സ്വന്തമെന്ന പദം
പതിനെട്ട് വയസ്സ് പൂർത്തിയായതും ഒരു യുവതി താൻ ഇത്രയും നാൾ അമ്മയെന്ന് കരുതിയ സ്ത്രീ അല്ല തന്റെ അമ്മ എന്നും, അവർ തന്റെ പോറ്റമ്മയാണെന്നും, തന്നെ പ്രസവിച്ച അമ്മ കാശ്മീരിലുമാണെന്ന സത്യം തിരിച്ചറിയുന്നു. എല്ലാവരുടെ വിലക്കും മാനിക്കാതെ അവൾ തന്റെ അമ്മയെത്തേടി ശ്രീനഗറിലേക്ക് യാത്രയാകുന്നു. അവൾ തന്റെ അമ്മയെ കണ്ടുമുട്ടിയോ? അമ്മ തന്റെ മകളെ സ്വീകരിച്ചുവോ? തന്റെ അമ്മ ഏതു തരം സ്ത്രീയാണെന്ന സത്യം അവൾ തിരിച്ചറിയുന്നുവോ
Actors & Characters
Actors | Character |
---|---|
കൃഷ്ണകുമാർ | |
സുനിൽ മേനോൻ | |
രവി | |
മന്മഥൻ | |
ഉഷയുടെ അമ്മാവൻ | |
കൊച്ചുകുട്ടൻ | |
ഉണ്ണി | |
അമ്മുക്കുട്ടിയമ്മയുടെ സഹായി | |
ഉഷ | |
പ്രിയ | |
നടനം സത്യഭാമ | |
പ്രഭ | |
ഗംഗ | |
ശാന്തമ്മ | |
കൃഷ്ണകുമാറിന്റെ വീട്ടുജോലിക്കാരി | |
അമ്മുക്കുട്ടിയമ്മ | |
മിനി | |
Main Crew
കഥ സംഗ്രഹം
ബിൽഡിംഗ് കോൺട്രാക്ടർ കൃഷ്ണകുമാർ (മധു), ഉഷ (ശ്രീവിദ്യ) ദമ്പതികൾക്ക് നാലു മക്കളാണ്. മൂത്തവൾ കോളേജ് വിദ്യാർത്ഥിനി പ്രിയ (അംബിക), രണ്ടാമത്തേത് ഹൈസ്കൂൾ വിദ്യാർത്ഥിനി പ്രഭ (കലാരഞ്ജിനി), മൂന്നാമത്തേത് ഉണ്ണി (മാസ്റ്റർ രാജകുമാരൻ തമ്പി), ഏറ്റവും ഇളയത് മിനി (ബേബി സംഗീത). വേലക്കാരൻ കൊച്ചുകുട്ടനും (കൈലാസ്നാഥ്), അടുക്കളക്കാരിയും (രാധാദേവി) അവരുടെ വീട്ടിലെ അംഗങ്ങൾ പോലെയാണ്. മിനി കൊച്ചു കുട്ടിയായതിനാൽ കൃഷ്ണകുമാറിനോടും ഉഷയോടുമൊപ്പമാണ് കിടന്നുറങ്ങുന്നത്. പ്രിയ, പ്രഭ, ഉണ്ണി എന്നിവർ ഒരുമിച്ച് മറ്റൊരു മുറിയിലും. അതിരാവിലെ തന്നെ ഉണരുന്ന പ്രിയ (അംബിക) കൂടെക്കിടക്കുന്ന ഉണ്ണിയേയും (മാസ്റ്റർ രാജകുമാരൻ തമ്പി), പ്രഭയെയും (കലാരഞ്ജിനി) നോക്കിയ ശേഷം, നേരം വെളുത്തിട്ടും ഉണരാതെ കിടക്കുന്ന പ്രഭയെ ശകാരിച്ചുകൊണ്ട് എഴുന്നേൽക്കാൻ പറയുന്നു. പ്രഭ അത് കൂട്ടാക്കാതെ കിടന്നുറങ്ങുന്നു. അതുകണ്ട്, സയൻസിന് ഇത്തവണയും കോഴിമുട്ട തന്നെയെന്ന് അല്പം ദേഷ്യത്തോടെ പറഞ്ഞ ശേഷം പഠിക്കാനിരിക്കുന്നു.
അപ്പുറത്തെ കിടക്കമുറിയിൽ നിന്നും ഉഷ എഴുന്നേറ്റ് കൃഷ്ണകുമാറിന്റെ തലയിണയ്ക്കടിയിൽ നിന്നും എന്തോ എടുക്കാൻ തുനിയുമ്പോൾ, കൃഷ്ണകുമാർ ഉഷയെ പിടിച്ചു വലിച്ച് ശൃംഗരിക്കാൻ തുനിയുമ്പോൾ, നാല് മക്കളായിട്ടും തൃപ്തിയായില്ലേ എന്ന് ചോദിച്ച് കള്ള ദേഷ്യം നടിച്ച്, മക്കളുടെ മുറിയിൽ വെളിച്ചം കാണുന്നു, അവർ എണീറ്റ് പഠിക്കാൻ തുടങ്ങിക്കാണും ഞാൻ പോകട്ടെ എന്നു പറഞ്ഞ് അവരുടെ മുറിയിലേക്ക് പോവുന്നു. അവരുടെ മുറിയിൽ വന്ന് അപ്പോഴും ഉറങ്ങുന്ന പ്രഭയെ നിർബന്ധിച്ച് എണീപ്പിച്ച്, പഠിക്കാൻ ഇരുത്തിയ ശേഷം ഉഷ മടങ്ങുന്നു. പ്രഭയാവട്ടെ ഉഷ മുറിയിൽ നിന്നും പോയ ഉടനെ തന്നെ മേശയിൽ തലവെച്ച് വീണ്ടും ഉറക്കം തുടരുന്നു.
പ്രിയയ്ക്ക് ഉണ്ണിയെ വളരെ ഇഷ്ടമാണ്. അത് പ്രഭയ്ക്ക് സഹിക്കാനാവുന്നില്ല. പ്രിയയ്ക്കെന്ന് മാത്രമല്ല, വീട്ടിലെ എല്ലാവര്ക്കും താൻ വേണ്ടപ്പെടാത്തവളാണെന്ന് അവൾ കരുതുന്നു. എന്നും രാവിലെ പ്രഭാത കർമ്മങ്ങൾ നിർവ്വഹിക്കാനും, കുളിക്കാനും, ആഹാരം കഴിക്കാനിരിക്കുന്ന സ്ഥിരം കസേരക്കു വേണ്ടിയും, കാറിൽ ജനാലക്കരികിലിരിക്കാനും, എന്നിങ്ങനെ തൊട്ടതിനും പിടിച്ചതിനും ഉണ്ണിയും പ്രഭയും തമ്മിൽ വഴക്കിടുന്നത് പതിവാണ്. ഉണ്ണിയെ പ്രിയ ഒരുപാട് കൊഞ്ചിച്ച് വഷളാക്കുന്നു എന്ന് ഉഷ പരിഭവിക്കുമ്പോൾ, അവൾക്ക് സ്നേഹിക്കാൻ മാത്രമല്ല, ശിക്ഷിക്കാനും അവൾക്കറിയാമെന്ന് പറഞ്ഞ് കൃഷ്ണകുമാർ പ്രിയയെ ന്യായീകരിക്കുന്നു.
കൃഷ്ണകുമാറിന്റെ വീടിനടുത്തുള്ള വലിയ വീട്ടിലെ അമ്മുക്കുട്ടിയമ്മയ്ക്ക് (ആറന്മുള പൊന്നമ്മ) രാവിലെ നാമം ചൊല്ലുമ്പോൾ എന്നും ശല്യമാവുന്നത് കൊച്ചുമകൻ സുനിൽ മേനോൻ (ജോസ്) കരാട്ടെ അഭ്യസിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളാണ്. പതിവിന് വിപരീതമായി അന്ന് ശബ്ദം കുറച്ച് കൂടിയതിന്റെ കാരണം അന്വേഷിക്കുമ്പോൾ, അത് അപ്പുറത്തെ വീട്ടിലെ പ്രിയ അതുവഴി കടന്നുപോവുന്നത് കൊണ്ടാണെന്ന് വീട്ടുജോലിക്കാരൻ (ഹരിപ്പാട് സോമൻ) പറയുന്നു. പ്രിയ ഉണ്ണിയുമൊത്ത് അമ്പലത്തിലേക്ക് പോയി തിരിച്ചു വരികയാണ്. പ്രിയയെ തന്നിലേക്ക് ആകർഷിക്കാനാണ് സുനിൽ അങ്ങിനെ ചെയ്യുന്നതെങ്കിലും, പ്രിയ അവന് വട്ടാണെന്നും, അമ്മുക്കുട്ടിയമ്മ അവിടുത്തെ വാർഡൻ ആണെന്നും ഉണ്ണിയോട് പറയുന്നു.
സുനിലിന്റെ അച്ഛനും, അമ്മയും സിംഗപ്പൂരിലാണ്. സുനിലും കോളേജ് വിദ്യാർത്ഥിയാണ്. ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് മുത്തശ്ശിയിൽ നിന്നും നൂറും, ഇരുനൂറും രൂപാ വാങ്ങുന്നത് അവന്റെ പതിവാണ്. സുനിൽ പ്രിയയുടെ പുറകെ പ്രേമാഭ്യർത്ഥനയുമായി നടന്ന് ശല്യം ചെയ്യുന്നു. അപ്പോഴെല്ലാം പ്രിയ അവനെ അപമാനിച്ചു വിടുന്നു. ഇതൊക്കെക്കണ്ട് അമ്മുക്കുട്ടിയമ്മ അന്തംവിട്ട് നിൽക്കുന്നു. ഒരു ദിവസം പതിവുപോലെ വീട്ടിലെ വസ്തുക്കളിലെ പൊടികളെല്ലാം തട്ടിക്കൊണ്ടിരിക്കുമ്പോൾ ഉഷയുടെ കണ്ണുകൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന വീണയിൽ പതിക്കുന്നു. അവർ അതും നോക്കി എന്തൊക്കെയോ ആലോച്ചിരിക്കുന്നു.
