എസ് ബാലകൃഷ്ണൻ

S Balakrishnan
S Balakrishnan
Date of Birth: 
തിങ്കൾ, 8 November, 1948
Date of Death: 
Thursday, 17 January, 2019
സംഗീതം നല്കിയ ഗാനങ്ങൾ: 66

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ മലയാള ബ്രാഹ്മണ കുടുംബത്തിലാണ്‌ എസ് ബാലകൃഷ്‌ണന്‍ ജനിച്ചത്. അദേഹത്തിന്റെ അമ്മ നാന്നായി ഹാർമോണിയം വായിക്കും എന്നതല്ലാതെ വീട്ടിലാരും സംഗീതവുമായി ബന്ധമുള്ളവർ ആയിരുന്നില്ല. എക്കോണമിക്സ് ഹിസ്റ്ററിയിൽ ബിരുദ പഠനത്തിനായി കോയമ്പത്തൂർ പോയതോടെയാണ് അദ്ദേഹം സംഗീതത്തിലേക്ക് ആകൃഷ്ടനാകുന്നത്. പ്രഗത്ഭരായ സംഗീതഞ്ജരുടെ കച്ചേരികൾ കേൾക്കുവാൻ പോകുക പതിവായിരുന്നു. പിന്നീട് പിയാനിസ്റ്റ്‌ ജേക്കബ് ജോണിന്റെ നിർബന്ധത്തിനു വഴങ്ങി 1975 ൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും റെക്കോർഡർ എന്ന വാദ്യോപകരണം അഭ്യസിച്ചു. മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയാണ്‌ അദ്ദേഹം അവിടെ നിന്നും പാസായത്. ആ സമയം ഡച്ച് സംഗീതഞ്ജനായ നിക്കി റീസറെ പരിചയപ്പെടുകയും അദ്ദേഹത്തിൽ നിന്നും ഫ്ലൂട്ട് അഭ്യസിക്കുകയും ചെയ്തു. അതിനു ശേഷം ഗാനമേള രംഗത്തും സിനിമ സംഗീത റെക്കോഡിംഗുകളിലും അദ്ദേഹം സജീവമായി. ആ സമയത്ത് അദ്ദേഹം ബിന്നീസിന്റെ ഏജൻസിയിൽ സ്വന്തമായി ഒരു ജോലിയും നേടി കഴിഞ്ഞിരുന്നു.

മദ്രാസിൽ എത്തിയ ശേഷം അദ്ദേഹം സംഗീത സംവിധായകൻ ഗുണ സിംഗിനെ കണ്ട് അദ്ദേഹത്തിന്റെ രണ്ടാം സഹായിയായി മാറി. മ്യൂസിക് നൊട്ടേഷൻസ് വാദ്യോപകരണങ്ങൾ വായിക്കുന്നവർക്ക് എഴുതി നൽകുക എന്നതായിരുന്നു പ്രധാന ചുമതല. പിന്നീട് കന്നഡ സംഗീത സംവിധായകർ രാജൻ - നാഗേന്ദ്രയുടെ പ്രധാന സഹായിയായി ഏഴു വർഷക്കാലം പ്രവർത്തിച്ചു. ഇടയ്‌ക്ക് കുറച്ചു കാലം ഇളയരാജക്കൊപ്പവും നിന്ന്. അതിനിടയിൽ ഗുണ സിംഗിനൊപ്പം ഫാസിലിന്റെ  മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനും പടയോട്ടത്തിനും പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റാകുന്നത്. ഫാസിലിന്റെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ആയിരുന്നു ആ ചിത്രം. അതിന്റെ പശ്ചാത്തല സംഗീത ചുമതല പൂർണ്ണമായി തന്നെ എം ബി എസ് ബാലകൃഷ്ണനെ ഏൽപ്പിച്ചു. അതിനു ശേഷം ഫാസിലാണ് ഒറ്റയ്‌ക്ക് സംഗീത സംവിധാനം ചെയ്യണമെന്ന് ബാലകൃഷ്ണനോട്പറയുന്നത്. അതിനായി തന്റെ അസിസ്റ്റന്റായിരുന്ന സിദ്ദിഖ്-ലാലിനെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ സിദ്ദിഖ്-ലാൽ ചിത്രത്തിൽ എസ് ബാലകൃഷ്ണൻ സ്വതന്ത്ര സംഗീത സംവിധായകനായി. അതിലെ കളിക്കളം ഇത് കളിക്കളം എന്ന ഗാനത്തിൽ കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത് എ ആര്‍ റഹ്‌മാനും ഡ്രം വായിച്ചിരിക്കുന്നത് ശിവമണിയുമാണ്.

പിന്നീട് സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം സംഗീതം പകർന്നു. ഗൃഹപ്രവേശം, കിലുക്കം പെട്ടി, മിസ്റ്റർ & മിസ്സിസ്, നക്ഷത്രക്കൂടാരം , ഇഷ്ടമാണ് നൂറുവട്ടം, മഴവിൽക്കൂടാരം, ആകാശത്തിലെ പറവകൾ തുടങ്ങി പതിനാറോളം ചിത്രങ്ങൾക്കായി എൺപതോളം ഗാനങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിനു ലഭിച്ചു. അദ്ദേഹം സംഗീതം നൽകിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെതു തന്നെയായിരുന്നു. ആദ്യ കാല ഹിറ്റുകൾക്ക് ശേഷം ഇടയ്‌ക്ക് കരിയറിൽ ഒരു ബ്രേക്ക് വന്നു, അപ്പോഴും പല ചിത്രങ്ങൾക്കും അദ്ദേഹം പശ്ചാത്തല സംഗീതമോരുക്കിയിരുന്നു. 2011 ഈസ്റ്റ് കോസ്റ്റ് വിജയന്റെ  ചിത്രമായ മൊഹബ്ബത്തിൽ ഗാനങ്ങൾ ഒരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും സംഗീത സംവിധാന രംഗത്ത് തിരികെയത്തി. പിന്നീട് മാന്ത്രികൻ എന്നൊരു ചിത്രത്തിനും അദ്ദേഹം സംഗീതം നൽകി. ഇൻ ഹരിഹർ നഗറിന്റെ തമിഴ് പതിപ്പായ എം ജി ആർ നഗറിലും തെലുങ്ക് പതിപ്പിലും സംഗീതം നൽകിയത് അദ്ദേഹമായിരുന്നു. ഇപ്പോൾ അദ്ദേഹം എ ആർ റഹ്മാന്റെ കെ എം മ്യൂസിക് കൺസർവേറ്ററിയിൽ റെക്കോർഡറും വെസ്റ്റേണ്‍ ഫ്ലൂട്ടും പഠിപ്പിക്കുന്നു. ജാപ്പനീസ് സർക്കാരിന്റെ യമഹാ മ്യൂസിക് ഫൗണ്ടേഷന്റെ ഇന്ത്യൻ വിഭാഗത്തിലെ സംഗീതാധ്യാപകനായും ജോലി നോക്കുന്നു. സംഗീത രംഗത്ത് പുല്ലാങ്കുഴൽ കച്ചേരികളിലൂടെ സജീവമായ ബാലകൃഷ്ണൻ, മദ്രാസ് ഫിൽഹാർമോണിക് & കോറൽ സൊസൈറ്റിയിൽ കഴിഞ്ഞ 25 വർഷമായി അംഗം കൂടിയാണ്. 

ഭാര്യ: ഉഷ മക്കൾ - വിമൽ ശങ്കർ, ശ്രീവത്സൻ 

കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ജനുവരി 17, 2019-ൽ ഈ ലോകത്തോട് വിട പറഞ്ഞു