സുബി സുരേഷ്

Subi Suresh

മലയാള ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി താരം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ്. അച്ഛന് ചെറിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്കൂൾ-കോളജ് വിദ്യാഭ്യാസം.

സ്കൂൾ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാൻ തുടങ്ങി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ  അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ..  എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.