ഈയിടയ്ക്ക് വടക്കേ ഇന്ത്യയിൽ നിന്നും വരുന്ന നടനം സത്യഭാമയും (സുകുമാരിയും), അവരുടെ സഹോദരൻ മന്മഥനും (കുതിരവട്ടം പപ്പു) ആ പരിസരത്തേക്ക് താമസക്കാരായി എത്തുന്നു.
ഒരു ദിവസം സുനിൽ നേരെ കൃഷ്ണകുമാറിന്റെ വീട്ടിൽ കയറിച്ചെന്ന് എല്ലാവരോടും തന്നെ പരിചയപ്പെടുത്തിയ ശേഷം, തനിക്ക് പ്രിയയെ ഇഷ്ടമാണെന്നും, അവളെ വിവാഹം കഴിച്ചു തരണമെന്നും കൃഷ്ണകുമാറിനോട് പറയുന്നു. അതുകേട്ട്, വിവാഹമെന്നത് അത്ര നിസ്സാര കാര്യമാണോ എന്ന് ചോദിച്ച ശേഷം, നിങ്ങൾ രണ്ടുപേർക്കും ഇപ്പോൾ വിവാഹപ്രായമായിട്ടില്ലെന്ന് പറയുമ്പോൾ, ഇപ്പോൾ താൻ അഭ്യർത്ഥിക്കാൻ വന്നതാണെന്നും, തന്റെ അച്ഛനും അമ്മയും സിംഗപ്പൂരിലാണെന്നും, അവർ അവധിക്ക് വരുമ്പോൾ വിവാഹ നിശ്ചയം നടത്തി ബാക്കിക്കാര്യങ്ങൾ ആലോചിക്കാമെന്നും ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷം സുനിൽ അവിടുന്നും പോകുന്നു. അവൻ പോയതും, തനിക്കവനെ ഇഷ്ടപ്പെട്ടുവെന്നും, നിനക്കിഷ്ടമായോ എന്ന് ഉഷയോട് ചോദിക്കുമ്പോൾ, പ്രിയയ്ക്ക് ഇഷ്ടമാണെങ്കിൽ തനിക്ക് വിരോധമൊന്നുമില്ലെന്ന് ഉഷ പറയുന്നു. അതുകേട്ട്, തനിക്കിഷ്ടമല്ലെന്നും, അവനൊരു ഇഡിയറ്റാണെന്നും പ്രിയ പറയുന്നു. അപ്പോൾ, ബുദ്ധിയുള്ള സ്ത്രീകൾ ഇഡിയറ്റിനെ തേടിക്കണ്ടുപിടിച്ച് വിവാഹം കഴിക്കുമെന്നും, സംശയമുണ്ടെങ്കിൽ അമ്മയോട് ചോദിക്കെന്നും കൃഷ്ണകുമാർ പറയുന്നു. അതുകേട്ട്, ഈ വീട്ടിൽ ഒരേയൊരു ഇഡിയറ്റേയുള്ളുവെന്നും, അത് താനെന്നും ഉഷ പറയുന്നു. അപ്പോൾ, ആരുമല്ല, താനാണ് ഇഡിയറ്റ് എന്നും, തന്നെയാണ് ആർക്കും ഇഷ്ടമല്ലാത്തത് എന്നും പ്രഭ പറയുന്നു. അതുകേട്ട്, അത് പ്രഭേച്ചി ഇഡിയറ്റ് ആണെന്ന് ഉണ്ണി പറയുമ്പോൾ അവർ തമ്മിൽ വഴക്കിടുന്നു.
അമ്പലത്തിൽ തൊഴാൻ ചെല്ലുന്ന ഉഷയെ അമ്മുക്കുട്ടിയമ്മ കാണുകയും, സുനിലിന്റെ മുത്തശ്ശിയാണെന്ന് പരിചയപ്പെടുത്തുകയും, അവൻ വീട്ടിൽ വന്ന് കാണിച്ച അധികപ്രസംഗിതനത്തിന് മാപ്പു ചോദിക്കുന്നു എന്നും ഉഷയോട് പറയുന്നു. അതുകേട്ട്, അത് ഞങ്ങൾ തമാശയായിട്ടേ കരുതുന്നുള്ളു എന്ന് ഉഷ പറയുന്നു. അപ്പോൾ, തമാശയായി കരുതേണ്ട, സുനിൽ മുറുകെ പിടിച്ചിരിക്കുകയാണെന്നും, താൻ അങ്ങോട്ട് വരുമെന്നും അമ്മുക്കുട്ടിയമ്മ പറയുന്നു. അതുകേട്ട്, നമുക്ക് ആലോചിക്കാമെന്നും, പ്രിയടെ പഠിത്തം കഴിയട്ടെയെന്നും പറഞ്ഞ് ഉഷ ശ്രീകോവിലിന്റെ അടുത്തേക്ക് വരുന്നു. അപ്പോൾ, അവിടെ പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുന്ന നടനം സത്യഭാമയെയും, സഹോദരനെയും കണ്ട് ഉഷ പരിഭ്രമിച്ചു നിന്നു പോവുകയും, പിന്നീട് പേടിച്ചരണ്ട പോലെ അവിടുന്ന് വേഗത്തിൽ വീട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു.
വീട്ടിലെത്തിയതും ഉഷ സത്യഭാമയെക്കണ്ട കാര്യം കൃഷ്ണകുമാറിനോട് പറഞ്ഞ്, പേടി തോന്നുന്നുവെന്നും, അവർ നമ്മളെ കണ്ടാൽ ഓരോന്ന് ചുഴിഞ്ഞ് ചോദിക്കുമെന്നും പറയുമ്പോൾ, അത് ആ സ്ത്രീ തന്നെയാണോ, അതോ നിന്റെ തോന്നലാണോ എന്ന് കൃഷ്ണകുമാർ ചോദിക്കുന്നു. അതുകേട്ട്, അത് അവർ തന്നെയാണെന്നും, ക്രൂരമായ ആ മുഖത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ഉഷ പറയുന്നു. അപ്പോൾ, നീ വിഷമിക്കരുതെന്നും, ഒരുപാട് പരീക്ഷണങ്ങളെ നമ്മൾ നേരിട്ടതാണല്ലോ എന്നും പറഞ്ഞ് കൃഷ്ണകുമാർ ഉഷയെ സമാധാനിപ്പിക്കുന്നു. ഉഷയും കൃഷ്ണകുമാറും പലചരക്കു കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തേക്ക് വരുമ്പോൾ നേരിൽ വരുന്ന സത്യഭാമയെക്കണ്ട് ആദ്യം ഒന്ന് പകച്ചു നിന്ന ശേഷം പിന്നീട് അവരെക്കാണാത്ത ഭാവത്തിൽ കാറിൽ കയറി വേഗത്തിൽ സ്ഥലം വിടുന്നു. എന്നാൽ, സത്യഭാമ അവരെ തിരിച്ചറിയുകയും കാറിന്റെ പിന്നാലെ ചെന്ന് ഉഷേ .... എന്ന് വിളിച്ചു കൂവുകയും ചെയ്യുന്നു.
പ്രിയയും ഉണ്ണിയും ലക്ഷ്മിക്കുട്ടിയമ്മയെ ചെന്നുകണ്ട് അവരെയും സുനിലിനെയും പ്രിയയുടെ പിറന്നാളിന് വീട്ടിലേക്ക് ക്ഷണിക്കുന്നു. അവർ ചെല്ലുന്ന സമയത്ത് സുനിൽ പുറത്ത് പോയിരിക്കുകയായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ കാപ്പിയെടുക്കാനായി അകത്തേക്ക് പോയ സമയം നോക്കി പ്രിയ സുനിലിന്റെ പാഠപുസ്തകത്തിൽ തന്റെ ഫോട്ടോ മറച്ചു വെക്കുന്നു. ടോയ്ലെറ്റിൽ പോകണം എന്ന വ്യാജേന അവിടുന്നും മാറി നിൽക്കുന്ന ഉണ്ണി അതു കാണുകയും, ആ ഫോട്ടോ ഏതു പുസ്തകത്തിലാണ് ഒളിച്ചുവെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.
ലക്ഷ്മിക്കുട്ടിയമ്മയും, സുനിലും പ്രിയയുടെ പിറന്നാൾ വിരുന്നിൽ പങ്കെടുക്കുന്നു. ഇപ്പോൾ നിങ്ങളുടെ പിണക്കം മാറിയോ എന്ന് ലക്ഷ്മിക്കുട്ടിയമ്മ ചോദിക്കുമ്പോൾ സുനിലും പ്രിയയും പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു. ഉണ്ണിയാണ് പിണക്കമൊക്കെ മാറിയെന്ന് പറയുന്നത്. പിന്നീട് ഉണ്ണി പ്രിയ സുനിലിന്റെ പുസ്തകത്തിൽ ഒളിച്ചുവെച്ച ഫോട്ടോയുടെ കാര്യം പറയാൻ തുനിയുമ്പോൾ പ്രിയ അവനെ തടുത്തു നിർത്തുന്നു. ലക്ഷ്മിക്കുട്ടിയമ്മയെയും, സുനിലേയും യാത്രയാക്കാൻ വേണ്ടി ഉഷയും പ്രിയയും വീടിന്റെ പുറത്തേക്ക് വരുമ്പോൾ ദൂരെ സത്യഭാമ വരുന്നത് കണ്ട് ധൃതിയിൽ അകത്തേക്ക് പോകുന്നു. അകത്തേക്ക് പോകുമ്പോൾ കൊച്ചുകുട്ടനോട് ആ സ്ത്രീ വന്നാൽ ആരും വീട്ടിലില്ലെന്ന് പറഞ്ഞേക്കു എന്ന് ഉഷ പറയുന്നു. അതുകേട്ട്, അവർ ഡാൻസ് ടീച്ചറല്ലേ, എന്താമ്മേ കാര്യം എന്ന് പ്രിയ ചോദിക്കുമ്പോൾ, അവർ ചീത്ത സ്ത്രീയാണെന്നും, അവരോട് കൂട്ടുകൂടരുതെന്നും മാത്രം ഉഷ പറയുന്നു.
