വി കെ ശശിധരൻ

V K Sasidharan
Date of Death: 
Wednesday, 6 October, 2021
സംഗീതം നല്കിയ ഗാനങ്ങൾ: 6

1938 -ൽ എറണാംകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു.സി കോളജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. 30 വർഷം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ അധ്യാപകനായിരുന്നു. പിന്നീട് വകുപ്പ് മേധാവിയായി വിരമിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത് കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, 1977-78 വര്‍ഷങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിദ്ധീകരണ സമിതി കൺവീനർ, ബാലവേദി കൺവീനർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രാവബോധം വളർത്തുന്ന ഗാനങ്ങൾ ജനകീയമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ബർതോൽത് ബ്രഹത്, ഡോ. എം.പി പരമേശ്വരൻ, മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി നിരവധി പേരുടെ രചനകൾ സംഗീത ശിൽപങ്ങളായും സംഘഗാനങ്ങളായും ശശിധരന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു. പരിഷത്ത് ബാലവേദികളിൽ ഒഴിച്ചുകൂടാനാവാത്തതായിരുന്നു ശശിധരന്റെ ഗാനാലാപനം. സംഗീതത്തെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയായിരുന്നു വി.കെ.എസ്. എന്നറിയപ്പെട്ടിരുന്ന ശശിധരൻ.

ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട്. 1967 -ൽ അടൂർ ഗോപാലകൃഷ്ണന്റെ കാമുകി എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾക്ക്  'ശിവൻ ശശി' എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു സംഗീത സംവിധാനം നിർവഹിച്ചുകൊണ്ട് ചലച്ചിത്രഗാന രംഗത്തും ശശിധരൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കാമുകി റിലീസാകാത്തതുകൊണ്ട് അതിലെ രണ്ടു ഗാനങ്ങൾ പിന്നീട് രാജീവ് നാഥ് സംവിധാനം ചെയ്ത തീരങ്ങൾ എന്ന സിനിമയിൽ ഉൾപ്പെടുത്തി.

2021 ഒക്റ്റോബർ 6 -ന് വി കെ ശശിധരൻ അന്തരിച്ചു.