രാമൻകുട്ടി വാര്യർ

Ramankutty varrier
Date of Birth: 
ചൊവ്വ, 20 May, 1919
Date of Death: 
Friday, 26 January, 2018
കേരളശ്ശേരി അയിനാറി വാരിയത്ത് രാമൻകുട്ടി വാര്യർ

1919 മെയ്  20-ന്  പനങ്ങാട്ടിരി വാരിയത്ത് കൃഷ്ണൻകുട്ടി വാര്യരുടെയും  അയനാറി വാരിയത്ത് അമ്മു വാരസ്സ്യാരുടെയും മകനായി പാലക്കാട് ജില്ലയിലെ കേരളശ്ശേരിയിൽ അയനാറി വാര്യത്ത് ജനിച്ചു.  ഒന്നാം ക്ലാസും രണ്ടാം ക്ലാസും  കിഴക്കുംപുറം എൽ.പി സ്കൂൾ, പാലക്കാട് ജില്ല മൂന്നാം തരം മുതൽ  - ഹയർ എലിമെന്ററി സ്കൂൾ കേരളശ്ശേരി ( ഇന്നത്തെ കേരളശ്ശേരി എ . യു. പി സ്കൂൾ) എന്നിവിടങ്ങളിലായിരുന്നു രാമൻകുട്ടി വാര്യരുടെ വിദ്യാഭ്യാസം. ഓട്ടൻ തുള്ളൽ ആചാര്യൻ മാധവൻ നായരുടെ കീഴിൽ ഓട്ടൻ തുള്ളൽ പഠിച്ചിരുന്ന അദ്ദേഹം, ഓട്ടൻതുള്ളൽ അരങ്ങേറ്റം നടത്തിയത് : പന്ത്രണ്ടാം വയസ്സിൽ (1931) അയനാറി അയ്യപ്പ ക്ഷേത്രത്തിൽ വെച്ചായിരുന്നു, കഥ : അന്തകവധം (മാർക്കണ്ഡേയ പുരാണം).

കുട്ടിക്കാലത്ത് പാലക്കാട് ജില്ലയിലെ അയനാറി അയ്യപ്പക്ഷേത്രം, കൂട്ടാല ഭഗവതി ക്ഷേത്രം , ചേരാപുരം ശിവ ക്ഷേത്രം എന്നിവിടങ്ങളിൽ രാമൻകുട്ടി വാര്യർ കഴകം അനുഷ്ഠിച്ചിട്ടുണ്ട്. വാര്യർ സമുദായം ക്ഷേത്രങ്ങളിൽ ചെയ്യുന്ന മാലകെട്ടൽ മുതലായ പ്രവർത്തികളെ കഴകം എന്നാണ് വിളിക്കുന്നത്. കാടാമ്പുഴ, ഗുരുവായൂർ, ശബരിമല തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളിൽ രാമൻകുട്ടി വാര്യർ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം പ്രമേയമാക്കി 'സ്മാരകം' തുള്ളൽ രചിച്ചു. 'സ്മാരകം' കൃതിക്ക് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി പ്രശംസാ പത്രം നൽകിയിരുന്നു. കേരള സർക്കാരുമായി ചേർന്ന് സാക്ഷരത, കുടുംബാസൂത്രണം, മദ്യവർജ്ജനം , സ്ത്രീധനം തുടങ്ങി വിഷയങ്ങളിൽ തുള്ളൽ രചിച്ച് കേരളമൊട്ടുക്ക് അവതരിപ്പിച്ചു. മണികണ്ഠ വിജയം തുള്ളൽ രചിച്ച് ശബരിമലയിൽ അവതരിപ്പിച്ചു.1957 മുതൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്നും നാടൻ പാട്ടുകൾ അവതരിപ്പിച്ചിരുന്നു. ആകാശവാണി തൃശൂർ നിലയത്തിൽ സ്ഥിരം ഓട്ടൻതുള്ളൽ അവതാരകനുമായിരുന്നു. തമിഴ്‌നാട്ടിൽ കാമാക്ഷിയമ്മൻ എന്ന ടൂറിങ് സിനിമാ ടാക്കീസിലെ (സർക്കസ് കൂടാരം പോലെ പല പല സ്ഥലങ്ങളിൽ കൂടാരം കെട്ടി സിനിമ പ്രദർശിപ്പിക്കുന്ന ശാല)  കാഷ്യർ ആയി സേവനവുമനുഷ്ഠിച്ചിട്ടുണ്ട്

