ശ്രീജ

Sreeja (actress)

മലയാള ചലച്ചിത്ര നടി. നാടക അഭിനേതാക്കളായിരുന്ന ശ്രീധരന്റെയും ഉഷയുടെയും മകളായി 1971 ഏപ്രിൽ 18-ന് തിരുവനന്തപുരത്ത് ജനിച്ചു. ശ്രീജയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം കാർത്തിക തിരുനാൾ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. തിരുവനന്തപുരം എൻ എസ് എസ് ആർട്ട്സ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ തന്റെ മാതാ പിതാക്കളോടൊപ്പം ശ്രീജ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

1982-ൽ നിധി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് സിനിമയിൽ ശ്രീജ തുടക്കം കുറിയ്ക്കുന്നത്. 1985-ൽ ഇറങ്ങിയ മുത്താരം കുന്ന് പി ഒ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച ശ്രീജ 1989-ൽ ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത അന്നക്കുട്ടീ കോടമ്പാക്കം വിളിയ്ക്കുന്നു എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. 1989-ൽ ചാണക്യൻ എന്ന ചിത്രത്തിൽ കമലഹാസന്റെ സഹോദരിയായി ശ്രീജ അഭിനയിച്ചു. അതിനുശേഷം 1990-ൽ മോഹൻ ലാലിന്റെ നായികയായി ഇന്ദ്രജാലം എന്ന സിനിമയിൽ ഒരു വേഷം ചെയ്തു. ഏതാണ്ട് ഇരുപത്തഞ്ചോളം മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീജ നായികയായി 1991-ൽ റിലീസ് ചെയ്ത തമിഴ് ചിത്രം ചേരൻ പാണ്ഡ്യൻ 150- ദിവസം തമിഴ്നാട്ടിൽ പ്രദർശിപ്പിച്ച് വൻ വിജയം നേടിയ ചിത്രമാണ്. 

1993-ലാണ് ശ്രീജ വിവാഹിതയാകുന്നത്. തന്റെകൂടെ അഭിനയിച്ച തമിഴ് നടൻ സന്താന പാണ്ട്യനെയാണ് ശ്രീജ വിവാഹം ചെയ്തത്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.