രാജീവ് രംഗന്‍
തിരുവനന്തപുരത്താണ് രാജീവ് രംഗൻ ജനിച്ചത്. ശ്രീമൂലവിലാസം ഹൈസ്ക്കൂളിലായിരുന്നു രാജീവിന്റെ പ്രാഥമിക വിദ്യാഭ്യാസം.അതിനുശേഷം ഗവണ്മെന്റ് ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി. 1977 -ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലനടനായിട്ടാണ് രാജീവ് രംഗൻ തന്റെ അഭിനയജീവിതം തുടങ്ങുന്നത്. 1979 -ൽ ഹൃദയത്തിന്റെ നിറങ്ങൾ എന്ന ചിത്രത്തിലും ബാലനടനായി അഭിനയിച്ചു.
ഒരു ഇടവേളയ്ക്കുശേഷം 1989 -ൽ മമ്മൂട്ടി നായകനായ ചരിത്രം എന്ന സിനിമയിലൂടെയാണ് രാജീവ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. അതിനുശേഷം ഹിസ് ഹൈനസ്സ് അബ്ദുള്ള, അർത്ഥന, സ്ത്രീധനം തുടങ്ങി ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സിനിമകളിലേക്കാൾ കൂടുതൽ രാജീവിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത് ടെലിവിഷൻ സീരിയലുകളാണ്. നിരവധി സീരിയലുകളിലായി അദ്ദേഹം വ്യത്യസ്തവേഷങ്ങളിൽ അഭിനയിച്ചു. അഹം, ദശരഥം എന്നിവയൂൾപ്പെടെ അഞ്ച് സിനിമകൾക്ക് സഹസംവിധാനം നിർവ്വഹിച്ചു. 2014 -ലാണ് രാജീവ് രംഗൻ സ്വതന്ത്ര സംവിധായകനാകുന്നത്. ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ പ്രധാനകഥാപാത്രമായി അഭിനയിപ്പിച്ച മകൻ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത സിനിമ. നല്ലൊരു ഗായകൻ കൂടിയാണ് രാജീവ് രംഗൻ.