പുനലൂർ രവി

Punalur Ravi

പുനലൂർ രവി എന്ന ചമയകലാകാരന്റെ തുടക്കം തന്റെ നാട്ടിൻപുറത്തെ അമച്വർ നാടകങ്ങളിലൂടെയായിരുന്നു. ചെറുപ്പക്കാലത്ത് ഈ നാടകങ്ങളിൽ അഭിനയിക്കുകയും ഒപ്പം മെയ്ക്കപ്പ്മാനെ സഹായിക്കുകയും ചെയ്തതിലൂടെ രവി ഈ രംഗവുമായി കൂടുതലടുത്തു.

പുനലൂരിൽ വെച്ച് നടന്ന ആയിരം രൂപ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ടതോടെയാണ് സിനിമയിലേയ്ക്ക് പ്രവേശിക്കണമെന്ന ആഗ്രഹം രവിയ്ക്കുണ്ടായത്. തുടർന്ന് രവി സിനിമാമോഹവുമായി മദിരാശിയിലേയ്ക്ക് യാത്രയായി. ആദ്യമാദ്യം സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചൂതൂടങ്ങിയ രവി പിന്നീട് മോഹൻ, പി എൻ കൃഷ്ണൻ, ശങ്കർ റാവു എന്നീ ദക്ഷിണേന്ത്യയിലെ പ്രശസ്തരായ മേക്കപ്പ്മാൻമാരുടെ സഹായിയായി കുറേ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

പ്രപഞ്ചം എന്ന സിനിമയിലാണ് രവി ആദ്യമായി സ്വതന്ത്ര മെയ്ക്കപ്പ്മാനാകുന്നത്. തുടർന്ന് എൺപതോളം ചിത്രങ്ങളിൽ ചമയക്കാരനായി. ഇതുവരെ രവി ചെയ്തതിൽ യഥാർത്ഥ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി മാറ്റിയ കഥാപാത്രങ്ങൾ എൻ.എച്ച്‌ 47, മൈ ഡിയർ ലിസ, ഹൗസ് നമ്പർ 23 എന്നീ ചിത്രങ്ങളിലെ രേഖ, നിഴൽകൾ രവി എന്നിവരുടെ രൂപമാറ്റമാണ്. മലയാളം കൂടാതെ ഹിന്ദിയിലും, തമിഴിലും ചില ചിത്രങ്ങളിൽ രവി ചമയം നിർവഹിച്ചിട്ടൂണ്ട്.