1982 -ൽ ശ്രീകുമാരൻ തമ്പിയുടെ ഗാനം എന്ന ചിത്രത്തിൽ സംഭാഷണമില്ലാത്ത ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ടാണ് രാമൻകുട്ടി വാര്യർ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ഓട്ടൻതുള്ളൽ ആചാര്യൻ എന്ന നിലയിലെ പ്രശസ്തി, സിനിമാ മേഖലയിലുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ, ലോഹിതദാസ്, സുന്ദർദാസ് എന്നിവരോടുള്ള വ്യക്തി പരിചയം എന്നിവ മൂലമായിരുന്നു അത്. ഒടുവിൽ ഉണ്ണികൃഷ്ണനാണ് സുകൃതം സിനിമയിലേക്ക് രാമൻകുട്ടി വാര്യരെ പരിചയപ്പെടുത്തുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് നാടൻ ചികിത്സ നിർദേശിക്കുന്ന വൈദ്യരായി സുകൃതത്തിൽ രാമൻകുട്ടി വാര്യർ അഭിനയിച്ചു. തുടർന്ന് സല്ലാപം,തൂവൽക്കൊട്ടാരം, സിന്ദൂരരേഖ, ഈ പുഴയും കടന്ന്, ബാലേട്ടൻ എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിലെ ശ്രീ അയ്യപ്പൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

1.രാമൻകുട്ടി വാര്യരും കേരളശ്ശേരി ഹൈ സ്കൂൾ അധ്യാപകനായിരുന്ന ഇ. പദ്മനാഭൻ നമ്പ്യാരും, കേരളശ്ശേരി കേശവപ്പണിക്കരും ചേർന്ന് രൂപം നൽകിയ യങ് മെൻസ് ക്ലബ്ബ്  അവതരിപ്പിച്ച 'സ്ത്രീധനം' എന്ന നാടകത്തിൽ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചതിന് ജില്ലാ നാടൻ കലാമേളയിൽ  അവാർഡ് ലഭിച്ചു.
2. 1946 ൽ  മലയാളം വിദ്വാൻ പരീക്ഷ വിജയിച്ചു.
3. 1992 ൽ കുഞ്ചൻ സ്മാരക അവാർഡ്.
4. 2001 കലാദർപ്പണം അവാർഡ് പദ്മ വിഭൂഷൺ ശ്രീ കെ. ജെ. യേശുദാസിൽ നിന്ന് ഏറ്റുവാങ്ങി
5. 2003 - നൈപുണ്യ പുരസ്‌കാരം ലഭിച്ചു.

1944 -ൽ അയിരുന്നു രാമൻകുട്ടി വാര്യരുടെ വിവാഹം. ഭാര്യ മാധവിക്കുട്ടി വാരസ്യാർ. 
മക്കൾ സരസ്വതി (റിട്ട. ടീച്ചർ), ബാലകൃഷ്ണൻ (റിട്ട. ടീച്ചർ), ഗൗരി (റിട്ട. ടീച്ചർ ), നളിനി, ലീല, പ്രഭാവതി (റിട്ട. ടീച്ചർ )

രാമൻ കുട്ടി വാര്യരുടെ ഓട്ടൻതുള്ളൽ സംഘത്തിൽ ഉൾപ്പെട്ടവരും അദ്ദേഹത്തിന്റെ ശിഷ്യരോ മക്കളോ ഒക്കെയായിരുന്നു. കോങ്ങാട് കുമാരൻ നായർ (ശിഷ്യൻ, തുള്ളൽ, പിൻപാട്ട് ) , ബാലകൃഷ്ണൻ (മകൻ, മൃദംഗം), പ്രഭാവതി (മകൾ, തുള്ളൽ), രാഘവവാരിയർ (സഹോദരൻ, പിൻ  പാട്ട് ) എന്നിവരാണത്.

വിലാസം : കൈലാസമന്ദിരം, കേരളശ്ശേരി പാലക്കാട്. 

2018 ജനുവരി 26 -ന് അദ്ദേഹം നിര്യാതനായി.