ലക്ഷ്മി കൃഷ്ണമൂർത്തി
കോഴിക്കോട് ചാലപ്പുറത്ത് മുല്ലശ്ശേരി ഗോവിന്ദമേനോന്റേയും ചെങ്ങളത്ത് ദേവകിയമ്മയുടെയും മകളായി 1928 ൽ കോഴിക്കോട് ലക്ഷ്മി കൃഷ്ണ മൂർത്തി ജനിച്ചു.
നാടകം, കഥകളി, നൃത്തം തുടങ്ങി കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ലക്ഷ്മി മദ്രാസ് പ്രസിഡൻസ് കോളേജിൽ നിന്ന് ബിരുദം നേടി.
നേഴ്സാവാനായിരുന്നു ആഗ്രഹം എങ്കിലും വിട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ ആഗ്രഹം മാറ്റിവെച്ച അവർ 1950 ൽ കോഴിക്കോട് ആകാശവാണിയിൽ ചേർന്ന് ആർട്ടിസ്റ്റ് കം അനൗൺസർ എന്നീ പദവികളിൽ പ്രവർത്തനമാരംഭിച്ചു.
ആകാശവാണിയിലെ ഉദ്യോഗസ്ഥനായ കർണാടക സ്വദേശി കൃഷ്ണമൂർത്തിയെ വിവാഹം ചെയ്തതിന് ശേഷം ഡൽഹി ആകാശവാണി നിലയത്തിൽ വാർത്താവതാരികയായി പ്രവർത്തിച്ച ഇവർ ആ നിലയത്തിലെ പ്രഥമ മലയാളം ന്യൂസ് റീഡറാണ്. പിന്നീട് കുറച്ചുകാലം ചെന്നൈയിലും അമേരിക്കയിലും അദ്ധ്യാപികയായി ഇവർ ജോലി നോക്കി.
1970 ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സംസ്കാര എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഇവർ ചലചിത്ര രംഗത്തെത്തുന്നത്.
1986 ൽ പഞ്ചാഗ്നിയിലൂടെ ഗീതയുടെ അമ്മ വേഷം ചെയ്താണ് അവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവിയിലൂടെയും സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരത്തിലൂടെയുമെല്ലാം ശ്രദ്ദേയമായ കഥാപാത്രങ്ങളിലൂടെ ഇവർ നമ്മുടെ മുന്നിലെത്തി.
ഈ പുഴയും കടന്ന്, പട്ടാഭിഷേകം, വാസ്തുഹാര, കളിയൂഞ്ഞാൽ, തുടങ്ങി ഒരു പിടി നല്ല സിനിമകളുടെ ഭാഗമായ ലക്ഷ്മിയെ അനന്തഭദ്രം, മല്ലുസിംഗ് എന്നീ ചിത്രങ്ങളിലാണ് ഒരിടവേളക്ക് ശേഷം വീണ്ടും കണ്ടത്.
മുത്തശി കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഇവർ ഇരുപതോളം സിനിമകളിലും നിരവധി ടെലിസീരിയലിലും അഭിനയിച്ചിട്ടുണ്ട്.
2010 ൽ പുറത്തിറങ്ങിയ കേശുവിലാണ് അവസാനമായി അഭിനയിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തന്റെ 91 ആം വയസ്സിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2018 നവംബർ 10 ആം തിയതി ഇവർ അന്തരിച്ചു.