വിലയ്ക്കു വാങ്ങിയ വീണ
ഒന്നുമില്ലായ്മയിൽ നിന്നും പ്രശസ്തിയുടെ കൊടുമുടി കയറുമ്പോൾ നായകൻ വിസ്മരിക്കുന്നത് തന്റെ ഭൂതകാലവും, അവനുവേണ്ടി മാത്രം ജീവിക്കുന്ന കാമുകിയെയുമാണ്. അവൻ ഇരിക്കുന്ന സിംഹാസനം തകർന്നു വീഴാൻ അധികം സമയം വേണ്ടിവന്നില്ല. പണവും പ്രശസ്തിയും വരുമ്പോൾ എല്ലാം മറക്കുന്നവർക്ക് കാലം സൂക്ഷിച്ചു വെക്കുന്നത് എന്തായിരിക്കും എന്നതിലേക്ക് വെളിച്ചം വീശുന്നു "വിലയ്ക്ക് വാങ്ങിയ വീണ".
Actors & Characters
Actors | Character |
---|---|
വിജയൻ | |
ശാരദ | |
വേണു | |
സുനന്ദ | |
പ്രതാപൻ | |
കോട്ടയം രാഘവ പണിക്കർ | |
എസ് ആർ മേനോൻ | |
കെ ആർ ദാസ് | |
ശങ്കരപിള്ള | |
ജഗദീഷ് | |
താരാനാഥ് | |
പലിശക്കാരൻ | |
നിർമ്മല മെനോൻ | |
ഗീത | |
ഭാരതി | |
ജഗദീഷിന്റെ ഭാര്യ | |
ഡോക്ടർ | |
ഗോപാലൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
വി ദക്ഷിണാമൂർത്തി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1 971 |
കഥ സംഗ്രഹം
അച്ഛൻ (മുത്തയ്യ), അമ്മ (അടൂർ ഭവാനി), ഇളയ സഹോദരി ഗീത (കെ.പി.എ.സി.ലളിത) എന്നിവർ അടങ്ങുന്നതാണ് വിജയൻറെ (പ്രേം നസീർ) കുടുംബം. അയൽവാസിയും, വിജയനെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്യുന്ന ശാരദയ്ക്ക് (ശാരദ) അച്ഛൻ ശങ്കരപ്പിള്ള (ശങ്കരാടി) മാത്രം. രണ്ടു കുടുംബത്തിലും താണ്ഡവമാടുന്നത് ദാരിദ്ര്യ മാണെങ്കിലും, തമ്മിൽ ഭേദം ശാരദയുടേതാണ്. സംഗീതോപകരണങ്ങൾ റിപ്പയർ ചെയ്തു അച്ഛന് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് വിജയൻറെ കുടുംബം കഴിഞ്ഞു പോവുന്നത്. മിക്കപ്പോഴും മുഴുപ്പട്ടിണിയിൽ നിന്നും വിജയൻറെ കുടുംബം രക്ഷപ്പെടുന്നത് ശാരദ കാണിക്കുന്ന ഔദാര്യത്തിലൂടെയാണ്. വിജയൻറെ അച്ഛൻ, കോട്ടയം രാഘവപ്പണിക്കർ ഒരു കാലത്തു പ്രശസ്തനായ സംഗീതജ്ഞനായിരുന്നു. നല്ലൊരു കലാകാരൻ എന്ന പ്രശസ്തി നേടിയെന്നല്ലാതെ സാമ്പത്തികമായി ഒരു നേട്ടവും അദ്ദേഹത്തിന് കൈവരിക്കാൻ കഴിയാതെ പോയതാണ് കുടുംബം ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടാനുള്ള കാരണം. വിജയനും അച്ഛന്റെ സർവ ഗുണങ്ങളും ജന്മനാ ലഭിച്ചുവെങ്കിലും, സംഗീതം കൊണ്ട് ഒന്നും നേടാൻ കഴിയാതെ പോയതിനാൽ, ആ പണി ഉപേക്ഷിച്ചു മറ്റെന്തെങ്കിലും പണി കണ്ടെത്താൻ വിജയനെ രാഘവപ്പണിക്കർ ഉപദേശിച്ചു കൊണ്ടിരിക്കുന്നു. അത് വക വെക്കാതെ വിജയൻ സംഗീത മേഖലയിൽ എന്നെങ്കിലും തനിക്കു അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയോടെ തന്നെ ദിവസങ്ങൾ തള്ളി നീക്കുന്നു. ഇതിനാൽ അച്ഛനും മകനും തമ്മിൽ എന്നും വഴക്കാണ്. പ്രാരാബ്ധങ്ങളുടെ കടലിൽ മുങ്ങിക്കഴിയുന്ന വിജയൻ പിന്നിടുന്നത് ഉറക്കം വരാത്ത രാത്രികളാണ്.
