രേഖ

Rekha

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1970 ഓഗസ്റ്റ് 28ന് ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽ ജനിച്ചു. രേഖയുടെ വിദ്യാഭ്യാസകാലം മുഴുവൻ ഊട്ടിയിലായിരുന്നു. ജോസഫൈൻ എന്നാണ് രേഖയുടെ യഥാർത്ഥ പേര്. 1986ൽ ഇറങ്ങിയ തമിൾ ചിത്രം പുന്നഗൈ മന്നൻ ആണ് രേഖയുടെ ആദ്യ സിനിമ. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ രേഖ നായികയായി. 1989-ൽ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു രേഖയുടെ മലയാളസിനിമയിലേയ്ക്കുള്ള പ്രവേശം. തുടർന്ന് പാവം പാവം രാജകുമാരൻ, ദശരഥം, ഒളിയമ്പുകൾ, ഏയ് ഓട്ടോ..എന്നിവയിലെ അഭിനയം രേഖയെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടിയാക്കി. ദശരഥത്തിലെ അഭിനയത്തിന് മികച്ച മലയാള നടിയ്ക്കുള്ള ഫിലിൽഫെയർ അവാർഡിന് രേഖ അർഹയായി. 1996ൽ ആയിരുന്നു രേഖയുടെ വിവാഹം. സീ ഫുഡ് എക്സ്പോർട്ടർ ജോർജ്ജ് ഹാപ്പിസ് ആണ് ഭർത്താവ്. ഒരു മകൾ അനുഷ. വിവാഹത്തിനു ശേഷം കുറച്ചുകാലം സിനിമയിൽനിന്നും വിട്ടുനിന്ന രേഖ ഒരുചെറിയ ഇടവേളയ്ക്കുശേഷം സപ്പോർട്ടിംഗ് റോളുകളിലൂടെ തിരിച്ചുവന്നു. സിനിമ കൂടാതെ ടെലിവിഷൻ ഷോകളും രേഖ ചെയ്യുന്നുണ്ട്.