സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാത്തിരിയായ്..
താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
മുറിവേറ്റുവീണു പകലാംശലഭം..
അന്തിവാനിലൊരു കുങ്കുമസൂര്യൻ
ആർദ്രസാഗരം തിരയുന്നു..
ക്ലാവുമൂടുമൊരു ചേങ്കിലപോലെ
ചന്ദ്രബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കൽവിളക്കിൽ
കാർമുകിലിൻ കരിപടർന്നു..
പാടിവരും രാക്കിളിതൻ
പാട്ടുകളിൽ ശ്രുതിഇടഞ്ഞു...
(സാന്ദ്രമാം സന്ധ്യതൻ)
നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
ഹോമകുണ്ഡമായ് പുകയുമ്പോൾ..
പാതിമാഞ്ഞൊരു പ്രണയവസന്തം
ശാപവേനലിൽ പിടയുമ്പോൾ..
ഒരുമിഴിയിൽ താപവുമായ്
മറുമിഴിയിൽ ശോകവുമായ്..
കളിയരങ്ങിൽ തളർന്നിരിക്കും
തരളിതമാം കിളിമനസ്സേ...
(സാന്ദ്രമാം സന്ധ്യതൻ)