മോനിഷ ഉണ്ണി
അഭിനേത്രി. കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയിൽ നാരായണൻ ഉണ്ണിയുടേയും ശ്രീദേവിയുടേയും മകളായി 1971ൽ ജനനം. അച്ഛൻ നാരായണൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ ബിസിനസ്സായിരുന്നതിനാൽ മോനിഷ വളർന്നതും പഠിച്ചതും ബാംഗ്ലൂരിലായിരുന്നു. ബാംഗ്ലൂർ സെന്റ് ചാൾസ് ഹൈസ്ക്കൂൾ, ബിഷപ്പ് കോട്ടൺ ഗേൾസ് സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ബാംഗ്ലൂരിലെ മൌണ്ട് കാർമ്മൽ കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദ പഠനം പൂർത്തിയാക്കി. നൃത്താദ്ധ്യാപിക കൂടിയായ അമ്മ ശ്രീദേവിയിൽ നിന്നാണ് മോനിഷ നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. ഒൻപതാം വയസ്സിൽ നൃത്തത്തിൽ അരങ്ങേറ്റം നടത്തി.
മോനിഷയുടെ കുടുംബ സുഹൃത്തായ പ്രസിദ്ധ തിരക്കഥാകൃത്തും നോവലിസ്റ്റും സംവിധായകനുമായ ശ്രീ എം. ടി വാസുദേവൻ നായരാണ് മോനിഷയെ സിനിമാലോകത്തേക്ക് കൊണ്ടുവരുന്നത്. എം. ടി തിരക്കഥയും ഹരിഹരൻ സംവിധാനവും നിർവ്വഹിച്ച ‘നഖക്ഷതങ്ങൾ” എന്ന സിനിമയിലെ ഗൌരി എന്ന കഥാപാത്രം മോനിഷയുടെ ആദ്യ നായികാ വേഷമായി; ആദ്യത്തെ അഭിനയത്തിനു മികച്ച നടികുള്ള ദേശീയ അവാർഡും നേടി. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന വിശേഷണത്തിനും ഈ ചിത്രത്തിലൂടെ മോനിഷ അർഹയായി.
തുടർന്ന് പെരുന്തച്ചൻ, ഋതുഭേദം, കടവ്, കമലദളം, കുടൂംബസമേതം, വേനൽ കിനാവുകൾ അധിപൻ, ആര്യൻ തുടങ്ങി ഇരുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. അതോടോപ്പം തമിഴിൽ ‘പൂക്കൾ വിടുമിതൾ (നഖക്ഷതങ്ങളൂടെ റീമേക്ക്), ഉന്നേ നിനച്ചേൻ പാട്ടു പഠിച്ചേൻ, ദ്രാവിഡൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ‘ചിരഞ്ജീവി സുധാകര’ (1988)എന്ന കന്നട ചിത്രത്തിലും നായികയായി.
മലയാളത്തിലെ ‘ചെപ്പടി വിദ്യ’യാണ് മോനിഷയുടേ അവസാന ചിത്രം. 1992 ഡിസംബർ 5 നു ആലപ്പുഴ ചേർത്തലയിൽ വെച്ച് ഒരു കാറപകടത്തിൽ മോനിഷ കലാലോകത്തെ വിട്ടുപിരിഞ്ഞു.