ഒടുവിൽ ഉണ്ണിക്കൃഷ്ണൻ
സിനിമാനടൻ - ഹാസ്യത്തിലും സ്വഭാവവേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവച്ച നടൻ. 1944 ഫെബ്രുവരി പതിമൂന്നിന് തൃശ്ശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനനം.കുട്ടിക്കാലത്തിലേ സംഗീതത്തിൽ ആകൃഷ്ടനായിരുന്ന ഉണ്ണിക്കൃഷ്ണൻ കർണ്ണാടക സംഗീതവും, മൃദംഗവും ഒപ്പം തബലയും അഭ്യസിച്ചിരുന്നു.കലാമണ്ഡലം വാസുദേവപ്പണിക്കർ ആയിരുന്നു കർണ്ണാടക സംഗീതത്തിലെ ഗുരു.ഓർക്കസ്ട്രകളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയനായതോടെ കെ പി എ സി ,കേരള കലാവേദി എന്നീ നാടകട്രൂപ്പുകളിൽ തബലിസ്റ്റായി ജോലിക്കു ചേർന്നു.ഒപ്പം നാടകങ്ങളിലെ ചെറുവേഷങ്ങളിലും അഭിനയിച്ചു തുടങ്ങി.
നാടകാഭിനയം പിന്നീട് 1970തിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ദർശനം എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ കാരണമായി.തുടർന്ന് വിൻസെന്റിന്റെ ചെണ്ട,ഭരതന്റെ ഗുരുവായൂർ കേശവൻ,ഹരിഹരന്റെ ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ഹരിഹരന്റെയും സത്യൻ അന്തിക്കാടിന്റെയും ചിത്രങ്ങളിലൂടെ നിരവധി ജനപ്രീതി നേടിയ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ചു.അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്തിലെ "ആരാച്ചാർ" എന്ന കഥാപാത്രത്തിനു ദേശീയപ്രശംസയും അതോടൊപ്പം കേരളസംസ്ഥാന സർക്കാരിന്റെ മികച്ച നടൻ എന്ന അവാർഡും നേടി . തൂവൽക്കൊട്ടാരത്തിലെയും കഥാപുരുഷനിലെയും അഭിനയത്തിന് സംസ്ഥാനസർക്കാരിന്റെ മികച്ച സഹനടൻ എന്ന അവാർഡും കരസ്ഥമാക്കിയിരുന്നു.
ചെറുപ്പകാലത്ത് അഭ്യസിച്ച സംഗീതം ചില സംഗീതസംരംഭങ്ങളിലും ഒടുവിലിനെ പങ്കാളിയാക്കുവാൻ സഹായിച്ചിരുന്നു. " ഭരതേട്ടൻ വരുന്നു" എന്ന ചിത്രത്തിനു വേണ്ടിയാണു ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ചത്. ബിച്ചു തിരുമല എഴുതി ഒടുവിൽ ഉണ്ണിക്കൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിച്ച് "പരശുറാം എക്സ്പ്രെസ്" എന്ന ആൽബം 1984ൽ പുറത്തിറക്കി. രവി ഗുപ്തൻ സംവിധാനം ചെയ്ത "സർവ്വം സഹ" എന്ന സിനിമക്കും സംഗീതം നിർവ്വഹിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ചിത്രം പുറത്തെത്തിയിരുന്നില്ല.
കിഡ്നി തകരാറു മൂലം ചികിത്സയിലായിരുന്ന ഒടുവിൽ അവസാനമായി അഭിനയിച്ചത് സത്യൻ അന്തിക്കാടിന്റെ "രസതന്ത്രത്തിലായിരുന്നു". ചികിത്സയിലിരിക്കെ 2006 മേയ് 27ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു.
കുടുംബം : ഭാര്യ - പത്മജ, മക്കൾ - ശാലിനി,സൗമിനി.