ഏറ്റുമാനൂർ സോമദാസൻ
എസ് മാധവൻ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ഏറ്റുമാനൂരിലെ കുറുക്കൻ കുന്നേൽ തറവാട്ടിൽ സോമദാസൻ ജനിച്ചു. എം. സോമദാസൻ പിള്ള എന്ന ആദ്യകാല നാമം മാറ്റി ഏറ്റുമാനൂർ സോമദാസൻ എന്ന പേര് സ്വീകരിച്ച ഇദ്ധേഹം 1959 മുതൽ 64 -വരെ കമ്പിത്തപാൽ വകുപ്പിലെ ജോലിക്ക് ശേഷം 1966 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു. 91 -ൽ പെരുന്ന എൻ.എസ്.എസ് കോളേജിൽ നിന്ന് വിരമിച്ച ഇദ്ദേഹം 1991 മുതൽ 2009 വരെ പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു.
ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുള്ള സോമദാസൻ 1958 -ൽ പി.ആർ ചന്ദ്രന്റെ 'പുകയുന്ന തീമലകൾ' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങൾ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കുവേണ്ടിയും ഗാനങ്ങൾ എഴുതിയീട്ടുണ്ട്. 1967 -ൽ അടൂർ ഗോപാലകൃഷ്ണന്റെ കാമുകി എന്ന ചിത്രത്തിനു വേണ്ടി 'ശിവൻശശി' എന്ന പേരിൽ നാലു ഗാനങ്ങൾ എഴുതിയെങ്കിലും ഈ ചിത്രം റിലീസ് ആകാത്തതിനാൽ 1978 -ൽ റിലീസായ തീരങ്ങൾ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. എന്നാൽ 1975 -ൽ ഇറങ്ങിയ അക്കൽദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. തുടർന്ന് മൂന്ന് സിനിമകൾക്ക് കൂടി പാട്ടുകൾ എഴുതി. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം, അല്ലിമലർക്കാവ് എന്നീ ചിത്രങ്ങൾക്കും ഇദ്ദേഹം പാട്ടുകൾ എഴുതി.
പടവാളില്ലാത്ത കവി (കവിത), സഖി, നീയെന്റെ കരളാ (നോവൽ), അതിജീവനം (നോവൽ), രാമരാജ്യം (കവിത), ഡീവർ എന്ന കർമ്മധീരൻ (പി.കെ. ഡീവർ ജീവചരിത്രം.) എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവൻ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂർ കവിതാ അവാർഡ്, ഉള്ളൂർ സ്മാരക പുരസ്‌കാരം, പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം എന്നിങ്ങനെയുള്ള പ്രധാന പുരസ്‌കാരങ്ങൾ ഏറ്റുമാനൂർ സോമദാസന് ലഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ സോമദാസന്റെ ഭാര്യ തുളസി ഭായ്. എസ്. കവിത. ഡോക്റ്റർ പ്രതിഭ എന്നിവരാണ് മക്കൾ. 2011 -ൽ അദ്ധേഹം അന്തരിച്ചു.