അവർ അകത്തേക്ക് പോയതും സത്യഭാമ വന്ന് വാതിലിൽ മുട്ടുമ്പോൾ കൊച്ചുകുട്ടൻ വാതിൽ തുറക്കുന്നു. അവനോട് ഉഷേയെക്കുറിച്ച് സത്യഭാമ തിരക്കുമ്പോൾ അവർ വീട്ടിലില്ലെന്ന് കൊച്ചുകുട്ടൻ പറയുന്നു. അപ്പോൾ, ഇല്ലല്ലോ, താൻ ദൂരെ നിന്നും അവർ നിൽക്കുന്നത് കണ്ടതാണല്ലോ എന്ന് സത്യഭാമ പറയുമ്പോൾ അതു തോന്നലായിരിക്കും എന്ന് കൊച്ചുകുട്ടൻ പറയുന്നു. പിന്നീട്, ഉഷയും ഭർത്താവും എപ്പോഴും തമ്മിൽ തല്ലാണോ എന്ന് സത്യഭാമ ചോദിക്കുമ്പോൾ, വേലക്കാരനായ തനിക്കെങ്ങിനെ അതൊക്കെ അറിയാനാ എന്നയാൾ പറയുന്നു. സത്യഭാമയ്ക്ക് അപ്പോഴും വിശ്വാസം വരാതെ അവർ അകത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ, തനിക്ക് പുറത്തേക്ക് പോകേണ്ടതുണ്ട്, നിങ്ങൾ ഇപ്പോൾ പോകു എന്നു പറഞ്ഞ് കൊച്ചുകുട്ടൻ വാതിൽ അടയ്ക്കുന്നു. സത്യഭാമ അരിശത്തോടെ തിരിച്ചു പോവുന്നു.
പ്രഭ സ്കൂൾ വിട്ട് പുറത്ത് റൗഡിയായ രവിയുമൊത്ത് (രവീന്ദ്രൻ) പഞ്ചാരയടിച്ചു നിൽക്കുമ്പോൾ പ്രിയ അവിടെ വന്ന് അവളെ ശകാരിച്ച് കാറിൽ കയറ്റി വീട്ടിലേക്ക് പോവുന്നു. പോവുമ്പോൾ, അവനുമായി കൂട്ടുകൂടരുതെന്ന് പ്രിയ അവളെ ഗുണദോഷിക്കുമ്പോൾ പ്രഭ പ്രിയയോട് ദേഷ്യപ്പെടുന്നു.
പ്രിയ സത്യഭാമ താമസിക്കുന്ന വീടിന്റെ മുന്നിലൂടെ പോകുമ്പോൾ സത്യഭാമ അവളോട് നീ കൃഷ്ണകുമാറിന്റെ മകളല്ലേ എന്ന് ചോദിക്കുമ്പോൾ പ്രിയ അതെയെന്ന് മറുപടി പറയുന്നു. അപ്പോൾ, സത്യഭാമ താൻ നിങ്ങൾക്ക് വേണ്ടപ്പെട്ടവരാണെന്നും, അകത്തോട്ട് വരൂ എന്നും വിളിക്കുമ്പോൾ, പ്രിയ തനിക്ക് ധൃതിയുണ്ടെന്ന് പറഞ്ഞ് അകത്തു കേറാതെ അവിടുന്നും പോകുന്നു. എന്നാൽ, അവളുടെ പുറകെ വരുന്ന പ്രഭയെ സത്യഭാമ അതേപോലെ വിളിക്കുമ്പോൾ പ്രഭ അവരുടെ വീടിനകത്തേക്ക് പോകുന്നു. പ്രഭ സത്യഭാമയുടെ കൂടെ അകത്തേക്ക് പോകുമ്പോൾ അവിടെ കുട്ടികൾക്ക് നൃത്തം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന മന്മഥൻ പ്രഭയെ കണ്ടതും അവളുടെ സൗന്ദര്യത്തെ വർണ്ണിച്ച് വായ്നോക്കി നിൽക്കുമ്പോൾ സത്യഭാമ അവനെ അകത്തേക്ക് പറഞ്ഞു വിടുന്നു.
മന്മഥൻ അകത്തേക്ക് പോയതും, നിനക്ക് ഉഷയുടെ അതേ ഛായയും, മറ്റവൾക്ക് അവളുടെ തള്ളയുടേതും എന്നു പ്രഭയോട് സത്യഭാമ പറയുമ്പോൾ, പ്രഭ കാര്യം അറിയാതെ നിങ്ങൾ ആരുടെ കാര്യമാണ് പറയുന്നതെന്ന് ചോദിക്കുന്നു. അതുകേട്ട്, നിന്റെ ചേച്ചിടെ കാര്യമാണെന്നും, നിന്റെ അച്ഛന്റെ ആദ്യത്തെ ഭാര്യയുടെ മകൾ എന്നും സത്യഭാമ പറയുമ്പോൾ, ആദ്യത്തെ ഭാര്യയോ എന്ന് സംശയത്തോടെ പ്രഭ ചോദിക്കുന്നു. അതിന്, അതേ എന്ന് സത്യഭാമ പറയുമ്പോൾ, തന്റെ അച്ഛന് ആകെ ഒരു ഭാര്യയെ ഉള്ളുവെന്നും, അത് തന്റെ അമ്മയാണെന്നും, എന്റെ അമ്മയുടെ ആദ്യത്തെ മകളാണ് ചേച്ചിയെന്നും, രണ്ടാമത് താനാണെന്നും പ്രഭ പറയുന്നു. അതുകേട്ട്, അപ്പോൾ നിങ്ങൾക്കാർക്കും ആ കാര്യം അറിയില്ല അല്ലേ എന്നും, നിന്റെ അച്ഛൻ നേരത്തെ ഒരു കല്യാണം കഴിച്ചതാണെന്നും, അവർ ഇപ്പോൾ കാശ്മീരിലാണെന്നും, അവർ തന്റെ അടുത്ത കൂട്ടുകാരിയാണെന്നും, അവിടുന്നാണ് താൻ വരുന്നതെന്നും, അതുകൊണ്ടല്ലേ നിന്റെ അമ്മയ്ക്ക് എന്നെ കണ്ടുകൂടാത്തതെന്നും, അന്ന് ഞാൻ നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ ആളില്ലെന്ന് പറഞ്ഞ് എന്നെ പറഞ്ഞയച്ചു കളഞ്ഞു എന്നും സത്യഭാമ പറയുമ്പോൾ പ്രഭ ചിന്താക്കുഴപ്പത്തിലായി അവിടുന്നും നടന്നു നീങ്ങുന്നു. അവൾ പോകുമ്പോൾ, ഞാൻ മുഴുവനും പറഞ്ഞു തീർക്കുന്നതിന് മുൻപ് പോകുന്നല്ലോ നിൽക്ക് എന്ന് സത്യഭാമ വിളിച്ചു കൂവുന്നുണ്ടെങ്കിലും പ്രഭ അതൊന്നും ചെവിക്കൊള്ളാതെ, അവർ പറഞ്ഞ കാര്യങ്ങൾ ഓർത്ത് നടക്കുന്നു.
പതിവുപോലെ ഉണ്ണിയുടെ പ്രഭ വഴക്കു കൂടുമ്പോൾ പ്രിയ ഓടിവന്ന് പ്രഭയെ ഉപദേശിക്കുമ്പോൾ, പ്രഭ സത്യഭാമ പറഞ്ഞ കാര്യം മനസ്സിൽ വെച്ച് പ്രിയയെ കൊള്ളിച്ചു പറയുമ്പോൾ പ്രിയ വിഷമിച്ചു നിൽക്കുന്നു. അന്നേരം ഉഷ അവളെ, അച്ഛൻ എന്തോ മറന്നു വെച്ചിരിക്കുന്നു അതെടുത്ത് കൊടുക്കെന്ന് പറഞ്ഞ് വിളിക്കുമ്പോൾ പ്രിയ അവിടേക്ക് പോവുന്നു. ഉണ്ണി വീണ്ടും പ്രഭയോടെ തർക്കിക്കുമ്പോൾ, നീ വല്യേച്ചീന്നും പറഞ്ഞിരുന്നോ, ഒടുവിൽ നിനക്ക് ഞാനേ കാണു എന്ന് അവനോടും പ്രഭ അർത്ഥംവെച്ചു പറയുന്നു.
സുനിലും പ്രിയയും കോളേജിൽ നിന്നും മടങ്ങുന്ന വഴിക്ക് പ്രഭ രവിയുമായി സംസാരിച്ചു നിൽക്കുന്നത് കാണുന്നു. അതുകണ്ട് സുനിൽ രവിയുടെ ഉടക്കാൻ നിൽക്കുമ്പോൾ രവി സുനിലിന്റെ കോളറിൽ കേറിപ്പിടിക്കുന്നു. സുനിൽ അവനുമായി മല്പിടിത്തം നടത്താൻ പോവുമ്പോൾ ഇവിടെ വെച്ച് ബഹളമുണ്ടാക്കേണ്ടെന്നും, ആളുകൾ കണ്ടാൽ അത് മോശമാവുമെന്നും പറഞ്ഞ് പ്രിയ സുനിലിനെ പിടിച്ചു മാറ്റുന്നു. പിന്നീട് പ്രിയ പ്രഭയെ ശകാരിക്കുമ്പോൾ, തന്നെ ഭരിക്കാൻ വരേണ്ടെന്നും, നീ എന്റെ സ്വന്തം ചേച്ചിയല്ലെന്നും, അച്ഛന്റെ ആദ്യ ഭാര്യയിലെ മകളാണെന്നും, നിന്റെ അമ്മ അങ്ങ് കാശ്മീരിലാണെന്നും, സത്യഭാമ എല്ലാം എന്നോട് പറഞ്ഞുവെന്നും പ്രഭ പറയുമ്പോൾ, പ്രിയയും സുനിലും പകച്ചു പോവുന്നു.