ചെറുപ്പകാലം മുതലേ വിജയനോടൊപ്പം ഒന്നിച്ചു കളിച്ചു വളർന്ന ശാരദ ആ കുടുംബത്തെ സഹായിക്കുക മാത്രമല്ല, വിജയനെ ഗാഢമായി പ്രേമിക്കുകയും ചെയ്യുന്നു. വിജയനും അവളെ സ്നേഹിക്കുന്നു. വിജയൻറെ കഴിവിൽ മറ്റാരേക്കാളും വിശ്വാസമുള്ളത് ശാരദയ്ക്കാണ്. അവന്റെ ഉന്നതിക്ക് വേണ്ടി ഓരോ ദിവസവും അവൾ അകമഴിഞ്ഞ് ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം വിജയൻറെ അച്ഛൻ അപ്രതീക്ഷിതമായി മരിച്ചു പോവുന്നു. അതിൽ വിജയൻ ആകെ തളർന്നു പോവുന്നു. ഇനിയിപ്പോൾ വിജയൻ ഒറ്റയ്ക്ക് കുടുബത്തിന്റെ ഭാരം ചുമക്കേണ്ടതായയതിനാൽ ജീവിതം വഴിമുട്ടി നിന്നതു പോലൊരു തോന്നൽ. മരിക്കുന്നതിന് മുൻപ് അച്ഛൻ ഉണ്ടാക്കി വെച്ച കടബാധ്യത കൂടി അടച്ചു തീർക്കേണ്ടതായുണ്ട് വിജയന്. അത് ഉടൻ തിരിച്ചടച്ചില്ലെങ്കിൽ അച്ഛൻ വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കടയും ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും. കൂടാതെ അച്ഛൻ സൂക്ഷിച്ചുവെച്ചിരുന്ന സംഗീതോപകരണങ്ങളൾ ഉടമസ്ഥൻ ജപ്തി ചെയ്യും എന്ന ഭീഷണിയും നിലവിലുണ്ട്. ഈ ഒരു പ്രതിസന്ധിയിൽ നായകന് ആശ്വാസമേകുന്നത് ശാരദയുടെ കുടുംബവും ഉറ്റ സുഹൃത്തായ വേണുവുമാണ് (മധു). വേണു വിജയൻറെ സഹോദരി ഗീതയെ വിവാഹം കഴിക്കാം എന്ന ഉറപ്പും നൽകുന്നു.
