( ആട്ടക്കഥ, നോട്ടം, ദേശാടനം, വാനപ്രസ്ഥം തുടങ്ങി കലാപരമായി ഏറേ ശ്രദ്ധിക്കപെട്ട ചിത്രങ്ങളിൽ നായികമാർക്ക്‌ വേണ്ടി ശബ്ദം നൽകിയത് എം.തങ്കമണിയായിരുന്നു.) നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ത്രിശുരിലെ ഏതു ഓണം കേറാ മൂലയിലും തിരിച്ചറി യപ്പെടുന്ന ഈ ശബ്ദ സൌകുമാര്യത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങളൂം അംഗികാരങ്ങളും എത്തി. 1989ല്‍ മൌനം മീട്ടുന്ന തംബുരു എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1992ല്‍ സൂര്യായനം എന്ന സംഗീത ശില്പത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്, 1994ല്‍ കര്‍മ്മണ്യേ വാധികാ രസ്ത്യേ എന്ന ഡോക്ക്യു മെന്ററിയുടെ ശബ്ദാ വിഷ്ക്കാരത്തിനുള്ള ആകാശ വാണിയുടെ അവാര്‍ഡ്. പ്രമുഖ ഗാന്ധിയനായ ചങ്ങല കുമാരന്‍ നായരെ കുറിച്ചു ടെലി ഫിലിം ചെയ്തതിനു 2001 ലെ മികച്ച ടെലി ഫിലിം അവതാരക യ്ക്കുള്ള ദൂരദര്‍ശന്‍ അവാര്‍ഡ്. 2001ല്‍ തീര്‍ത്ഥാടനം എന്ന ചിത്രത്തിനു ശബ്ദം പകര്‍ന്നതിനു മികച്ച ഡബ്ബിങ്ങിനുള്ള കേരള സംസ്ഥാന അവാര്‍ഡ്, കൂടാതെ 2004 കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരവും തങ്കമണിയെ തേടി എത്തിയ ചില ബഹുമതികളാണ്. ഷാജി.എൻ.കരുണിന്റെ സ്വപാനത്തിലും കെ.പി.കുമാരന്റെ രുഗ്മിണിയിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ കവി മുല്ലനേഴി മാഷിന്റെ മകൻ പ്രദീപൻമുല്ലനേഴി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നമുക്കൊരേ ആകാശം' എന്ന ചിത്രത്തിലൂടെ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ ഇവർ ക്യാമറയ്ക്കു മുമ്പിലെത്തുന്നു.