ടി കെ ബാലചന്ദ്രൻ
പ്രശസ്ത നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ടി കെ ബാലചന്ദ്രൻ തിരുവനന്തപുരം വഞ്ചിയൂരിൽ 1928 ഫെബ്രുവരി 2 ന് ജനിച്ചു. നാടകനടനായിരുന്ന വഞ്ചിയൂർ കുഞ്ഞൻപിള്ള, പാറുക്കുട്ടിയമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. നാടക-ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ അഭിനേതാവായിരുന്ന വഞ്ചിയൂർ മാധവൻ നായർ ഇദ്ദേഹത്തിന്റെ ജേഷ്ഠസഹോദരനായിരുന്നു. പ്രഹ്ളാദ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പതിമൂന്നാം വയസ്സിൽ ബാലചന്ദ്രൻ സിനിമയിലെത്തി. പിന്നീട് തമിഴ്നാട്ടിലെ നവാബ് രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള നാടകസംഘമായ ബോയ്സ് ഡ്രാമ ട്രൂപ്പിൽ ചേർന്ന ഇദ്ദേഹം ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിൽ കുറേക്കാലം നൃത്തവും അഭ്യസിച്ചിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായി പരിഗണിക്കപ്പെടുന്ന 1951ലെ ജീവിതനൗക യിൽ ഒരു നർത്തകന്റെ വേഷത്തിലെത്തിയ ഇദ്ദേഹം പിന്നീട് അനിയത്തി, ഭക്തകുചേല, കുമാരസംഭവം, വിരുതൻ ശങ്കു തുടങ്ങി തുടങ്ങി നൂറോളം മലയാള ചിത്രങ്ങളിലും അതിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1960 ൽ റിലീസായ പൂത്താലി എന്ന ചിത്രത്തിൽ ബാബു, ശേഖർ എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുക വഴി മലയാള സിനിമയിൽ ആദ്യമായി ഡബിൾ റോൾ ചെയ്ത നടനെന്ന ഖ്യാതിയും ഇദ്ദേഹം സ്വന്തമാക്കി.
നായകനായും, പ്രതിനായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ടി.കെ. ബാലചന്ദ്രൻ അഭിനയത്തിനു പുറമേ നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്. റ്റികെബീസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമയായ ഇദ്ദേഹം പൊയ്മുഖങ്ങൾ, ചീഫ് ഗസ്റ്റ്, ടി.പി ബാലഗോപാലൻ എം എ തുടങ്ങി പതിനെട്ട് ചിത്രങ്ങൾ നിർമ്മിക്കുകയും ദീപാരാധന എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുകയും രക്തസാക്ഷി, പ്രാർത്ഥന എന്നീ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിക്കുകയും ഇവ കൂടാതെ അഞ്ചോളം ചിത്രങ്ങളുടെ കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്. 1998 ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
2005 ഡിസംബർ 15 ന് ടി.കെ.ബാലചന്ദ്രൻ അന്തരിച്ചു. വിശാലാക്ഷിയാണ് ഭാര്യ. വസന്ത്, വിനോദ് എന്നിവർ മകൾ.