ഇനിയും ഇവിടെ നിന്നാൽ രക്ഷപ്പെടില്ല എന്നതിനാൽ, ശങ്കരപ്പിള്ള വിജയനെയും കൂട്ടി വിജയൻറെ അച്ഛൻ പണ്ട് സഹായിച്ച ഒരു വ്യക്തിയെക്കണ്ടു അദ്ദേഹത്തിൽ നിന്നും വല്ല സഹായവും കിട്ടാൻ വഴിയുണ്ടോ എന്ന് ശ്രമിക്കുന്നു, കാരണം ഇന്നദ്ദേഹം സമൂഹത്തിൽ വിലയും, നിലയുമുള്ള ഒരു മനുഷ്യനാണ്. അദ്ദേഹം ധനമായി സഹായമൊന്നും ചെയ്യുന്നില്ലെങ്കിലും, മദ്രാസിൽ അദ്ദേഹത്തിന് പരിചയമുള്ള ഒരു വ്യക്തിയെ ചെന്ന് കാണാനുള്ള ഒരു ശുപാർശ പത്രം ഏൽപ്പിക്കുന്നു - അവിടെ അവർക്കു ഉന്നതങ്ങളിൽ നല്ല പിടിപാടുള്ളതിനാൽ വിജയനെ സഹായിക്കണം എന്നഭ്യർത്ഥിച്ചുകൊണ്ടുള്ള കത്ത് നൽകുന്നു. മദ്രാസിലേക്കുള്ള യാത്രാക്കൂലിക്കും, മറ്റു ചെലവിനുമുള്ള പണം നൽകി സഹായിക്കുന്നത് ശാരദയാണ്. അവനു സമ്മാനിക്കാൻ വേണ്ടി കരുതിയിരുന്ന കുറച്ചു പണവും, അവൾ അണിഞ്ഞിരുന്ന ഏകസ്വർണാഭരണമായ മൂക്കുത്തി വിറ്റ കാശും ചേർത്ത് വിജയന് നൽകി ആശംസകളും ആത്മധൈര്യവും പകർന്ന് ശാരദ യാത്രയാക്കുന്നു.
ശുപാർശ കത്തുമായി വിജയൻ മദ്രാസിലെ ആ പ്രമുഖ വ്യക്തിയെ കാണാൻ ചെല്ലുമ്പോൾ അവർ ആ വീട് വിറ്റു പോയതായി അറിയുന്നു. അവിടുത്തെ പുതിയ താമസക്കാരായ എസ്.ആർ.മേനോനും (അടൂർ ഭാസി), ഭാര്യ നിർമ്മല മേനോനും (ടി.ആർ.ഓമന), മകൾ സുനന്ദയും (ജയഭാരതി) ആദ്യം അൽപ്പം നീരസത്തോടെ പെരുമാറുന്നുവെങ്കിലും, വിജയൻ ഒരു ഗായകനാണെന്നും പ്രശസ്തനായ രാഘവ പണിക്കരുടെ മകനാണെന്നും അറിയുന്നതോടെ മട്ടും ഭാവവും മാറുന്നു. വിജയൻ തിരക്കി വന്ന വ്യക്തിയെ ഇനി അന്വേഷിച്ചു പോകേണ്ടെന്നും, വിജയനെ സിനിമാ രംഗത്ത് അറിയപ്പെടുന്ന ഒരു ഗായകനാക്കി മാറ്റുന്ന കാര്യം തന്റേതാണെന്നു നിർമ്മല മേനോൻ പറയുന്നു. അവർക്കു സിനിമാരംഗത്ത് നല്ല പിടിപാടാണ്. പുതിയ കലാകാരന്മാരെ പ്രൊമോട്ട് ചെയ്ത്, അവരെ ചൂഷണം ചെയ്തു ജീവിക്കുന്നതാണ് അവരുടെ തൊഴിൽ. കെ.ആർ.മേനോൻ ഭാര്യയുടെ ചൊല്പടിക്ക് നിൽക്കുന്ന ഭർത്താവ് ആണ്. അദ്ദേഹത്തിന് ആ വീട്ടിൽ യാതൊരു വിലയും ഇല്ല.
