ചാരുഹാസൻ

Charuhasan

തെന്നിന്ത്യൻ ചലച്ചിത്ര നടൻ.  1930 ജനുവരിയിൽ തമിഴ്നാട്ടിലെ പരമകുടിയിൽ ജനിച്ചു. അഭിഭാഷകനും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോക്ടർ ശ്രീനിവാസനായിരുന്നു ചാരുഹാസന്റെ പിതാവ്. അമ്മ രാജലക്ഷ്മി. അവരുടെ മൂത്ത മകനായിരുന്നു ചാരുഹാസൻ.  അദ്ദേഹത്തേക്കാൾ 24 വയസ്സുതാഴെ പ്രായമുള്ള അനുജനാണ് പ്രശസ്ത നടൻ കമലഹാസൻ. ചെറുപ്പത്തിൽ ഒരു അപകടം സംഭവിച്ചതിനാൽ ചാരുഹാസന് സ്കൂളിൽ ചേർന്ന് പഠിയ്ക്കാൻ കഴിഞ്ഞില്ല. വീട്ടിൽ ഇരുന്ന് പഠിയ്ക്കുകയായിരുന്നു ചെയ്തത്. തന്റെ ഒൻപതാം വയസ്സിൽ ഫിഫ്ത് ഗ്രേഡിൽ നേരിട്ട് ചേരുകയായിരുന്നു ചെയ്തത്. ബൽഗാമിലെ Raja Lakhamgouda Law College ഇൽ നിന്നും അദ്ദേഹം നിയമ ബിരുദം കരസ്ഥമാക്കി. 1951 -81 കാലത്ത് ചാരുഹാസൻ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നു. പല പ്രമാദമായ കേസുകളും അദ്ദേഹം വാദിച്ചിരുന്നു.

ചെറുപ്പത്തിലെ സിനിമയോട് താത്പര്യമുണ്ടായിരുന്നു ചാരുഹാസന് അനുജൻ കമലഹാസൻ ബാലനടനായി അഭിനയിയ്ക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ രക്ഷിതാവായി കൂടെ നിന്നിരുന്നത് ചാരുഹാസനായിരുന്നു. 1979-ൽ ഉതിരിപ്പൂക്കൾ എന്ന സിനിമയിലൂടെയാണ് ചാരുഹാസൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 120-ൽ അധികം സിനിമകളിൽ വില്ലനായും സപ്പോർട്ടിംഗ് റോളുകളിലും അദ്ദേഹം അഭിനയിച്ചു. 1981-ൽ കരിമ്പൂച്ച എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. അഥർവം, വചനം, രണ്ടാംവരവ്..  തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മുപ്പതോളം മലയാളചിത്രങ്ങളിൽ ചാരുഹാസൻ അഭിനയിച്ചിട്ടുണ്ട്.

മൂന്നു പെണ്മക്കളാണ് ചാരുഹാസനുള്ളത്. പ്രശസ്ത നടി സുഹാസിനിയാണ് ഒരുമകൾ. നന്ദിനി, സുഭാഷിണി എന്നിവരാണ് മറ്റുമക്കൾ.