രാജൻ കൊയിലാണ്ടി
മലയാളസിനിമയിൽ നാലു പതിറ്റാണ്ടിലേറെക്കാലമായി കലാസംവിധാനരംഗത്ത് പ്രവർത്തിക്കുന്നു.
കൊയിലാണ്ടി ചെങ്ങോട്ടുകാവിനു സമീപം മേലൂരിലെ കോലാറൊടിയിൽ ജനിച്ചു. നാണു എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. അധ്യാപകന്റെ പ്രേരണയിൽ പേരു രാജൻ എന്നാക്കി. ഒൻപതാം ക്ലാസ്സിൽ വച്ച് പഠനം നിർത്തിയ രാജൻ ഗുജറാത്തിൽ ടയർ കടയിൽ ജോലിയ്ക്കായി വണ്ടികയറി. കുറച്ചുനാളുകൾക്ക് ശേഷം കോയമ്പത്തൂരിലെത്തി അവിടെ ഒരു ഹോട്ടലിൽ ജോലി ചെയ്തു. പിന്നീട് സിനിമാ മോഹം മൂത്ത് ചെന്നൈയ്ക്ക് പോവുകയും അവിടെ വടപളനി അമ്മൻകോവിൽ സ്ട്രീറ്റിലെ ഒരു ചായക്കടയിൽ ജോലിചെയ്യുകയും ചെയ്തു. അവിടെ വച്ചാണ് ടി എച്ച് കോടമ്പുഴയെ പരിചയപ്പെടുന്നതും അതു വഴി സിനിമക്കാർക്ക് പണം കടം കൊടുക്കുന്ന രവിയെ പരിചയപ്പെടുന്നതും. രവിയുടെ ശുപാർശയിലാണു രാജൻ സിനിമയിലേക്ക് വരുന്നത്. ആറാട്ട് എന്ന സിനിമയുടെ പ്രൊഡക്ഷൻ മാനേജർ കെ ആർ ഷണ്മുഖത്തോടൊപ്പം ആ സിനിമയുടെ പ്രൊഡക്ഷൻ ടീമിൽ ജോലിചെയ്താണു തുടക്കം.
ന്യായവിധി എന്ന ചിത്രത്തിലാണ് ആദ്യമായി കലാസംവിധാന സഹായിയായി ജോലിചെയ്യുന്നത്. അന്നു മുതൽ ജൂബിലി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന എല്ലാ ചിത്രങ്ങളിലും രാജൻ കലാസംവിധാനസഹായിയായി. ജൂബിലിയുടെ എവിടെ എന്ന ചിത്രത്തിലാണു രാജൻ അവസാനമായി പ്രവർത്തിച്ചത്. ജോഷിയുടെ ഈ തണുത്ത വെളുപ്പാൻ കാലത്ത് വരെയുള്ള ചിത്രങ്ങളിലും പ്രവർത്തിച്ചു. ജോഷി- ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മിക്ക ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്ത രാജൻ, ആകാശദൂതിൽ ഒരു മുഴുനീള വേഷത്തിലും അഭിനയിച്ചു. സമ്മാനം എന്ന ചിത്രത്തിലെ ആനപ്പാപ്പാന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
കലാസംവിധായകൻ ബോബനോടൊപ്പമാണ് രാജൻ കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഭാര്യ സുമതി. രണ്ട് പുത്രന്മാർ. രണ്ടു പേരും രജപുത്ര വിഷ്വൽ മീഡിയയിൽ ആണു ജോലി ചെയ്യുന്നത്.
കൗതുകം: രാവണപ്രഭു എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ മംഗലശ്ശേരി നീലകണ്ഠൻ എന്ന വേഷത്തിൻ്റെ ഡ്യൂപ്പ് ആയി അഭിനയിച്ചത് രാജൻ കൊയിലാണ്ടി ആണ്.