അനിൽ നെടുമങ്ങാട്
മലയാള ചലച്ചിത്ര നടൻ, ടെലിവിഷൻ അവതാരകൻ. 1972 മെയ് 30 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് അദ്ധ്യാപകനായിരുന്ന പീതാംബരൻ നായരുടെയും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എം ജി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടിയ അനിൽ തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി.
അനിൽ പി നെടുമങ്ങാടിന്റെ കരിയർ ആരംഭിയ്ക്കുന്നത് ടെലിവിഷൻ ചാനലുകളിൽ അവതാരകനായിക്കൊണ്ടാണ്.കൈരളി, ഏഷ്യാനെറ്റ്, ജെയ്ഹിന്ദ്, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിൽ വിവിധ പരിപാടികളുടെ അവതാരകനായിരുന്നിട്ടുണ്ട്. കൈരളിചാനലിലെ അവതാരകനായിരുന്നപ്പോൾ ചെയ്ത, സിനിമാ രംഗങ്ങൾ കോർത്തിണക്കിയുള്ള സ്റ്റാർവാർ എന്ന പ്രോഗ്രാം വളരെ ജനപ്രീതി നേടിയിരുന്നു. നാടക വേദികളിലും അനിൽ സജീവമായിരുന്നു. മാക്ബത്ത് ഉൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അനിൽ പി നെടുമങ്ങാടിന്റെ സിനിമയിലേയ്ക്കുള്ള ചുവടുവെപ്പ് 2014 ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു. 2016 ൽ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന സിനിമയിലെ വില്ലൻ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അനിൽ നെടുമങ്ങാട് അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക പ്രീതി നേടി. മുപ്പതിലധികം ചിത്രങ്ങളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
2020 ഡിസംബർ 25 നു തൊടുപുഴയിൽ മലങ്കര ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അനിൽ മുങ്ങിമരിക്കുക ആയിരുന്നു. ജോജു ജോർജ്ജ് നായകനായ 'പീസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അദ്ദേഹം തൊടുപുഴയിൽ എത്തിയത്.