വിഷമത്തോടെ വീട്ടിലേക്ക് ഓടിച്ചെല്ലുന്ന പ്രിയ ഉഷയോട് പ്രഭ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞ് അതെല്ലാം സത്യമാണോ എന്ന് ചോദിക്കുമ്പോൾ, ഉഷ അവളെ എന്തെല്ലാമോ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. ആ നേരത്ത് പുറകെ വരുന്ന പ്രഭയെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അടിച്ചുകൊണ്ട്, നീ എന്റെ മോളെ എന്നിൽ നിന്നും അകറ്റുമല്ലേ എന്ന് ഉഷ ചോദിക്കുമ്പോൾ, സത്യഭാമ എന്നോട് എല്ലാം പറഞ്ഞുവെന്ന് പ്രഭ പറയുന്നു. അതുകേട്ട്, അമ്പരന്നു നിന്നുകൊണ്ട്, ദൈവമേ പേടിച്ചിരുന്നത് സംഭവിച്ചല്ലോ എന്ന് വിഷമത്തോടെ പറഞ്ഞുകൊണ്ട്, പ്രിയയുടെ അടുത്തു ചെന്ന്, ഈ വക സംസാരമെല്ലാം കേട്ട് എന്നെ വെറുക്കല്ലേ എന്നും, നീയെന്നെ വെറുത്താൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ലെന്നും, നിന്നെ ഞാൻ ഭർത്താവിനെക്കാളും സ്നേഹിക്കുന്നുവെന്നും പറഞ്ഞ് വിലപിക്കുന്നു. അപ്പോൾ കൃഷ്ണകുമാർ അവിടേക്ക് കയറി വരുന്നു. ഉഷ ഉടനെ കൃഷ്ണകുമാറിന്റെ അടുത്ത് ചെന്ന്, ആ നശിച്ച സ്ത്രീ പ്രഭയോട് എന്തെല്ലാമോ പറഞ്ഞിരിക്കുന്നുവെന്നും, അതുകേട്ട് ഞാനല്ലേ പ്രിയയെ പ്രസവിച്ചതെന്ന് പ്രഭ പ്രിയയോട് പറഞ്ഞിരിക്കുന്നുവെന്നും, പ്രിയയെ നിങ്ങൾ ഒന്ന് പറഞ്ഞു മനസ്സിലാക്കു എന്നും, അവളോട് ഞാൻ കാണിക്കുന്ന സ്നേഹം കള്ളമല്ലെന്ന് പറഞ്ഞു മനസ്സിലാക്കു എന്നും ഉഷ കരഞ്ഞുകൊണ്ടേ കൃഷ്ണകുമാറിനോട് കെഞ്ചുന്നു. കൃഷ്ണകുമാർ ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ, എല്ലാവരും ചേർന്ന് എന്റെ മോളെ എന്നിൽ നിന്നും കൊണ്ടുപോവുമോ എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ് പ്രിയയുടെ അടുത്ത് വന്ന് അവളെ തന്നോട് ചേർത്ത് പിടിക്കുന്നു ഉഷ. അപ്പോൾ, കൃഷ്ണകുമാർ അവരുടെ അടുത്തേക്ക് വന്നു നിന്ന്, ഇനി കരഞ്ഞിട്ട് ഒരു കാര്യമില്ലെന്നും, പ്രിയയ്ക്ക് പതിനെട്ടു വയസ്സ് പൂർത്തിയായി എന്നും ഉഷയോട് പറഞ്ഞ ശേഷം, പ്രിയയെ നോക്കി സത്യഭാമ പ്രഭയോട് പറഞ്ഞതും, പ്രഭ നിന്നോട് പറഞ്ഞതും സത്യമാണെന്നും, നിന്നെ പ്രസവിച്ചത് ഉഷ അല്ലെന്നും പറയുമ്പോൾ പ്രിയ ഞെട്ടുകയും, ഉഷ പൊട്ടിക്കരയുകയും ചെയ്യുന്നു. ഇതെല്ലാം കളിച്ചുകൊണ്ടിരുന്ന ഉണ്ണിയും മിനിയും കേൾക്കുന്നു. അപ്പോൾ, ഉഷയോടായി കൃഷ്ണകുമാർ പറയുന്നു - നാം എന്തും നേരിടാനുള്ള കരുത്ത് സമ്പാദിക്കണം എന്നും, നീ കരഞ്ഞത് കൊണ്ടോ ഈശ്വരനോട് വേവലാതിപ്പെട്ടത് കൊണ്ടോ സത്യം സത്യമല്ലാതാവുമോ, സത്യം അഗ്നിയാണ് അതെന്നെങ്കിലും ഒരിക്കൽ ആളിക്കത്തും, മറച്ചുവെച്ചാൽ അത് മനസ്സിനെ തന്നെ എരിച്ചു കളയും, പ്രിയയോട് എല്ലാം തുറന്ന് പറയുന്നതല്ലേ നല്ലത്. ഉഷ എല്ലാം കേട്ട് വിമ്മിഷ്ടത്തോടെ നിൽക്കുന്നു. പ്രഭയാവട്ടെ അരിശത്തോടെ നോക്കി നിൽക്കുന്നു. അപ്പോൾ കൃഷ്ണകുമാർ പ്രഭയോട് ഉണ്ണിയേയും മിനിയെയും വിളിച്ചുകൊണ്ട് അപ്പുറത്തേക്ക് പോകാൻ പറയുന്നു.
അവർ മൂവരും അവിടുന്ന് പോയതും, എന്റെ മക്കൾക്കും ഈ നാട്ടുകാർക്കും അറിയാത്ത ഒരു ഭൂതകാലം തനിക്കുണ്ടെന്നും, താനൊരിക്കലും ഇഷ്ടപ്പെടാത്ത തന്റെ ഭൂതകാലം എന്നും, നിന്റെ അമ്മയുമൊത്ത് താൻ നയിച്ച ദാമ്പത്യത്തിന്റെ കഥ എന്നും, ഇങ്ങിനെയൊരവസരം ഒരച്ഛനും ജീവിതത്തിൽ ഉണ്ടാവാൻ പാടില്ലെന്നും, തകർന്ന ദാമ്പത്യത്തെക്കുറിച്ച് അച്ഛൻ മകളോട് പറയുക എന്നും, ഈ വിഷയത്തിൽ അച്ഛന് പറയാവുന്ന കാര്യത്തിൽ ഒരു പരിധിയുണ്ടെന്നും, ഇന്ന് താനത് പറഞ്ഞില്ലെങ്കിൽ നിന്റെ ദുഃഖം വർദ്ധിക്കുമെന്നും, ഒരുപക്ഷേ നാളെ നീ എന്നെ കുറ്റവാളിയായി കണ്ടുവെന്നും വരും എന്ന് കൃഷ്ണകുമാർ പ്രിയയോട് പറയുന്നു. അതുകേട്ട്, തന്റെ അമ്മയെക്കുറിച്ച് തനിക്ക് എല്ലാം അറിയണമെന്നും, അച്ഛൻ എല്ലാം തുറന്നു പറയണമെന്നും പ്രിയ ശഠിക്കുന്നു. അവളുടെ നിർബന്ധത്തിന് വഴങ്ങി കൃഷ്ണകുമാർ തന്റെ ഭൂതകാലത്തെക്കുറിച്ച് പറയുന്നു.
കാശ്മീരിലെ ഒരു വേദിയിൽ ഗംഗ (ആലം) അവതരിപ്പിച്ച ഒരു നൃത്ത പരിപാടി കഴിഞ്ഞ ശേഷം ഭാരവാഹികളിലൊരാൾ സി.പി.ഡബ്ല്യൂ എഞ്ചിനീയർ ആയ കൃഷ്ണകുമാറിനെ അവർക്ക് പരിചയപ്പെടുത്തിയ ശേഷം പരിപാടിയെക്കുറിച്ച് അവരോട് അഭിപ്രായം പറയാൻ പറയുന്നു. അതുകേട്ട്, തനിക്ക് ധൃതിയുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. അപ്പോൾ, ഗംഗയുടെയടുത്ത് നിൽക്കുന്ന നടനം സത്യഭാമ, ഞങ്ങളുടെ കലാപരിപാടിയെക്കുറിച്ച് ഒരു വാക്കെങ്കിലും പറയണമെന്ന് പറയുന്നു. അതുകേട്ട്, ശ്രീനഗറിലെ മലയാളികളുടെ കലാപരിപാടികൾ കാണാനാണ് താൻ വന്നതെന്നും, പക്ഷേ ഇവിടെ നടന്നത് കൈകൊട്ടിക്കളിയും കഥകളിയുമൊന്നുമല്ലല്ലോ എന്നും, കവ്വാലി കേൾക്കാൻ ഇതുപോലൊരു സദസ്സിൽ വരണമെന്നില്ലെന്നും പറയുമ്പോൾ ഗംഗയും, സത്യഭാമയും നീരസത്തോടെ നിൽക്കുന്നു. അന്നേരം, താൻ തന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളുവെന്നും, ഗംഗയുടെ നൃത്തവും പാട്ടും നന്നായിരുന്നുവെന്നും, പക്ഷേ നൃത്തം കേരളീയമായിരുന്നെങ്കിൽ എന്ന് കൃഷ്ണകുമാർ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ സത്യഭാമ ഇടയ്ക്ക് കയറി, പാട്ട് മലയാളം നൃത്തം ഉത്തരേന്ത്യൻ, ഇതല്ലേ യഥാർത്ഥ ഇന്റഗ്രെഷൻ എന്ന് ചോദിക്കുന്നു. അതുകേട്ട്, അവരോട് നിങ്ങളും മലയാളി ആണോ എന്ന് കൃഷ്ണകുമാർ ചോദിക്കുമ്പോൾ, സംശയമുണ്ടോ എന്ന് സത്യഭാമ പറയുന്നു. അതിന് കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ലെന്ന് കൃഷ്ണകുമാർ പറയുമ്പോൾ, അതാണ് തന്റെ പ്രതേകതയെന്നും പറഞ്ഞ ശേഷം സത്യഭാമ അവരെക്കുറിച്ച് പറയുന്നു - തന്റെ പേര് നടനം സത്യഭാമയാണെന്നും, കഴിഞ്ഞ പത്തു വർഷമായിട്ട് താൻ കൽക്കത്തയിലായിരുന്നുവെന്നും, ഗംഗയും താനും ഒരുമിച്ചാണ് കൽക്കത്ത വിട്ടതെന്നും പറയുന്നു. അതുകേട്ട്, വളരെ നല്ല കാര്യം എന്ന് പറഞ്ഞ് കൃഷ്ണകുമാർ അവരോട് വിട വാങ്ങുന്നു.
