പാർവതി ടി
ടി വി ചാനൽ അവതാരക, നാടകപ്രവർത്തക, എഴുത്തുകാരി, നടി, മനുഷ്യാവകാശ പ്രവർത്തക എന്നീ മേഖലകളിൽ അറിയപ്പെടുന്ന പാർവതി സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയ വ്യക്തിയാണ്. ഒരു സൈക്കോളജിസ്റ്റായി പ്രവർത്തിച്ച് വരുന്നതിനിടെ ആണ് ടെലിവിഷൻ രംഗത്തെ അവതാരകയായി പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങിയ ചാനലുകളിൽ പ്രോഗ്രാമുകളും ഇന്റർവ്യൂകളുമൊക്കെ അവതരിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ പാർവതി , ഓൾ സെയിന്റ്സ് കോളേജ്, വിമൻസ് കോളേജ് , കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് തുടങ്ങിയ സ്ഥലങ്ങളിലാണ് യഥാക്രമം പ്രീഡിഗ്രിയും, ബിരുദവും ബിരുദാനന്തരബിരുദവും എംഫിലുമൊക്കെ പൂർത്തിയാക്കിയത്. തിരുവനന്തപുരം ലോ അക്കാദമിയിലും പഠിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്ന സമയത്ത് അക്കാലത്തെ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വി.സതീശനെ വിവാഹം കഴിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത “ടൈം” എന്ന ചിത്രത്തിൽ ഒരു ആക്റ്റിവിസ്റ്റിന്റെ വേഷമിട്ടു കൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്. നീലത്താമരയിലെ “സീനിയർ കുഞ്ഞിമാളു” എന്ന കഥാപാത്രം ശ്രദ്ധേയമായി. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ടു. നാടകപ്രവർത്തകരായ രഘുത്തമൻ, ജ്യോതിഷ് എന്നിവർ പാർവതിയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ജ്യോതിഷിന്റെ “സാഗരകന്യക” എന്ന നാടകത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് വേഷമവതരിപ്പിച്ചു. തിരുവനന്തപുരത്തെ അഭിനയ തിയറ്റർ റിസേർച്ച് സെന്ററിലെ നാടകങ്ങളിൽ അഭിനയിക്കുന്ന പാർവതി "ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്" എന്ന നാടകത്തിന്റെ രചനയും നിർവ്വഹിച്ചിരുന്നു.
വിവര അവലംബങ്ങൾ.