കെ പി എ സി പ്രേമചന്ദ്രൻ

K P A C Premachandran
Date of Death: 
ചൊവ്വ, 25 March, 2003

നടനും സാമൂഹ്യപരിഷ്കർത്താവും പത്രപ്രവർത്തകനുമായ പ്രേംജി എന്ന എം പി ഭട്ടതിരിപ്പാടിൻ്റെയും ആര്യ അന്തർജ്ജനത്തിൻ്റെയും മകനായി മലപ്പുറം വണ്ണേരിയിൽ മുല്ലമംഗലം തറവാട്ടിൽ 1951 ൽ ജനിച്ചു. 

അച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ അഭിനയപാരമ്പര്യവുമായി 1965ല്‍ സ്കൂള്‍ വാര്‍ഷികത്തിന് യാഗശാല എന്ന നാടകത്തില്‍ അഭിനയിച്ചാണ് തുടക്കം. 1967ല്‍ തേജോവധം എന്ന നാടകത്തിലൂടെ പ്രൊഫഷണല്‍ നാടകരംഗത്തെത്തി. ജി ശങ്കരപ്പിള്ളയുടെ നാടകക്കളരിയാണ് പ്രേമചന്ദ്രനിലെ നടനെ മികവുറ്റതാക്കിയത്. തുടര്‍ന്ന് കെപിഎസി നാടകസമിതിയിലെത്തി. എന്‍ എന്‍ പിള്ളയുടെ മന്വന്തരങ്ങള്‍, കെപിഎസിയുടെ ഭഗവാന്‍ കാലുമാറുന്നു എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു. സഹസ്രയോഗം, സൂത്രധാരന്‍, ഒഥല്ലോ എന്നീ നാടകങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. അശ്വമേധം, മുടിയനായപുത്രന്‍ തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമായിരുന്നു.
കേരള തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, വടകര വരദ, അങ്കമാലി മാനിഷാദ, പ്രതിഭ, തൃശൂര്‍ യമുന സമിതികളിലും അഭിനയിച്ചു.. 

രാമു കാര്യാട്ടിൻ്റെ 'ദ്വീപ്' എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശം. തുടർന്ന് എൻ്റെ നീലാകാശം, സ്ഫോടനം, പരിണയം, പാഥേയം, പൊന്തന്മാട തുടങ്ങി മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. എങ്കിലും നാടകമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം തട്ടകം. ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയനായിരുന്നു.

 2003 മാര്‍ച്ച് 25ന് പ്രേമചന്ദ്രൻ അന്തരിച്ചു. ഭാര്യ: ശാന്ത. മകന്‍: നവീന്‍.