ഒ എൻ വി കുറുപ്പ്

O N V Kurup
Date of Birth: 
Wednesday, 27 May, 1931
Date of Death: 
Saturday, 13 February, 2016
ഒ എൻ വി
ഒഎൻവി കുറുപ്പ്
ONV Kurup
എഴുതിയ ഗാനങ്ങൾ: 1,355
ആലപിച്ച ഗാനങ്ങൾ: 1
കഥ: 1

ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം കത്തിജ്വലിച്ച പ്രതിഭയാണ് ഒഎന്‍വി കുറുപ്പ്.

ഒ എൻ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മെയ് 27 നു ചവറയിലെ ഒറ്റപ്പിലാവിലാവിലാണ് ഒറ്റപ്ലാക്കിൽ നമ്പ്യാടിക്കൽ നീലകണ്ഠൻ വേലുക്കുറുപ്പെന്ന ശ്രീ ഒ എൻവിക്കുറുപ്പിന്റെ ജനനം. മലയാളം ബിരുദാനന്തര ബിരുദ ധാരിയായ അദ്ദേഹം പ്രൊഫസ്സറും ഗവണ്മെന്റ് കൊളീജിയറ്റ് എഡ്യൂക്കേഷന്റെ മലയാള ബിരുദാനന്തര വിഭാഗത്തിന്റെ തലവനുമായി ഔദ്യോഗിക മേഖലയില്‍ നിന്നും വിരമിച്ചു.

കോളേജ് വിദ്യാര്‍ഥി ആയിരിക്കെ സംഗീത സംവിധായകന്‍ ജി ദേവരാജനെ പരിച്ചയപെട്ടത്‌ ഒ എന്‍ വി യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ജീവനാഡി ആയിരുന്ന കെ പി എ സി നാടകങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുക്കിയ പൊന്നരിവാളമ്പിലിയിൽ, മാരിവില്ലിന്‍, അമ്പിളി അമ്മാവാ തുടങ്ങിയ ഗാനങ്ങള്‍ വലിയ ജനപ്രീതി ആണ് നേടിയത്. ഇത് ഈ കൂടുകെട്ട് ഒരുമിച്ചു തന്നെ സിനിമയിലും അരങ്ങേറുന്നതിനു കാരണമായി. കാലം മാറുന്നു എന്ന ചിത്രത്തിലെ ആ മലര്‍പൊയ്കയില്‍ എന്ന ഗാനവുമായി 1955 ല്‍ ചലച്ചിത്ര ഗാന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിനു അധ്യാപക ജോലിയുടെ തിരക്കുകള്‍ മൂലം അടുത്ത രണ്ട് പതിറ്റാണ്ട് ഒരുപാട് സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ല. എഴുപതുകളുടെ പകുതിയോടെ വയലാറിന്റെ വിയോഗവും ഒപ്പം പുതുതലമുറ സംവിധായകരുടെ മാറിയ സംഗീതാഭിരുചികളും ഒഎന്‍വിയെ മുന്‍നിരയില്‍ എത്തിച്ചു. തുടര്‍ന്നു ഒന്നര ദശകം ഒഎന്‍വി എണ്ണമറ്റ ഹിറ്റ് ഗാനങ്ങള്‍ക്ക് വേണ്ടി കാവ്യഭംഗിയുള്ള വരികള്‍ എഴുതി. 1990കളോടെ സിനിമകളുടെ എണ്ണം കുറഞ്ഞു എങ്കിലും മികച്ച ഗാനങ്ങള്‍ക്ക് മരണം വരെയും ആ തൂലിക ചലിച്ചിരുന്നു. ദേവരാജന്‍, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, സലീല്‍ ചൗധരി, ജോണ്‍സണ്‍ എന്നീ സംഗീത സംവിധായകരുടെ കൂടെയാണ് അദ്ദേഹം കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. 14 അവാര്‍ഡുകളോടെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്ക്കാരം ഏറ്റവും കൂടുതല്‍ നേടിയ റെകോര്‍ഡിന് ഉടമയായ ഓഎന്‍ വിയെ തേടി വൈശാലി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് 1988ലെ ദേശീയ പുരസ്ക്കാരവും എത്തി.

21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒ എന്‍ വി ക്കു നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2007ല്‍ സാഹിത്യത്തിലെ പരമോന്നത ഇന്ത്യൻ പുരസ്കാരമായ ജ്ഞാനപീഠം, 1972 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982 ലെ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 1982 ലെ വയലാര്‍ അവാര്‍ഡ്, 1989 ലെ ആശാന്‍ പ്രൈസ് എന്നിവ ഇതില്‍ ഉല്‍പ്പെടുന്നു. 1998ല്‍ പദ്മശ്രീ, 2011ല്‍ പദ്മവിഭൂഷന്‍ എന്നീ സിവില്യന്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഫെബ്രുവരി 13, 2016ൽ തന്റെ 84ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.