ഒറ്റപ്പാലം പപ്പൻ
വാപ്പാല നാരായണ മേനോന്റേയും പാറുക്കുട്ടി അമ്മയുടേയും മകനായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു. എൻ പി. പത്മനാഭൻ എന്നായിരുന്നു യഥാർത്ഥ നാമം. ഒറ്റപ്പാലം അനങ്ങനടി സ്കൂളിലായിരുന്നു പപ്പന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പട്ടാളത്തിൽ ചേർന്ന പപ്പൻ എട്ട് വർഷത്തെ സൈനിക ജീവിതത്തിന് ശേഷം തിരിച്ചെത്തി നാടക സമിതിയിൽ ചേർന്നു.
കൊല്ലം ട്യൂണ, ദൃശ്യകലാഞ്ജലി, ഉദയകല, നാഷണൽ തിയ്യേറ്റേഴ്സ് എന്നീ നാടക സമിതികളിലായി ഇരുന്നൂറിലധികം നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭൂഗോളം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. 1993 -ൽ ഇറങ്ങിയ വാത്സല്യം എന്ന സിനിമയിലാണ് ഒറ്റപ്പാലം പപ്പൻ ആദ്യമായി അഭിനയിക്കുന്നത്. ആ വർഷംതന്നെ ഗോളാന്തര വാർത്ത, മായാമയൂരം എന്നീ ചിത്രങ്ങളിലും അഭിനയിച്ച അദ്ദേഹം പിൻഗാമി, സല്ലാപം, ഒരു മറവത്തൂർ കനവ്.. എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. ചാമന്റെ കബനി -ആണ് പപ്പൻ അഭിനയിച്ച അവസാന ചിത്രം.
2013 ജൂലൈയിൽ ഒറ്റപ്പാലം പപ്പൻ അന്തരിച്ചു. ഭാര്യ പങ്കജം പി.മേനോൻ. മക്കൾ ധീരജ്, ശരത്
കടപ്പാട്:http://pampadydesam.com/