കൃഷ്ണകുമാർ ദൽ തടാക തീരത്ത് നിൽക്കുമ്പോൾ ഗംഗ അവിടേക്ക് അദ്ദേഹത്തെ കാണാൻ വരുന്നു. അപ്പോൾ, താനൊരു തികഞ്ഞ ഇന്ത്യക്കാരനാണെന്നും, അന്ന് താൻ പറഞ്ഞത് അതിന്റെ തികഞ്ഞ സ്പിരിറ്റിലല്ല നിങ്ങൾ മനസ്സിലാക്കിയതെന്നും, അവസരോചിതമല്ലാതെ അവതരിപ്പിക്കുന്ന ഏതൊരു കലാസൃഷ്ടിയും ആകര്ഷണീയമാവില്ലെന്നേ താൻ അന്ന് പറഞ്ഞതിനർത്ഥമുള്ളു എന്നും കൃഷ്ണകുമാർ പറയുന്നു. അതുകേട്ട്, അന്നത്തെ തന്റെ നൃത്തം ശരിക്കും ഇഷ്ടമായില്ല എന്ന് ഗംഗ ചോദിക്കുന്നു. അതുകേട്ട്, നിങ്ങളുടെ നൃത്തം ഇതിന് മുൻപും താൻ കണ്ടിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. അപ്പോൾ, തനിച്ചാണോ എന്ന് ഗംഗ ചോദിക്കുന്നു. എല്ലായിപ്പോഴും എന്ന് കൃഷ്ണകുമാർ പറയുമ്പോൾ, താനും എന്ന് നാണിച്ചുകൊണ്ട് ഗംഗ പറയുന്നു.
കൃഷ്ണകുമാറും ഗംഗയും പെട്ടെന്ന് തന്നെ അടുക്കുന്നു. അവർ ഒരുമിച്ച് അവിടമാകെ കറങ്ങി നടക്കുന്നു. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ച നേരം, വിവാഹത്തെക്കുറിച്ച് തനിക്ക് സ്വപ്നങ്ങളെ ഉണ്ടായിരുന്നില്ലെന്നും, എന്നാൽ നിങ്ങളെ കണ്ടതിന് ശേഷം എന്ന് ഗംഗ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഒരു കലാകാരിയെ വിവാഹം കഴിക്കാൻ താൻ ഒരിക്കലും തയ്യാറായിരുന്നില്ലെന്നും, എന്നാൽ ഗംഗ തന്റെ ധാരണകളെ തിരുത്തി എന്ന് കൃഷ്ണകുമാർ ഇടയ്ക്ക് കയറി പറയുന്നു. അതുകേട്ട്, അയ്യോ വിവാഹത്തിന് ശേഷം ഞാൻ നൃത്തം ചെയ്യുന്നത് ഇഷ്ടമല്ലേ എന്ന് ഗംഗ ചോദിക്കുന്നു. അതിന്, നൃത്തം തുടരുന്നതിൽ തനിക്ക് വിരോധമില്ലെന്നും, ഒരു ഭാര്യയുടെ കടമകളെക്കുറിച്ച് ബോധമുണ്ടായിരുന്നാൽ മതിയെയെന്നും കൃഷ്ണകുമാർ പറയുന്നു. അതുകേട്ട്, അക്കാര്യത്തിൽ വിഷമിക്കേണ്ടെന്നും, താനൊരു നല്ല കുക്ക് ആണെന്നും ഗംഗ പറയുമ്പോൾ, എന്നാൽ വീട്ടിൽ വന്ന് ഉടൻ തന്നെ പാചകം തുടങ്ങു എന്നും, തനിക്ക് ആരെയും അറിയിക്കാനില്ലെന്നും, ആരോടും അനുവാദം വാങ്ങിക്കാനുമില്ലെന്നും കൃഷ്ണകുമാർ പറയുന്നു. അതിന്, അച്ഛൻ അമ്മ എന്ന്...... ഗംഗ ചോദിക്കുമ്പോൾ, അവരെ കണ്ട ഓർമ്മ പോലും ഇല്ലെന്നും, അമ്മൂമ്മയാണ് തന്നെ വളർത്തിയതെന്നും, അമ്മൂമ്മ മരിച്ചതോടെ വീടുമായിട്ടുള്ള എല്ലാ ബന്ധവും അറ്റുവെന്നും, തനിക്ക് ഗംഗ ഭാര്യ മാത്രമായിരിക്കില്ല എല്ലാമെല്ലാമായിരിക്കുമെന്നും, തനിക്ക് സ്നേഹിക്കാനും തന്നെത്തന്നെ സമർപ്പിക്കാനും വേറെ ആരുമില്ലെന്നും കൃഷ്ണകുമാർ പറയുന്നു. അവർ വിവാഹിതരാവുന്നു.
ആദ്യ കുറെ നാളുകളിൽ ഗംഗ മിക്കവാറും വീട്ടിൽത്തന്നെ കഴിഞ്ഞു. സന്തോഷകരമായ ദിവസങ്ങളായിരുന്നു അത്. ഒരു ദിവസം രണ്ടുപേരും പുറത്തു കറങ്ങാൻ പോയിരിക്കുമ്പോൾ ഗംഗയ്ക്ക് തലകറങ്ങുന്നു എന്ന് പറയുമ്പോൾ, കൃഷ്ണകുമാർ അവൾ ഒരു ഗർഭം ധരിച്ചിരിക്കുമെന്നും, ഡോക്ടറെ കാണാം എന്നും പറയുന്നു. അതുകേട്ട്, അങ്ങിനെയൊന്നും പറയരുതേയെന്നും, തനിക്ക് ഒരിക്കലും പ്രസവിക്കേണ്ടെന്നും, പ്രസവിച്ചാൽ തന്റെ ഭംഗി നഷ്ടപ്പെടുമെന്നും, അത് തന്റെ ആരാധകർക്ക് സഹിക്കാൻ കഴിയില്ലെന്നും പറയുമ്പോൾ കൃഷ്ണകുമാർ ഞെട്ടുകയും, ഒരു കുഞ്ഞുണ്ടാകേണ്ടത് നമ്മൾ രണ്ടുപേരുടെയും ആവശ്യമാണെന്നും പറയുന്നു. അന്നേരം, അതിപ്പോൾ വേണ്ടെന്നും, ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ നർത്തകി ആവാനാണ് തന്റെ ആഗ്രഹമെന്നും, പുതിയ തരം നൃത്തങ്ങൾ ഇനിയും തനിക്ക് പഠിക്കണമെന്നും, തന്റെ നൃത്ത സംഘവുമായി ലോകം മുഴുവൻ സഞ്ചരിക്കണമെന്നും, നിങ്ങളും എന്റെ കൂടെ വരണമെന്നും, നമുക്ക് ലോകം മുഴുവൻ സഞ്ചരിച്ച് നിറയെ പണം സമ്പാദിക്കണമെന്നും, ശ്രീനഗറിലെ ഡൽഹിയിലും ബോംബെയിലും ഓരോ ഡാൻസ് സ്കൂൾ തുടങ്ങണമെന്നും, എല്ലാ സുഖവാസ സ്ഥലങ്ങളിലും സ്വന്തം കോട്ടേജ്, ഇതൊക്കെയാണ് തന്റെ സ്വപ്നം എന്നും ഗംഗ പറയുന്നു. അതുകേട്ട്, നീ നൃത്തം ചെയ്യുന്നത് കാണുമ്പോൾ തനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളുവെന്നും, കലയോടുള്ള നിന്റെ ആവേശം ഇല്ലാതാക്കണമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, എന്നാൽ നീ ആഗ്രഹിക്കുന്നത് ഒരു വലിയ കലാകാരിയാവാനല്ല എന്നും, വലിയ പണക്കാരിയാവാനാണ് എന്നും കൃഷ്ണകുമാർ നീരസത്തോടെ പറയുന്നു. അതിന്, അങ്ങിനെയാണെങ്കിൽ തന്നെ അതിൽ തെറ്റെന്താണെന്ന് ഗംഗ ചോദിക്കുന്നു. അപ്പോൾ, നീ നിന്റെ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞുവെന്നും, താൻ തന്റെ സ്വപ്നങ്ങളെക്കുറിച്ച് പറയാമെന്നും, അവ വളരെ ലളിതമാണെന്നും, സ്വന്തമായൊരു കൊച്ചു വീട് രണ്ടു കുട്ടികൾ, നിന്നെപ്പോലൊരു മകൾ എന്നെപ്പോലൊരു മകൻ, നമ്മൾ കേരളത്തിലേക്ക് മടങ്ങും, നമ്മൾ ചെറിയ തോതിൽ സ്വന്തമായൊരു ബിസിനസ് തുടങ്ങുന്നു എന്ന് കൃഷ്ണകുമാർ പറയുന്നു. അതുകേട്ട്, മതി നിർത്തു എന്നും, തനിക്ക് തല ചുറ്റുന്നുവെന്നും നീരസത്തോടെ ഗംഗ പറയുമ്പോൾ, നമുക്ക് ഡോക്ടറെ കാണാമെന്നും പറഞ്ഞ് കൃഷ്ണകുമാർ അവളെയും കൂട്ടി പോവുന്നു.
