സുഹാസിനി
1961 ആഗസ്റ്റ് 15നു ചാരുഹാസൻ്റെയും കോമളത്തിൻ്റെയും മകളായി ചെന്നൈ പരമകുടിയിൽ ജനിച്ചു. പരമകുടി മുനിസിപ്പൽ എലെമെൻ്ററി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ചെന്നൈയിൽ മുത്തശ്ശിയോടും ചെറിയഛൻ കമലഹാസനോടുമൊപ്പം താമസമാരംഭിച്ചു. അവിടെ എം ജി ആർ ഗവണ്മെൻ്റ് ഫിലിം ആൻ്റ് ടെലിവിഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിക്കാൻ ചേർന്നു. പിന്നീട് അശോക് കുമാറിനോടൊപ്പം ക്യാമറ അസ്സിസ്റ്റൻ്റ് ആയി പ്രവർത്തിച്ചു. മദ്രാസ് ഫിംലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ആദ്യ വനിതയാണു സുഹാസിനി.
മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചുകൊണ്ടിരിക്കവേയാണു സിനിമാഭിനയത്തിലേക്ക് ചുവടു വയ്ക്കുന്നത്. 1980ൽ പുറത്തിറങ്ങിയ നെഞ്ജത്തെ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സുഹാസിനി, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
1983ൽ പത്മരാജൻ്റെ കൂടെവിടെയിലൂടെ മലയാളത്തിലെത്തി.
തെലുങ്കിലാണ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1986ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
1995ൽ ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനം ചെയ്തു.
മണിരത്നവും ജി ശ്രീനിവാസനും (മണിരത്നത്തിന്റെ സഹോദരൻ) ഒപ്പം നടത്തുന്ന മദ്രാസ് ടോക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമ്മാണരംഗത്തും സജീവമാണ്.
പ്രശസ്ത സംവിധായകൻ മണിരത്നമാണ് ഭർത്താവ്. 1988ലായിരുന്നു ഇവരുടെ വിവാഹം. മകൻ നന്ദൻ മണിരത്നം.
ചിത്രം: രാകേഷ് കോന്നി