ജെയിംസ്‌

James

കോട്ടയം മണിമല സ്വദേശിയാണ് ജെയിംസ്. ജബൽപൂർ ഗവ: കലാനികേതനിൽ സിവിൽ എഞ്ചിനീയറിംഗ് പാസ്സായതിനു ശേഷമാണ് 1973-'75 കാലഘട്ടത്തിൽ മദ്രാസിലെ സൗത്ത് ഇൻഡ്യൻ ഫിലിം ആക്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാനായി എത്തിച്ചേരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒന്നാം റാങ്കോടെ പാസ്സായി പുറത്തിറങ്ങിയ ജയിംസ് താമസിയാതെ സിനിമാ മേഖലയിൽ പ്രവർത്തനം തുടങ്ങി.

 1975 -ൽ തൃപ്തി ഫിലിംസിനു വേണ്ടി A.വിൻസന്റ് സംവിധാനം ചെയ്ത പ്രിയമുള്ള സോഫിയ എന്ന ചിത്രത്തിൽ അഭിനേതാവായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള ജയിംസിന്റെ അരങ്ങേറ്റം. ആ ചിത്രത്തിൽ സൈക്കിൾയജ്ഞം നടക്കുന്നിടത്തെ അനൗൺസറുടെ റോളായിരുന്നു അദ്ദേഹത്തിന്. പി രാംദാസ് സംവിധാനം ചെയ്ത നിറമാല ആയിരുന്നു ജെയിംസ് അഭിനയിച്ച രണ്ടാമത്തെ ചിത്രം. രണ്ടാമതായി അഭിനയിച്ച നിറമാലയാണ് ജയിംസിന്റേതായി ആദ്യം റിലീസായത്. രവി മേനോൻ നായകനായ സിനിമയിൽ നായികയായ സുജാതയുടെ കാമുകനായി ഉപനായക വേഷം ചെയ്ത ജയിംസിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു. തുടർന്ന് അനാവരണം എന്ന സിനിമയിൽ C.I.D ഓഫീസറായും,അഗ്നിനക്ഷത്രം എന്ന ചിത്രത്തിൽ M.G.സോമന്റെ സുഹൃത്തായും,മോഹിനിയാട്ടം എന്ന സിനിമയിൽ ലക്ഷ്മിയെ പെണ്ണുകാണാൻ വരുന്നയാളായും, സരിത -യിൽ സബ് ഇൻസ്പെക്ടറായും,അപരാധി -യിൽ ഡോക്ടറായും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ശിവാജി ഗണേശനെ നായകനാക്കി A.വിൻസന്റ് തമിഴിൽ സംവിധാനം ചെയ്ത നാം പിറന്ത മൺ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ബ്രിട്ടീഷ് സൈനികനായി അഭിനയിക്കുവാനും ജയിംസിന് അവസരം ലഭിച്ചു.

അഭിനയരംഗത്ത് സാന്നിദ്ധ്യം അറിയിച്ചെങ്കിലും സംവിധാന രംഗത്തോടുള്ള താത്പര്യം മൂലം തന്നെ ചലച്ചിത്രരംഗത്തേക്ക് ആനയിച്ച വിൻസന്റ് മാസ്റ്ററുടെ ശിഷ്യത്വം സീകരിച്ചുകൊണ്ട് കുറേ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് N.ശങ്കരൻ നായർ, K.P.കുമാരൻ, V.P.മുഹമ്മദ്, J.വില്യംസ്, ആഹ്വാൻ സെബാസ്റ്റ്യൻ, സിതാര വേണു എന്നിവർക്കൊപ്പവും ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. അഗ്നിനക്ഷത്രം, വയനാടൻ തമ്പാൻ ഈ ഗാനം മറക്കുമോതേൻതുള്ളിമിസ്റ്റർ മൈക്കിൾകലോപാസന, ഇളനീർ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ജെയിംസ് സഹസംവിധായകനായിരുന്നു. 1982 -ൽ പ്രേംനസീറിനെ നായകനാക്കി തിടമ്പ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ജെയിംസ് സ്വതന്ത്ര സംവിധായകനായി. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. അതിനെതുടർന്ന് ജെയിംസ് സിനിമയിൽ നിന്നും അകലം പാലിച്ചു. അതേസമയം പരസ്യചിത്രങ്ങളിലും ടെലിഫിലിമുകളിലും അദ്ദേഹം സജീവമായിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളെ അണിനിരത്തി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം 2000 -ത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ജെയിംസ് ചലച്ചിത്രരംഗത്തേക്ക് തിരികെയെത്തി.കടയുടെ ഉദ്ഘാടനചടങ്ങിന് വീഡിയോഗ്രാഫറായ ജയറാം എത്താൻ വൈകിയതിന് ശാസിക്കുന്ന കഥാപാത്രം അവതരിപ്പിച്ചത് ജെയിംസായിരുന്നു. അരുൾദാസ് എന്ന പുരോഹിതന്റെ ജീവിതം പ്രമേയമാക്കി 2002 -ൽ ചിത്രഗംഗാ ഫിലിംസിന്റെ ബാനറിൽ T.X.ലാലി നിർമ്മിച്ച്,പ്രശസ്ത ഛായാഗ്രാഹകനായ ടെസ് ലി സംവിധാനം ചെയ്ത അവർക്കായ് അരുൾദാസ് എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ ചെയ്തത് ജയിംസായിരുന്നു. 

 കോഴിക്കോട് സ്ഥിരതാമസമാക്കിയ ജെയിംസ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചുകൊണ്ട്സാമൂഹിക, സാംസ്കാരിക മേഖലയിൽ ഇപ്പോഴും ഇദ്ദേഹം കർമ്മനിരതനായി തുടരുന്നു. ജെയിംസിന്റെ ഭാര്യ ഗീത നെല്ലിക്കോട് കാച്ചിലാട്ട് യു പി സ്ക്കൂളിലെ പ്രധാന അദ്ധ്യാപികയായി വിരമിച്ചു. രണ്ട് മക്കളാണ് അവർക്കുള്ളത്.  മകൻ ജിജോ ജയിംസ് H.D.F.C ബാങ്ക് മാനേജരാണ്. മകൾ ശില്പ സാന്ദ്ര അബുദാബി എത്തിഹാദ് എയർവേയ്സിൽ എയർഹോസ്റ്റസാണ്. 

 

കടപ്പാട് - റോയ് വി ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.