ഗംഗ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുമ്പോൾ സത്യഭാമയും, മന്മഥനും അവളെക്കാണാൻ വരുന്നു. വേണ്ടാ വേണ്ടാന്ന് എത്ര എടുത്തു പറഞ്ഞിട്ടും നീ കേട്ടില്ലല്ലോ എന്ന് സത്യഭാമ പറയുമ്പോൾ, ഈ സ്ഥിതിയിൽ തന്നെക്കൊണ്ട് നൃത്തം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് ഗംഗ വിഷമിക്കുന്നു. അപ്പോൾ, പുതിയ കുറെ വിദേശ പ്രോഗ്രാമുകൾ ഒത്തുവന്നിട്ടുണ്ടെന്ന് സത്യഭാമ പറയുന്നു. ആ നേരത്ത് നഴ്സ് വന്ന് അവർ വിശ്രമിക്കട്ടെയെന്ന് ദേഷ്യത്തോടെ പറയുമ്പോൾ, ഇന്നത്തേക്ക് മാത്രമല്ല ഇനി മരണം വരെ നിനക്ക് വിശ്രമം തന്നെയെന്ന്, നിന്റെ വിധി എന്ന് കളിയാക്കുന്നപോലെ പറഞ്ഞിട്ട് സത്യഭാമയും മന്മഥനും തിരിച്ചു പോവുന്നു.
ഗംഗ ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. സത്യഭാമയും മന്മഥനും അവളെ വീണ്ടും കാണാൻ വരുന്നു. അപ്പോൾ, തന്റെ വയറിൽ ഒരുപാട് പാടുകളുണ്ടോ എന്ന് ഗംഗ സത്യഭാമയോട് ചോദിക്കുമ്പോൾ, എന്ത് ഭംഗിയുള്ള വയറായിരുന്നു നിന്റേത് എന്നും, ഇപ്പൊ അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം എന്ന് പറഞ്ഞ് നെടുവീർപ്പിടുന്നു. അല്പം മൗനത്തിന് ശേഷം, നമുക്ക് റിഹേർസൽ തുടങ്ങണമെന്നും, കൂടുതൽ വാശിയോടെ തനിക്ക് രംഗത്ത് തിരിച്ചു വരണമെന്നും ഗംഗ പറയുന്നു. അതുകേട്ട്, വിദേശ പര്യടനം നടത്തണമെങ്കിൽ പുതിയ ഇനങ്ങൾ കൂടി വേണമെന്നാണ് ദേശായി സാർ പറയുന്നതെന്ന് സത്യഭാമ പറയുന്നു. അതിന്റെ തുടർച്ചയെന്നോണം, ഒരു കാബറെ സ്റ്റൈൽ എന്ന് മന്മഥൻ പറയുന്നു. ഗംഗ നിശ്ചയിച്ചുറയ്ക്കുന്നു - നൃത്ത രംഗത്ത് വീണ്ടും സജീവമാകണം.
കുഞ്ഞിനേയും വീടും നോക്കാതെ ഗംഗ രാത്രിയെന്നും പകലെന്നുമില്ലാതെ എപ്പോഴും തിരക്കിലാണ്. കുഞ്ഞിനെ നോക്കാൻ ഒരു വേലക്കാരിയെ ചുമതലപ്പെടുത്തുന്നു. രാത്രയിൽ കുഞ്ഞ് കരയുമ്പോൾ വേലക്കാരി പലപ്പോഴും ശ്രദ്ധിക്കാറില്ല. കൃഷ്ണകുമാറായിരിക്കും കുഞ്ഞിനെ നോക്കുന്നത്.
കൃഷ്ണകുമാറിന്റെ അയൽവാസിയാണ് ഉഷ. ഉഷ അവളുടെ അമ്മാവൻ (ശങ്കരാടി), അമ്മായി ശാന്തമ്മ (മീന)-യോടൊപ്പമാണ് താമസം. ഉഷയ്ക്ക് അവിടെ ഒരു വേലക്കാരിയുടെ സ്ഥാനം പോലുമില്ല. രാത്രികളിൽ കൃഷ്ണകുമാറിന്റെ കുഞ്ഞ് കരയുന്നത് ജനാലയിലൂടെ വേദനയോടെ ഉഷ നോക്കി നിൽക്കുമ്പോൾ ശാന്തമ്മ അവളെ ശകാരിക്കുന്നത് പതിവാണ്. പതിവുപോലെ കുഞ്ഞു കരയുന്നത് വേദനയോടെ ജനാലയിലൂടെ നോക്കി നിൽക്കുമ്പോൾ കൃഷ്ണകുമാറും, ഗംഗയും വഴക്കിടുന്നതും കേൾക്കാനിടവരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ വീട്ടിലേക്ക് കയറി വരുന്ന ഗംഗയെ കൃഷ്ണകുമാർ അരിശത്തോടെ ഉറ്റു നോക്കുമ്പോൾ, കൃഷ്ണകുമാറിനെ നോക്കി ഗംഗ കയർക്കുന്നു - എന്തിനാ മുഖം വീർപ്പിക്കുന്നത്, ഞാൻ വ്യഭിചാരിക്കാനൊന്നുമല്ല പോയത് - അതുകേട്ട് കൃഷ്ണകുമാർ അരിശത്തോടെ പിന്നെ എന്ന് ചോദിക്കുന്നു. അതിന്, ഡാൻസ് റിഹേർസലിനാണ് എന്ന് ഗംഗ പറയുമ്പോൾ, കൃഷ്ണകുമാർ ഒന്നു പതുക്കെ പറയെടി, നിന്റെ ദാമ്പത്യ സുഖം ഞാൻ മാത്രം അറിഞ്ഞാൽപ്പോരേ, അയൽക്കാരെക്കൂടി അറിയിക്കണോ എന്ന് ദേഷ്യത്തോടെ പറയുന്നു. അതുകേട്ട്, നിങ്ങളുടെ ജീവിത സുഖത്തിന് വേണ്ടി എന്റെ സൗന്ദര്യത്തിന്റെ പാതിയും നശിപ്പിച്ചില്ലേ എന്ന് ഗംഗ ചോദിക്കുമ്പോൾ, സൗന്ദര്യം സൗന്ദര്യം സൗന്ദര്യം, നീ ആരാ ഉർവശിയോ, അതോ മേനകയോ, ഞാൻ നിശബ്ദനായി ഒതുങ്ങുന്നത് ഭീരുവായതു കൊണ്ടല്ല, നിന്നെ മര്യാദ പഠിപ്പിക്കാൻ അറിഞ്ഞുകൂടാഞ്ഞിട്ടുമല്ല, കുഞ്ഞു കരയുന്നത് മുലപ്പാലിനു വേണ്ടിയാണ്, ആ വേഷമൊക്കെ മാറ്റി സ്ത്രീയെപ്പോലെ പോയി ആ കുഞ്ഞിന് മുലകൊട് എന്ന് കൃഷ്ണകുമാർ ദേഷ്യത്തോടെ പറയുന്നു. അതിന്, കുഞ്ഞിന് കൊടുക്കാൻ ഫാരെക്സും, ലാക്ടോജെനുമുണ്ട് എന്ന് ഗംഗ പുച്ഛത്തോടെ പറയുന്നു. അതുകേട്ട്, അതു പോരാ എന്നും, നമ്മുടെ കുഞ്ഞിന്റെ ഇന്റസ്റ്റൈൻ വളരെ വീക്കാണെന്നും, ഒരു വയസ്സു വരെ മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കൃഷ്ണകുമാർ പറയുന്നു. അപ്പോൾ, ഡോക്ടർ പറഞ്ഞില്ല, നിങ്ങൾ പറയിച്ചു, എന്റെ സൗന്ദര്യത്തോട് നിങ്ങൾക്ക് അസൂയയാണ്, അതു നശിപ്പിക്കാൻ ഓരോ മാർഗം കണ്ടുപിടിക്കുകയാണ് എന്ന് ഗംഗ നീരസത്തോടെ പറയുന്നു. അതുകേട്ട്, കുഞ്ഞിന് മുലകൊടുക്കടി എന്ന് കൃഷ്ണകുമാർ ദേഷ്യത്തോടെ പറയുമ്പോൾ, പേടിപ്പിക്കരുതെന്ന് ഗംഗ പറയുന്നു. അപ്പോൾ, കൃഷ്ണകുമാറിന്റെ നിയന്ത്രണം തെറ്റുകയും അവളുടെ ചെകിടത്തടിക്കുകയും ചെയ്യുന്നു. അന്നേരം, നിങ്ങൾ എന്നെ അടിച്ചു, എല്ലാം ഞാൻ നശിപ്പിക്കും എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ഗംഗ അകത്തേക്ക് പോയി കൈയ്യിൽ കിട്ടിയതെല്ലാം എറിഞ്ഞുടയ്ക്കുന്നു. കൃഷ്ണകുമാർ നിശ്ചലനായി നിൽക്കുന്നു. എല്ലാം കേട്ടുകൊണ്ട് അയലത്ത് ഉഷയും.
