ജിജോയ് രാജഗോപാലൻ
തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ജിജോയ് തൃശ്ശൂരെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബാച്ചിലർ ബിരുദം നേടി. തുടർന്ന് പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് “ഡ്രാമ & തിയറ്റർ ആർട്സിൽ “ ഒന്നാം റാങ്കിൽ വിജയിച്ച് ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മാസ്റ്റർ ഓഫ് ആർട്സ് & ഫിലോസഫിയിലായിരുന്നു ഈ നേട്ടങ്ങൾ. ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ ജിജോയ് ചെമ്പൈ സംഗീതോത്സവത്തിൽ നാല് വർഷത്തോളം കർണാടക സംഗീത കച്ചേരി അവതരിപ്പിച്ച പ്രതിഭ കൂടിയാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോളിന്റെ “ദ ബീസ്റ്റ്” എന്ന ചിത്രത്തിലെ നായകവേഷം, സജീവൻ അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കൾ, ബെസ്റ്റ് ആക്ടറിൽ മമ്മൂട്ടിക്കൊപ്പമുള്ള വേഷം, ദേശീയ അവാർഡ് ജേതാവായ എം പി സുകുമാരൻ നായരുടെ “ദൃഷ്ടാന്തത്തിലെ” നായകപ്രാധാന്യമുള്ള വേഷം എന്നിവ ഒക്കെ മികച്ചതാക്കാൻ ജിജോയ്ക്ക് കഴിഞ്ഞിരുന്നു.
കളരി, കരാട്ടെ തുടങ്ങിയ ആയോധന വിദ്യകളും കർണ്ണാട സംഗീതം,ഏകാംഗങ്ങൾ,മൈം എന്ന് തുടങ്ങി വ്യത്യസ്തമായ മേഖലകളിൽ കഴിവ് തെളിയിച്ച ജിജോയ് ഏറെ ശ്രദ്ധേയനാവുന്നത് തിയറ്റർ-നാടക പശ്ചാത്തലങ്ങളിലാണ്. വിദേശത്തും ഇന്ത്യയിലുമായി നിരവധി അന്തർദ്ദേശീയ തീയറ്റർ നാടകങ്ങൾ അവതരിപ്പിച്ചു. ആകാശവാണിയിലും ടെലിവിഷനുകളിലുമായി നിരവധി നാടകങ്ങളും ടെലിഫിലിമുകളിലും വേഷമിട്ടു. യൂണിവേഴ്സിറ്റി തലത്തിൽ ഏഴു പ്രാവശ്യത്തോളം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജിജോയ് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ പുതുമുഖ പ്രതിഭകൾക്കുള്ള (നാടകം) സ്കോളർഷിപ്പിനും കൾച്ചറൽ മിനിസ്ട്രിയുടെ ജൂനിയർ ഫെല്ലോഷിപ്പിനും അർഹനായിരുന്നു. അഭിനയത്തോടൊപ്പം നിലവിൽ എം ജി യൂണിവേഴ്സിറ്റിയിലെ റിസർച്ച് പഠനം നടത്തിയിരുന്ന ജിജോയ് നിലവിൽ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നു.
തമിഴിലെ സംവിധായകൻ ബ്രഹ്മ വഴി മെഗാസ്റ്റാർ സൂര്യയുടെതായി മൂന്ന് ഭാഷകളിലിറങ്ങിയ ജയ് ഭീം എന്ന സിനിമയിൽ അഭിനേതാക്കൾക്ക് പരിശീലനം നൽകാനായി ജിജോയെ ക്ഷണിക്കുകയും അതിലെ ശ്രദ്ധേയമായ ഒരു വേഷം അഭിനയിക്കുകയും ചെയ്തത് സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായിരുന്നു.