അൻവർ എം
തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറയിലാണ് അൻവറിന്റെ ജനനം. കുട്ടിയായിരുന്നപ്പോൾ വീട്ടിൽ പിതാവ് മൊയ്തീൻ കണ്ണിന്റെ നേതൃത്തത്തിൽ നടന്നിരുന്ന നാടക കാമ്പുകളായിരുന്നു അൻവറിലെ കലാകാരനെ വളർത്തിയത്. ആറാംക്ലാസിൽ പഠിയ്ക്കുമ്പോൾ ശങ്കരൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അൻവർ നാടകാഭിനയ രംഗത്ത് തുടക്കം കുറിച്ചു. ഈ നാടകത്തിന് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പുരസ്കാരം ലഭിച്ചിരുന്നു. അതിനുശേഷം നാടകാഭിനയം അദ്ദേഹം തുടർന്നുപോന്നു
അൻവർ അഭിനയിച്ച നാടകം കാണാനിടയായ സിനിമാസംവിധായകൻ പിജി വിശ്വംഭരൻ അദ്ദേഹത്തിന്റെ വക്കീൽ വാസുദേവ് എന്ന സിനിമയിൽ അൻവറിന് നല്ലൊരു വേഷം കൊടുത്തു. ഇതിനിടയിൽ അൻവറിന് കെ എസ് ആർ ടി സിയിൽ ജോലി ലഭിച്ചു.ഇതോടെ അഭിനയത്തിനുള്ള അവസരങ്ങൾ കുറഞ്ഞു. പിന്നീട് അൻവറിന് മോട്ടോർ വാഹന വകുപ്പിൽ ജോലിയായി. വാഹന പരിശോധനയിക്കിടെ പല സിനിമാപ്രവർത്തകരെയും കണ്ടൂമുട്ടിയത് സിനിമയിലേയ്ക്കുള്ള വഴിതുറക്കുന്നതിന് കാരണമായി. അതിനിടയിൽ പ്രിയദർശനുമായുണ്ടായ സൗഹൃദം അൻവറിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. പ്രിയദർശൻ ചിത്രങ്ങളായ ഗീതാഞ്ജലി, ആമയും മുയലും, ഒപ്പം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയിൽ അഭിനയിച്ചു. കൂടാതെ ദൃശ്യം, രാജാധിരാജ, ഫയർമാൻ എന്നിവയുൾപ്പെടെ മറ്റു സംവിധായകരുടെ സിനിമകളിലും അൻവർ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. കെ കെ രാജീവിന്റെ സീരിയലായ 'ഒരു പെണ്ണിന്റെ കഥയിലെ' അൻവറിന്റെ 'അളിയൻ' കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
അൻവറിന്റെ ഭാര്യ ലീന ബീവി. അൽത്താഫ്, അഫ്താബ്,അഷ്ഹാഖ് എന്നിവർ മക്കളാണ്.