ഉഷ വീണ വായിച്ചുകൊണ്ടിരിക്കുമ്പോൾ കൃഷ്ണകുമാർ കുഞ്ഞിനേയും എടുത്ത് വീടിന് പുറത്ത് ഉലാത്തുകയായിരുന്നു. അല്പം കഴിഞ്ഞതും ഉഷ ഉമ്മറത്തേക്ക് വരികയും കൃഷ്ണകുമാറും ഉഷയും നേർക്ക് നേർ കാണുകയും ചെയ്യുന്നു. അന്നേരം ശാന്തമ്മ അവളെ വിളിക്കുമ്പോൾ ഉഷ അകത്തേക്ക് പോകുന്നു. അപ്പോൾ, അടുത്തുള്ള ഫിലിപ്പിന്റെ വീടു വരെ പോകണമെന്നും, അയാളുടെ വീട്ടിൽ സ്വിറ്റസർലാണ്ടിൽ നിന്നും ചിലർ വന്നിട്ടുണ്ടെന്നും, അവർക്ക് കർണാടക സംഗീതം കേൾക്കണമെന്നും, ഞാൻ നിന്നെ കൊണ്ടു ചെല്ലാമെന്നേറ്റു എന്നും, അതിനായി പെട്ടെന്ന് ഉടുത്തൊരുങ്ങി റെഡി ആകു എന്നും ശാന്തമ്മ ഉഷയോട് പറയുന്നു. അതുകേട്ട്, താൻ വരുന്നില്ലെന്നും, അവർ നല്ല ആൾക്കാരല്ലെന്നും ഉഷ പറയുമ്പോൾ, ശാന്തമ്മ അവളെ ശകാരിച്ച് റെഡി ആവാൻ വീണ്ടും പറയുന്നു. അന്നേരം, അമ്മാവൻ അവിടേക്ക് കയറി വന്ന് അവൾക്ക് ഇഷ്ടമല്ലെങ്കിൽ എന്തിനാണ് അവളെ നിർബന്ധിക്കുന്നത് എന്ന് ചോദിക്കുമ്പോൾ, കിട്ടുന്ന ശമ്പളം നിങ്ങൾ രണ്ടാളുടെ ചിലവിന് തന്നെ പോരാ എന്ന് ശാന്തമ്മ കയർക്കുന്നു. അമ്മാവൻ വായടച്ചു നിൽക്കുന്നു. അന്നേരം, ശാന്തമ്മ ഉഷയെ വീണ്ടും നിർബന്ധിക്കുമ്പോൾ, എന്തായാലും താൻ അവിടെ വരില്ലെന്ന് തീർത്തു പറയുന്നു. അപ്പോൾ, ശാന്തമ്മ അവളുടെ കരണത്തടിക്കുന്നു. അപ്പോൾ, ആ വീണ തനിക്ക് ദേവിയെപ്പോലെയാണെന്നും, ഇവിടെ അമ്മാവന്റെ അനന്തിരവളായിട്ടല്ല അടുക്കളക്കാരിയായിട്ടാണ് താൻ ഇവിടെ കഴിയുന്നതെന്നും, തന്റെ ആഹാരത്തിന് വേണ്ടി താൻ അടുക്കളയിൽ ജോലി ചെയ്യുന്നുണ്ടെന്നും, വീണ കൈയ്യിലെടുത്ത് വിദേശികൾ താമസിക്കുന്ന ഹോട്ടലുകൾ തോറും കയറിയിറങ്ങാൻ എന്തായാലും തനിക്ക് വയ്യെന്ന് വേദനയോടെ ഉഷ തീർത്തു പറയുന്നു.
ഗംഗ റിഹേഴ്സലിന് പോകാൻ ഒരുങ്ങുമ്പോൾ, മകൾക്ക് പനിയാണെന്നും ഇന്ന് റിഹേർസലിന് പോകേണ്ടെന്നും കൃഷ്ണകുമാർ അവളോട് പറയുമ്പോൾ, രാത്രി പ്രോഗ്രാം ഉള്ളത് കൊണ്ട് തനിക്ക് പോയേ പറ്റു എന്ന് ഗംഗ പറയുന്നു. അതുകേട്ട്, കുഞ്ഞിന് പനി കൂടിയാലോ എന്ന് കൃഷ്ണകുമാർ ചോദിക്കുമ്പോൾ, നിങ്ങൾക്ക് അവധിയെടുത്തു കൂടെ എന്ന് ഗംഗ കൂളായി ചോദിക്കുന്നു. അതുകേട്ട് പല്ലുറുമ്മുന്ന കൃഷ്ണകുമാറിനെ നോക്കി, വേര് പല്ല് കടിച്ചു പൊട്ടിക്കേണ്ടെന്നും, ടൂറിസ്റ്റിന് വേണ്ടി അറേഞ്ച് ചെയ്ത പ്രോഗ്രാമാണെന്നും, തനിക്ക് പോകണം എന്നും ഗംഗ തീർത്തു പറയുന്നു. അതുകേട്ട്, തനിക്ക് ഇന്ന് ഇൻസ്പെക്ഷൻ ഉള്ള ദിവസമാണെന്നും, അവധിയെടുക്കാൻ പറ്റില്ലെന്നും കൃഷ്ണകുമാർ പറയുമ്പോൾ, ചെറിയ പണിയുണ്ടെന്ന് വെച്ച് കുഞ്ഞു മരിച്ചു പോവുകയൊന്നുമില്ലെന്ന് ഗംഗ കൂളായി പറയുന്നു. അപ്പോൾ, നിനക്ക് ആട്ടമല്ലേ മുഖ്യം അത് നടക്കട്ടെയെന്ന് അരിശത്തോടെ പറഞ്ഞ്, വേലക്കാരിയോട് കുഞ്ഞിനെ നല്ലപോലെ നോക്കാൻ പറഞ്ഞിട്ട് കൃഷ്ണകുമാർ അവിടുന്നും പോകുന്നു.
അവർ ഇരുവരും പോയ ശേഷം വേലക്കാരി കുഞ്ഞിനെ നോക്കാതെ ആരോടോ സൊറപറഞ്ഞുകൊണ്ടിരിക്കുമ്പോൾ കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. ഒരുപാട് നേരമായി കരയുന്നത് കൊണ്ട് സഹതാപം തോന്നുന്ന ഉഷ അവിടെച്ചെന്ന് കുഞ്ഞിനെ ശുശ്രുഷിക്കുന്നു. ആ നേരത്ത് അവിടേക്ക് കൃഷ്ണകുമാർ വരുന്നു. അപ്രതീക്ഷിതമായി അദ്ദേഹത്തെ കാണുന്ന ഉഷ, കുഞ്ഞ് കുറെ നേരമായി കരയുകയായിരുന്നു എന്നും, അത് സഹിക്കാൻ കഴിയാതെ വന്നതാണെന്നും പറയുന്നു. കൃഷ്ണകുമാർ അവളോട് നന്ദി അറിയിക്കുന്നു. ഉഷ പെട്ടെന്ന് തിരിച്ചു പോവുന്നു. കൃഷ്ണകുമാർ മനസ്സിൽ എന്തോ കണക്കു കൂട്ടുന്നു.
വീട്ടിലെത്തിയതും ശാന്തമ്മ അവളോട് എവിടെപ്പോയി എന്ന് ചോദിക്കുമ്പോൾ, ഉഷ കാര്യം പറയുന്നു. അതുകേട്ട്, ഇത്രേം കാലമായിട്ടും തന്നെ മൈൻഡ് ചെയ്യാതെ അയാളുടെ വീട്ടിലേക്ക് നീ എന്തിനാണ് പോയതെന്നും, അയാളുടെ കുഞ്ഞ് കരഞ്ഞാൽ നിനക്കെന്താ ദണ്ണം എന്നും, നിന്റെ വീണയുമെടുത്ത് അയാളുടെ പുറകെ പോകാനാണോ ഉദ്ദേശം എന്ന് അരിശത്തോടെ ചോദിക്കുമ്പോൾ, അസഭ്യം പറയരുതെന്ന് അമ്മാവൻ പറയുന്നു. അതുകേട്ട്, ഇരുപത് കൊല്ലമായി ഇത് കേട്ടോണ്ടിരിക്കുന്നു, ഇനി ചാവുന്നത് വരെ കേട്ടേ പറ്റു എന്ന് ശാന്തമ്മ നീരസത്തോടെ പറയുന്നു. ഉഷ തന്റെ മുറിയിലേക്ക് പോകുന്നു.
നാമമാത്രമായ വസ്ത്രവും ധരിച്ച് ഹോട്ടലിൽ കാബറെ നൃത്തം ചെയ്ത ശേഷം തന്റെ മുറിയിൽ പ്രവേശിക്കുന്ന ഗംഗ അവിടെ കൃഷ്ണകുമാറിനെക്കണ്ട് ഒന്ന് പകച്ചു പോവുന്നു. അപ്പോൾ, അവളെ നോക്കി കൃഷ്ണകുമാർ പുച്ഛത്തോടെ പറയുന്നു - ടൂറിസ്റ്റുകൾക്ക് വേണ്ടി നടത്തുന്ന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, അവിടെ നീ പ്രസവിച്ച കുഞ്ഞ് കിടപ്പുണ്ട്, മരണവുമായി പോരാടുന്നു, ഇവിടെ നീ പണമുണ്ടാക്കാൻ വേണ്ടി ആഭാസ നൃത്തം ചെയ്യുന്നു. അതുകേട്ട്, നൃത്തം തന്റെ തൊഴിലാണെന്ന് ഗംഗ പറയുമ്പോൾ, തൊഴിൽ .... നിന്റെ ശരീരം പൊതു പ്രദർശനത്തിന് വെക്കാനുള്ളതല്ലെന്നും, ഇത് ഡാൻസ് അല്ലാ നഗ്ന താണ്ഡവമാണെന്നും കൃഷ്ണകുമാർ അവളോട് കയർക്കുന്നു. അതിന്, എനിക്ക് വസ്ത്രം മാറ്റണമെന്നും, പ്രോഗ്രാം കഴിഞ്ഞിട്ടില്ലെന്നും ഗംഗ പറയുമ്പോൾ, ഇനി പ്രോഗ്രാം വീട്ടിൽ ചെന്നിട്ട് എന്ന് കൃഷ്ണകുമാർ പറയുന്നു. അതുകേട്ട്, എന്നെ അപമാനിക്കാനാണോ ഭാവം എന്ന് ഗംഗ കയർക്കുന്നു. അപ്പോൾ, അപമാനിക്കാൻ ഇനി എന്തു ബാക്കിയിരിക്കുന്നു എന്ന് കൃഷ്ണകുമാറും കയർക്കുന്നു. അന്നേരം ഹോട്ടലിലെ ഒരു ജോലിക്കാരൻ വന്ന് പ്രോഗ്രാമിന് നേരമായി എന്ന് പറയുമ്പോൾ, ദയവു ചെയ്ത് നിങ്ങൾ ഇവിടുന്ന് പോകു എന്ന് ഗംഗ കൃഷ്ണകുമാറിനോട് കെഞ്ചുന്നു. അതുകേട്ട്, എന്റെ കൂടെ നീയും വരുമെന്ന് കൃഷ്ണകുമാർ ശഠിക്കുന്നു. അപ്പോൾ, അവരെ ഡിസ്റ്റർബ് ചെയ്യരുതെന്ന് ജോലിക്കാരൻ പറയുമ്പോൾ കൃഷ്ണകുമാർ അയാളെ പിടിച്ചു തള്ളുന്നു. എന്നിട്ട് ഗംഗയെയും വിളിച്ച് വീട്ടിലെത്തുന്നു.