അവർ വാഗ്ദാനം ചെയ്തത് പോലെ വിജയൻ ഒരൊറ്റ രാത്രി കൊണ്ട് പ്രശസ്തനാവുന്നു. വിജയൻറെ ഗാനമില്ലാത്ത ഒരു സിനിമാ പോലും സങ്കല്പിക്കാനേ കഴിയില്ല എന്ന സ്ഥിതിയിലെത്തുന്നു. വിജയന് നിന്ന് തിരിയാൻ പോലും നേരമില്ലാത്തത്ര തിരക്കേറുന്നു. അന്നേരം നിർമ്മല മേനോൻ തന്റെ അടുത്ത കരുക്കൾ നീക്കുന്നു. തന്റെ മകൾ സുനന്ദയെ വിജയന് വിവാഹം ചെയ്തു കൊടുക്കാനുള്ള നീക്കങ്ങൾ തുടങ്ങുന്നു. വിജയനും ശാരദയും തമ്മിലുള്ള പ്രേമം നേരത്തെ മണത്തറിയുന്ന അവർ, ശാരദ വിജയന് അയക്കുന്ന എല്ലാ കത്തുകളും വിജയന്റെ കൈയ്യിൽ എത്തിക്കാതെ കീറിക്കളയുന്നു. ഒരു ദിവസം അവർ വിജയനോട് തൻ്റെ മകളെ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നു. വിജയന് അതിൽ വിസമ്മതമാണെങ്കിലും വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. കാരണം, അവൻ അറിയപ്പെടുന്ന ഒരു ഗായകനായി ഉയർന്നു നിൽക്കുന്നത് അവരുടെ ഔദാര്യം കൊണ്ടാണല്ലോ. കൂടാതെ അവനിപ്പോൾ അവരുടെ കൈയ്യിലെ ഒരു കളിപ്പാവ കൂടിയാണ്. അയച്ച കത്തുകൾക്ക് വിജയനിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തതിനാൽ ശാരദ ആകെ വിഷമത്തിലാവുന്നു.
വിജയന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിക്കുന്ന നിർമ്മല മേനോൻ, വിജയൻറെ അമ്മയെയും, പെങ്ങളെയും അവനറിയാതെ കമ്പിയടിച്ചു മദ്രാസിലേക്ക് വരുത്തുന്നു. മകൻ ശാരദയെ തഴഞ്ഞ് മറ്റൊരുവളെ വിവാഹം കഴിക്കാൻ പോകുന്നുവെന്നറിയുന്ന അവർ ആകെ തളർന്നു പോവുന്നു. പക്ഷെ അവർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അവരുടെ വാക്കുകൾക്കും, എതിർപ്പുകൾക്കും യാതൊരു വിലയും ഇല്ലെന്നും, അവർ കൂട്ടിലടക്കപ്പെട്ട പക്ഷികളാണെന്നുമുള്ള സത്യം അവർ മനസ്സിലാക്കുന്നു. നിർമ്മല മേനോൻ നിശ്ചയിച്ചപോലെ വിജയന്റെയും, സുനന്ദയുടെയും തമ്മിലുള്ള വിവാഹം നടക്കുന്നു.
വിജയൻറെ അമ്മയും, പെങ്ങളും മദ്രാസിലേക്ക് പോയതിൽ പിന്നെ യാതൊരു വിവരവും അറിയാത്തത് കൊണ്ടും വിജയനിൽ നിന്നും യാതൊരു പ്രതികരണവും വരാത്തത് കൊണ്ടും ദുഃഖ സാഗരത്തിൽ വീണു കിടക്കുന്നു ശാരദ. കൂനിന്മേൽ കുരുവെന്ന പോലെ വിജയനെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും. ഇവയെല്ലാം കാണുന്ന വേണു ഒരു തീരുമാനത്തിലെത്തുന്നു. മദ്രാസിൽ ചെന്ന് വിജയനെ നേരിൽക്കണ്ട് വിവരങ്ങൾ അറിയുക. അങ്ങനെ വേണു വിജയൻറെ വീട്ടിൽ എത്തുന്നു. വേണുവിന് വിജയനെ കാണാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, സുനന്ദ അയാളെ അപമാനിച്ചയയ്ക്കുകയും ചെയ്യുന്നു. ഒപ്പം, വിജയൻറെ അമ്മയും, പെങ്ങളും അവിടെ അനുഭവിക്കുന്ന ദുരിതവും വേണു കാണാനിടയാകുന്നു. വിജയൻറെ പെങ്ങൾ ഗീത വേണുവിനോട് എല്ലാറ്റിനും മാപ്പു ചോദിക്കുകയും, തന്നെ കൈവെടിയരുതെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
