രാജൻ പാടൂർ

Rajan Padoor

അയ്യപ്പന്റെയും ലക്ഷ്മിയുടെയും മകനായി കോഴിക്കോട് ജനിച്ച രാജൻ സ്കൂൾ കാലഘട്ടത്തിൽത്തന്നെ നാടകങ്ങളിൽ സജീവമായിരുന്നു. സുരാസുവിന്റെ് മ്യുസിക്കല്‍ തിയെറ്റേഴ്സ്, നെല്ലിക്കോട് ഭാസ്ക്കരന്റെ ചിത്ര തിയെറ്റേഴ്സ്, അക്ഷര തിയെറ്റേഴ്സ് തുടങ്ങിയ നാടകസമിതികളിലും രാജന്‍ പാടൂര്‍ സഹകരിച്ചിരുന്നു.നെല്ലിക്കോട് ഭാസ്ക്കരൻ, കുഞ്ഞാണ്ടി, പപ്പു, ബാലൻ കെ നായർ ഒക്കെ നാടകത്തിൽ സതീർത്ഥ്യരായിരുന്നു. നാടകം വഴി പരിചയപ്പെട്ട ബാലൻ കെ നായരുടെ ശുപാർശയിൽ വിൻസന്റ് സംവിധാനം ചെയ്ത വയനാടൻ തമ്പാനിലാണ് മലയാള സിനിമയിൽ ആദ്യമായി തുടക്കമിടുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.

ടി ദാമോദരൻ - ഐവി ശശി കൂട്ടുകെട്ടിന്റെ ചിത്രങ്ങളിൽ രാജന് സ്ഥിരം വേഷം കിട്ടി. സത്യൻ അന്തിക്കാടും ചെറിയ വേഷങ്ങൾക്ക് രാജൻ പാടൂരിനെ സ്ഥിരം ഉപയോഗിച്ചിരുന്നു. ശ്രദ്ധേയമായ റോളുകൾ ആവനാഴിയിലെ “കള്ളൻ കുട്ടൻ”, നാടോടിക്കാറ്റിലെ "മോഡേണ്‍ കറവക്കാരന്‍", ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ വണ്ടിക്കാരന്‍, നരേന്ദ്രന്‍ മകൻ ജയകാന്തൻ വകയിലെ ബോംബ് വിൽപ്പരനക്കാരൻ എന്നിവയൊക്കെയാണ്.

കോഴിക്കോട്  നഗരത്തിൽ നിന്നു കുറച്ചു മാറി തൊണ്ടയാടിനടുത്ത് കെ. ടി. താഴം എന്ന സ്ഥലത്താണ് താമസം. ആറു പെൺകുട്ടികളുണ്ടായിരുന്ന രാജന് മക്കളെ വിവാഹം കഴിച്ചയക്കുന്നതിന്റെ ഭാഗമായി വീട് വിൽക്കേണ്ടതായി വന്നു. കരൾ സംബന്ധമായ രോഗളുള്ളതിനാൽ അഭിനയിക്കാൻ തുടർന്ന് അവസരങ്ങൾ കിട്ടിയില്ല.മൂവായിരത്തിലധികം നാടകങ്ങളിലും നൂറ്റിയൻപതിലേറെ സിനിമകളിലും വേഷമിട്ട രാജന് പട്ടയവിതരണത്തിലൂടെ   സ്വന്തമായി മൂന്ന് സെന്റ് ഭൂമി ലഭിച്ചത് വാർത്തയായിരുന്നു. സിനിമാ സംഘടനയായ അമ്മയുടെ കൈനീട്ടം ആണ് ഇപ്പോഴുള്ള ആശ്രയം.

അവലംബങ്ങൾ: