യൂസഫലി കേച്ചേരി
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നിർമാതാവ്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ യൂസഫലി കേച്ചേരി 1934 മേയ് 16 ആം തിയതി ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടിയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ജനിച്ചു.
മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനം കാരണമാണ് യൂസഫലി സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. ഇദ്ദേഹത്തിന്റെ ആദ്യ കവിതയായ 'കൃതാര്‍ത്ഥന്‍ ഞാന്‍' 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു.
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി.എ. എടുത്ത അദ്ദേഹം ബി.എല്‍ ചെയ്തശേഷം വക്കീലായി എറെ കാലം ജോലിചെയ്തിട്ടുണ്ട്.
1962 ല്‍ രാമു കാര്യാട്ട് സംവിധാനം നിർവഹിച്ച മൂടുപടം എന്ന ചിത്രത്തിൽ ഗാനങ്ങള്‍ രചിച്ച് ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തുടർന്ന് 200 ലധികം മലയാള സിനിമകൾക്ക് ഗാനരചന നിർവഹിച്ചു.
പ്രശസ്ത സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയിൽനിന്ന് സംസ്‌കൃതം പഠിച്ച ഇദ്ദേഹം സംസ്‌കൃതത്തില്‍ മുഴുനീള ഗാനങ്ങള്‍ എഴുതിയ ഒരേയൊരു ഇന്ത്യൻ കവിയാണ്.
നീലത്താമര, വനദേവത, മരം എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. 30 വർഷങ്ങൾക്ക് ശേഷം നീലത്താമര എന്ന ചിത്രം 2009 ല്‍ നീലത്താമര എന്ന പേരില്‍ തന്നെ ലാല്‍ജോസ് സംവിധാനം ചെയ്തു പുറത്തിറക്കിയിരുന്നു.
മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഇദ്ദേഹമാണ്. നീലത്താമര, വനദേവത, മരം, സിന്ദൂരച്ചെപ്പ് എന്നീ ചിത്രങ്ങളാണ് ഇദ്ദേഹം നിർമിച്ചത്.
സൈനബ, സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെ മതേതര ദര്‍ശനം, പേരറിയാത്ത നൊമ്പരം എന്നിവയാണ് പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാർഡ്, കവനകൗതുകം അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, രാമാശ്രമം അവാർഡ്, ചങ്ങമ്പുഴ അവാർഡ്, നാലപ്പാടൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്‌കാരങ്ങളാണ്.
വയലാർ, ഒ.എൻ.വി എന്നിവർക്ക് ശേഷം മികച്ച ഗാനരചനയ്ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിനു സമ്മാനിച്ചത് 2000 ല്‍ ഇദ്ദേഹം എഴുതിയ മഴ എന്ന ചിത്രത്തിലെ ഗാനങ്ങളായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹത്തെ 2013 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു.
അദ്ദേഹത്തിന്റെ ഭാര്യ ഖദീജയാണ്. ഇവർക്ക് അഞ്ചുമക്കളാണുള്ളത്. ശ്വാസകോശ അണുബാധ മൂലം 2015 മാര്‍ച്ച് 21 ആം തിയതി ഇദ്ദേഹം അന്തരിച്ചു.