ജയലളിത

Jayalalitha

ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ കൃഷ്ണാ ജില്ലയിലെ ഗുഡിവാഡാ (Gudivada)യിൽ ശീലാനന്ദ് - സുശീലാ ദേവി ദമ്പതികളുടെ മകളായി 1965ൽ ജനനം. ഗുണ്ടൂർ (Guntur)ൽ നിന്ന് ബി എ ഇക്കണോമിക്സിൽ ബിരുദം നേടി. മുഴുവൻ പേരു സി.എച്ച്. ജയലളിത (C H Jayalalitha)  തെലുങ്കു സിനിമകളിലും സീരിയലുകളിലും സ്വഭാവ നടിയായ ജയലളിതയുടെ ആദ്യ സിനിമാ പ്രവേശനം 1986ൽ പവിത്രൻ സംവിധനം ചെയ്ത "ഉപ്പ്" എന്ന സിനിമയിലൂടെയാണു. തുടർന്ന് പൂവിനു പുതിയ പൂന്തെന്നൽ, തൂവാനത്തുമ്പികൾ വൈശാലി, ഒരു വടക്കൻ വീരഗാഥ എന്നീ പ്രമുഖ ചിത്രങ്ങളിൽ ക്യാരക്റ്റർ വേഷങ്ങൾ ചെയ്തു. അതോടൊപ്പം തന്നെ 87 മുതൽ തെലുങ്ക് സിനിമകളിലും ജയലളിത അഭിനയം തുടങ്ങിയിരുന്നു. മലയാളത്തിൽ നായികയായി രംഗപ്രവേശം ചെയ്തെങ്കിലും 'ഉപ്പി"നെ ത്തുടർന്ന് നായികാ വേഷങ്ങൾ കിട്ടിയില്ല. 89ൽ മലയാളത്തിൽ രതി തരംഗമെന്ന പേരിൽ ബി ഗ്രേഡ് സിനിമകൾ സജ്ജീവമായപ്പോൾ ജയലളിത അത്തരം ചിത്രങ്ങളിലേക്ക് മാറി. 'രതി', 'ആയിരം ചിറകുള്ള മോഹം' തുടങ്ങി നിരവധി ബി ഗ്രേഡ് സിനിമകളിൽ നായികയായും ഉപനായികയായും വേഷമിട്ടു. ആ തരംഗം അവസാനിച്ചതോടെ ജയലളിത മലയാള സിനിമയിൽ നിന്ന് താൽക്കാലികമായി അപ്രത്യക്ഷമായി.

അതേ സമയം തെലുങ്കു സിനിമകളിൽ അവർ സജ്ജീവമായിരുന്നു. തമിഴ്, കന്നഡ, ഹിന്ദി സിനിമകളടക്കം മൊത്തം 350 ഓളം സിനിമകൾ പൂർത്തിയാക്കിയിട്ടുണ്ട് . കമലാഹാസൻ ഇരട്ട വേഷത്തിൽ അഭിനയിച്ച "ഇന്ദ്രനും ചന്ദ്രനും" എന്ന തമിഴ് സിനിമയിലും അതിന്റെ തെലുങ്ക് പതിപ്പായ 'ഇന്ദ്രഡു ചന്ദ്രഡു'വിലും കമലാഹാസനൊപ്പം ഒരു പ്രമുഖ വേഷത്തിലും അഭിനയിച്ചു. ജെമിനി ടിവിയിലെ അപരാഞ്ജി സീരിയലിൽ (Aparanji Serial) പ്രമുഖ വേഷത്തിൽ ഉണ്ടായിരുന്നു. 2005ൽ നവാഗത സംവിധായകനുള്ള നാഷണൽ അവാർഡ് ലഭിച്ച "ഗ്രഹണം" എന്ന തെലുങ്ക് സിനിമയിലെ നായികയായിരുന്നു.

അഭിനേത്രി എന്നതിനോടൊപ്പം നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണൂ ജയലളിത. കുച്ചിപ്പുടി, ഭരതനാട്യം, ആന്ധ്രാനാട്യം എന്നിവയിൽ പ്രാവീണ്യം തെളിയിക്കുകയും  ഇന്ത്യയിലും വിദേശത്തുമായി ആയിരത്തോളം സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

2012ൽ  എം എ നിഷാദ് സംവിധാനം ചെയ്ത "നമ്പർ 66 മധുര ബസ്സ്" എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വന്നു. 

ഇപ്പോൾ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ താമസം.