കെ ജി വിജയകുമാർ

K G Vijayakumar
ഇലന്തൂർ വിജയകുമാർ
സംവിധാനം: 6
കഥ: 2
തിരക്കഥ: 1

 പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ എന്ന സ്ഥലത്ത് കെ കെ ഗോപാലൻ വൈദ്യരുടെയും രാജമ്മയുടെയും മകനായി ജനിച്ചു. വിജയകുമാറിന്റെ വിദ്യാഭ്യാസം പത്തനംതിട്ട മാർത്തോമ സ്ക്കൂളിലായിരുന്നു. അതിനുശേഷം കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം സ്ക്കൂൾ ഓഫ് എക്കണോമിക്സ് എന്നീ കോളേജുകളിലായിരുന്നു തുടർ പഠനം. തിരുവനന്തപുരത്ത് പഠിയ്ക്കുമ്പോൾ അന്ന് എയർപോർട്ട് എസ് ഐ ആയിരുന്ന രഘുവുമായി വിജയകുമാർ സൗഹൃദത്തിലായിരുന്നു. ആ സമയത്ത് രഘു "ഭീമൻ" എന്ന സിനിമയിലഭിനയിക്കുകയും ഭീമൻ രഘു എന്ന പേരിൽ പ്രശസ്തനാകുകയും ചെയ്തു. ഭീമൻ രഘുവുമായുള്ള സൗഹൃദം സിനിമാമേഖലയുമായി ബന്ധപ്പെടാൻ വിജയകുമാറിന് സഹായകരമായി.

നടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ആലപ്പി അഷ്റഫുമായുള്ള പരിചയമാണ് വിജയകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആലപ്പി അഷ്റഫ് നിർമ്മാണം,സംവിധാനം എന്നിവ നിർവ്വഹിച്ച പാറ എന്ന സിനിമയിൽ ഗാനങ്ങൾ എഴുതിക്കൊണ്ട് വിജയകുമാർ ചലച്ചിത്ര ഗാനരചനയിൽ തുടക്കംകുറിച്ചു. വിജയകുമാർ രചിച്ച "അരുവിയിൽ ഓളം തുള്ളും... എന്ന ഗാനം ആലപിച്ചത് പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജയാണ്. ആ ചിത്രത്തിനുശേഷം വിജയകുമാറിന് അമ്പിളി അമ്മാവൻ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചു. ഗിന്നസ് പക്രു അഭിനയിച്ച അദ്യചിത്രമായിരുന്നു അമ്പിളി അമ്മാവൻ.  കുട്ടികൾക്കുള്ള സിനിമയായ അമ്പിളി അമ്മാവനിലെ ഗാനങ്ങൾ എഴുതിയതും വിജയകുമാറായിരുന്നു. അതിനുശേഷം ഭീമൻ രഘു നായകനായ ഭീകരരാത്രി എന്നൊരു സിനിമ സംവിധാനം ചെയ്യുകയും അതിൽ ഗാനങ്ങൾ എഴുതുകയും ചെയ്തു. പക്ഷേ  ആ സിനിമ റിലീസായില്ല. തുടർന്ന് പോലീസ് ഡയറി എന്ന സിനിമ സംവിധാനം ചെയ്തു.

തുടർന്ന് രണ്ടു മൂന്ന് ചിത്രങ്ങൾചെയ്തതിനുശേഷം കുറച്ചുകാലം സംവിധാനരംഗത്ത് നിന്ന് വിട്ടുനിന്ന വിജയകുമാർ ചാലങ്ങാട്ട് ഫിലിംസ് എന്ന കമ്പനിയിൽ ഫിലിം ഡിസ്റ്റിബ്യൂഷനുമായി ബന്ധപ്പെട്ട് പത്ത് പന്ത്രണ്ട് സിനിമകളിൽ പ്രവർത്തിച്ചു. പിന്നീട് തിലകനെ നായകനാക്കി അറബിപ്പൊന്ന് എന്ന സിനിമ സംവിധാനം ചെയ്തു. അതിനുശേഷം വിജയകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 168 Hours.ആറ് ഭാഷകളിൽ ഡബ്ബ് ചെയ്ത സിനിമയാണ് 168 ഹവേൾസ്. അതിനുശേഷം ആത്മ, പന്തളം കൊട്ടാരത്തിന്റെ കഥ പറയുന്ന സ്വാമിയേ ശരണമയ്യപ്പ എന്നീ സിനിമകളാണ് വിജയകുമാർ സംവിധാനം ചെയ്തത്. കുറേകാലം മാക്ടയുടെ ജനറൽ സെക്രട്ടറിയായിരുന്ന വിജയകുമാർ ഇപ്പോൾ ഇന്ത്യൻ ഫിലിം മെയ്ക്കേൾസ് അസോസിയേഷൻ (IFMA) യുടെ ഭാരവാഹിയാണ്. കൂടാതെ കേരളവിഷൻ എന്ന സാറ്റലൈറ്റ് ചാനലിൽ ജോലിചെയ്യുന്നുമുണ്ട്.

കെ ജി വിജയകുമാറിന്റെ ഭാര്യയുടെ പേര് വിജയലക്ഷ്മി. രണ്ട് മക്കൾ പ്രണവ് വിനായക്, സിദ്ധി വിനായക്.