സുർജിത്ത്
1964 മെയ് 29 -ന് ഗോപിനാഥിന്റെയും സുമതിയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ആലപ്പാട്ട് ജനിച്ചു. ആലപ്പാട് ജി എൽ പി എസ്, എസ് എൻ എം എച്ച് എസ് പാഴൂർ, ജി എച്ച് എസ് പെരിങ്ങോട്ടുകര എന്നി വിദ്യാലയങ്ങളിലായിരുന്നു സുർജിത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം പ്രീഡിഗ്രി പ്രൈവറ്റായി പഠിച്ച സുർജിത്ത് തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും തിയ്യേറ്റർ ആർട്സിൽ ബിരുദവും, പോണ്ടിച്ചേരി സെന്റ്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിംഗ് ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി.
1984 - 85 ൽ ജോയ് മാത്യു സംവിധാനം ചെയ്ത "ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു" എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് സുർജിത്ത് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ജോൺ എബ്രഹാം, ജോയ് മാത്യു എന്നിവരായിരുന്നു സുർജിത്തിന്റെ ഗുരുക്കന്മാർ. അമ്മ അറിയാൻ എന്ന സിനിമയായിരുന്നു ആദ്യത്തേതെങ്കിലും സുർജിത്ത് ശ്രദ്ധിയ്ക്കപ്പെടുന്നത് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ്. തുടർന്ന് ഇയ്യോബിന്റെ പുസ്തകം, ചാർലി, ബിരിയാണി എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
1995 -ലായിരുന്നു സുർജിത്തിന്റെ വിവാഹം. സ്ക്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠിയായിരുന്ന ദിവ്യയെയാണ് സുർജിത്ത് വിവാഹം ചെയ്തത്. ചലച്ചിത്ര നടി കൂടിയായ ദിവ്യ ഇപ്പോൾ വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നു. രണ്ടു മക്കൾ ഉത്തര, ശ്രീമയൻ.