വേണു ശാരദയെ കത്തിലൂടെ മദ്രാസിൽ നടന്ന സംഭവങ്ങൾ അറിയിക്കുന്നു, വിജയൻ വിവാഹിതനായ കാര്യമടക്കം. അതിൽ വിശ്വാസം വരാത്ത ശാരദ അച്ഛനെയും കൂട്ടി വിജയനെ കാണാനായി മദ്രാസിലെത്തുന്നു. അവർക്കും വിജയനെ കാണാൻ കഴിയുന്നില്ലെന്ന് മാത്രമല്ല വേണുവിന് ഏർപ്പെട്ട അതേ അപമാനം അവരും നേരിടുന്നു. തങ്ങൾ ചതിക്കപ്പെട്ടതറിഞ്ഞ ശാരദയുടെ അച്ഛൻ ആ ആഘാതം താങ്ങാനാവാതെ റോഡിൽ കുഴഞ്ഞു വീഴുന്നു. നിരാലംബരായ അവർക്കു സഹായ ഹസ്തം നീട്ടി സ്വന്തം വീട്ടിൽ ആശ്രയം നൽകുന്നത് ധനികനായ കെ.ആർ. ദാസാണ് (ജോസ്പ്രകാശ്). പണ്ട് നിയമവിരുദ്ധമായ പല ജോലികളും ചെയ്തുകൊണ്ടിരുന്ന അദ്ദേഹം ഇന്ന് മദിരാശിയിൽ അറിയപ്പെടുന്ന ധനികരിൽ ഒരാളാണ്. ശാരദയുടെ അച്ഛന് ചികിത്സ നല്കുന്നുവെങ്കിലും, അത് പ്രയോജനപ്പെടാതെ അദ്ദേഹം മരിച്ചു പോവുന്നു. ഒറ്റുപ്പെട്ടുപോയ ശാരദയെ തന്റെ ജീവിതസഖിയാക്കാൻ കെ.ആർ. ദാസ് മുൻപോട്ടു വരുന്നു. തന്റെ ജീവിതത്തിനും അതാണ് സുരക്ഷിതത്വം എന്നറിയുന്ന ശാരദ അദ്ദേഹത്തെ വിവാഹം കഴിക്കുന്നു.
വിജയൻറെ അനിയത്തി ഗീതയെ തന്റെ കുരുത്തംകെട്ട മകന് (ബഹദൂർ) വിവാഹം കഴിച്ചുകൊടുക്കാം എന്ന നിർമ്മല മേനോന്റെ തീരുമാനത്തിന് വിജയൻ സമ്മതം മൂളുന്നു. ഇതറിയുന്ന ഗീത അവിടുന്ന് ഒളിച്ചോടി വേണുവിനെ വിവാഹം കഴിക്കുന്നു. അത് വിജയനും സുനന്ദയും തമ്മിലുള്ള അകൽച്ചക്ക് വഴിതെളിക്കുന്നു. വിജയൻറെ അമ്മയ്ക്കും അവിടെ ഒരു വിലയുമില്ലാത്തതു കാരണം അവരും ആ വീടുവിട്ടിറങ്ങുന്നു. ഉപജീവനത്തിനായി അവർ മദ്രാസിലെ അറിയപ്പെടുന്ന ഒരു സംവിധായകന്റെ വീട്ടിലെ പാചകക്കാരിയായി ജോലി ചെയ്യുന്നു.
വിജയനും, സുനന്ദയും തമ്മിലുള്ള അകൽച്ച കൂടിക്കൂടി വരുന്നു. തന്റെ വിഷമം മറക്കാൻ വിജയൻ ലഹരിക്ക് അടിമപ്പെടുന്നു. ആ സന്ദർഭത്തിൽ പുതിയൊരു ഗായകൻ താരാനാഥ് രംഗപ്രവേശം നടത്തുന്നു. സുനന്ദയും, നിർമ്മല മേനോനും വിജയനെ തഴഞ്ഞ് പുതിയ ഗായകനെ പ്രൊമോട്ട് ചെയ്യാൻ ഒരുമ്പെട്ടിറങ്ങുന്നു. വിജയന് അവസരങ്ങൾ കുറഞ്ഞു വരുന്നു. സദാ ലഹരിയിൽ മുഴുകി കിടക്കുന്ന വിജയൻ പാടിയ പല പാട്ടുകളും പുതിയ ഗായകനായ താരാനാഥിനെക്കൊണ്ട് റീടേക്ക് ചെയ്യപ്പെടുന്നു.