സനുഷ സന്തോഷ്

Sanusha Santhosh

മലയാള ചലച്ചിത്ര നടി. 1994 ഏപ്രിൽ 26 ന് കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനിച്ചു. സനുഷയുടെ പ്രാഥമിക വിദ്യാഭ്യാസം പള്ളിക്കുന്ന് ശ്രീപുരം സ്ക്കൂളിലായിരുന്നു, എസ് എൻ കോളേജിൽ നിന്നും ബികോം ബിരുദം നേടി. സെന്റെ തെരേസാസ് കോളേജിൽ നിന്നും എം എ സൈക്കോളജിയും കഴിഞ്ഞു. ബാലതാരമായി ടെലിവിഷൻ സീരിയലുകളിലൂടെയാണ് സനുഷ അഭിനയ രംഗത്ത് എത്തുന്നത്. 

സനുഷയുടെ സിനിമാ പ്രവേശം 1998- ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു. തുടർന്ന് ദാദാ സാഹിബ്, മാമ്പഴക്കാലം, കരുമാടിക്കുട്ടൻ, കാഴ്ച്ച, കീർത്തിചക്ര.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 2019- ൽ വിനയൻ സംവിധാനം ചെയ്ത നാളൈ നമതൈ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സനുഷ നായികയായി തുടക്കം കുറിച്ചത്.  2012- ൽ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് സനുഷ മലയാളത്തിൽ നായികയാകുന്നത്. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി കുറച്ച് ചിത്രങ്ങളിൽ സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്. 2004- ൽ കാഴ്ച്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സനുഷയ്ക്ക് ലഭിച്ചിട്ടുണ്ട്. സനുഷയുടെ അനുജൻ സനൂപ് സിനിമാ അഭിനേതാവാണ്.