വീട്ടിലെത്തിയ ഗംഗ തന്റെ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, ഒരിക്കൽ വീടു വിട്ടിറങ്ങിയാൽ പിന്നെ ഈ വീടിന്റെ പാടി ചവിട്ടാൻ കഴിയില്ല എന്നും, കുഞ്ഞിനെ ഓർത്തെങ്കിലും ഇവിടെ കഴിയണമെന്നും, ഒരു നല്ല ഭാര്യയും അമ്മയുമായി കഴിയാൻ ഇനിയും നിനക്ക് സമയമുണ്ടെന്ന് കൃഷ്ണകുമാർ പറയുമ്പോൾ, തനിക്കതിന് കഴിയില്ലെന്നും, കുഞ്ഞിനെ നിങ്ങൾ തന്നെ വളർത്തിക്കൊള്ളൂ എന്നും, തനിക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും, വിവാഹമോചനം വേണമെന്നും പറഞ്ഞ് ഗംഗ വീടു വിട്ടിറങ്ങുന്നു.
ഇത്രയും സംഭവങ്ങൾ വിവരിച്ച ശേഷം കൃഷ്ണകുമാർ പ്രിയയെ നോക്കി തുടരുന്നു - ഞങ്ങളുടെ വിവാഹമോചനം നടന്നു, നിനക്ക് അസുഖം കൂടിക്കൂടി വന്നു, ഞാൻ അവധിയെടുത്ത് വീട്ടിൽ ഇരുന്നു, നിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് മനസ്സലിഞ്ഞ വീട്ടുകാരുടെ വിലക്ക് മാനിക്കാതെ ഉഷ കൂടെക്കൂടെ നിന്നെ ശുശ്രുഷിക്കാൻ ഓടിയെത്തി, ഉഷയുമായി നീ കൂടുതൽ അടുത്തു - ഇത്രയും പറഞ്ഞ ശേഷം കൃഷ്ണകുമാർ വീണ്ടും പഴയ ഓർമ്മകളിലേക്ക് തിരിച്ചു പോവുന്നു. രാത്രി നേരം വൈകിയിട്ടും കുഞ്ഞിനെ നോക്കുന്ന ഉഷയോട് കൃഷ്ണകുമാർ അവളുടെ വീട്ടിലേക്ക് തിരിച്ചു പോവാൻ പറയുന്നു. വീട്ടിലെത്തുന്ന ഉഷയെ ശാന്തമ്മ കുത്തുവാക്കുകൾ പറഞ്ഞു നോവിക്കുന്നു. നീ എത്ര തന്നെ നോക്കിയാലും ആ കൊച്ച് ഉടൻ തന്നെ ചാവും എന്നൊക്കെ പറയുന്നു. കൃഷ്ണകുമാർ എല്ലാം വേദനയോടെ കേൾക്കുന്നു.
ശാന്തമ്മയുടെ ശകാരം കാരണം രണ്ടുമൂന്ന് ദിവസം ഉഷയ്ക്ക് കുഞ്ഞിനെ നോക്കാൻ കഴിയാതെ വരുന്നു. അതിനു ശേഷം കൃഷ്ണകുമാർ കുഞ്ഞുമായി പുറത്തു നിൽക്കുമ്പോൾ ഉഷ മോളുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും, തനിക്ക് ജോലിത്തിരക്കു കാരണം കുഞ്ഞിനെ കാണാൻ വരാൻ പറ്റിയില്ലെന്നും ഉഷ പറയുമ്പോൾ, മോൾക്കിപ്പോ നല്ല സുഖമുണ്ടെന്നും, ഉഷയുടെ കാര്യമെല്ലാം താൻ അറിയുന്നുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.
ഉഷ വീട്ടിലില്ലാത്ത നേരം നോക്കി സത്യഭാമ ശാന്തമ്മയെക്കണ്ട് ഗംഗയെ മയക്കിയെടുത്തത് പോലെ കൃഷ്ണകുമാർ ഉഷയെയും മയക്കിയെടുക്കുമെന്ന് പറയുകയും, ഒരു കലാകാരി ഒരിക്കലും വിവാഹം കഴിക്കരുതെന്നും, ഉഷ വീണ വായിച്ച് പാട്ട് പാടിയാൽ കാശ് ഒരുപാട് കിട്ടുമെന്നും പറയുമ്പോൾ, അവൾ അതിന് സമ്മതിക്കുന്നില്ലല്ലോ എന്ന് ശാന്തമ്മ പറയുന്നു. എല്ലാം കേട്ടു നിൽക്കുന്ന അമ്മാവൻ, നിങ്ങളെ ആ കൃഷ്ണകുമാറിന്റെ ഭാര്യയാണോ ഇങ്ങോട്ട് പറഞ്ഞയച്ചത് എന്ന് ചോദിക്കുന്നു. അതിന്, അവർ അല്ലെന്നും താൻ തന്നെയാണ് വന്നതെന്നും സത്യഭാമ പറയുന്നു. അമ്മാവൻ ചോദിച്ചത് ശാന്തമ്മയ്ക്ക് ദഹിക്കുന്നില്ല. ഇതെല്ലാം കേട്ടുകൊണ്ട് ഉഷ വീട്ടിലേക്ക് കയറി വരുന്നു. ഉഷയെക്കണ്ടതും സത്യഭാമ സ്ഥലം വിടുന്നു.
അർദ്ധരാത്രിയിൽ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വാതിൽ തുറക്കുന്ന കൃഷ്ണകുമാർ മുന്നിൽ ഉഷ നിൽക്കുന്നത് കണ്ട് പകച്ചു പോവുന്നു. ഉഷയുടെ കൈയ്യിലെ കെട്ടു കണ്ട് കാര്യം തിരക്കുമ്പോൾ, അവർ എനിക്ക് അവസാനമായി തന്ന സമ്മാനമാണെന്ന് ഉഷ പറയുന്നു. ഈ രാത്രി ഉഷ ഇവിടെ കഴിഞ്ഞാൽ ....... എന്ന് കൃഷ്ണകുമാർ സംശയത്തോടെ ചോദിക്കുമ്പോൾ, തന്നെ ഇവിടുന്ന് ഇറങ്ങിപ്പോവാൻ പറയരുതെന്നും, അങ്ങിനെ പറഞ്ഞാൽ താൻ ജീവിച്ചിരിക്കില്ലെന്നും, മരിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും, കുഞ്ഞിനെ ലാളിച്ച് താനിവിടെ ഒരു വേലക്കാരിയെപ്പോലെ കഴിഞ്ഞോളം എന്നും ഉഷ പറയുന്നു. അതുകേട്ട്, ഈ വീട്ടിൽ ഒരു പുതിയ ജോലിക്കാരിയെ ആവശ്യമില്ലെന്നും, തനിക്ക് ഒരു രണ്ടാം ഭാര്യയെ ആവശ്യമുണ്ടെന്ന് ഈ നിമിഷം വരെ തോന്നിയിട്ടില്ലെന്നും, എങ്കിലും തന്റെ മകൾക്ക് ഒരു അമ്മ കൂടിയേ തീരു എന്നും, ഉഷയേക്കാൾ നല്ലൊരു അമ്മയെ തന്റെ മോൾക്ക് കിട്ടുമോ എന്നും കൃഷ്ണകുമാർ പറയുമ്പോൾ സന്തോഷത്താൽ ഉഷയുടെ കണ്ണുകൾ നിറയുന്നു. ഉഷ കൃഷ്ണകുമാറിന്റെ കാൽക്കൽ വീഴുന്നു. കൃഷ്ണകുമാർ ഉഷയെ തന്റെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നു.
ചില ദിവസങ്ങൾക്ക് ശേഷം കൃഷ്ണകുമാർ ഉഷയെയും, മോളെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പോയി അവിടെ വെച്ച് ഉഷയോട് ചില കാര്യങ്ങൾ പറയുന്നു - കുഞ്ഞ് സുഖമില്ലാതെ കിടക്കുമ്പോഴെല്ലാം അവധിയെടുത്തത് കാരണം തന്നെ ജോലിയിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നുവെന്നും, പോരാത്തതിന് തന്റെ സ്വഭാവശുദ്ധിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നും, തന്റെ ആദ്യ ഭാര്യയും നിന്റെ അമ്മാവനുമാണ് പരാതിക്കാർ എന്നും കൃഷ്ണകുമാർ പറയുമ്പോൾ, നമ്മളിനി എന്തു ചെയ്യുമെന്ന് ഉഷ ചോദിക്കുന്നു. അതിന്, താൻ ഉദ്യോഗം രാജിവെക്കുമെന്നും, നമ്മൾ നാട്ടിലേക്ക് തിരിക്കുമെന്നും, താൻ കാശ്മീരിൽ വെച്ച് പ്രേമ വിവാഹം കഴിച്ചു എന്നത് മാത്രമേ നാട്ടുകാർക്ക് അറിയുള്ളു എന്നും, ആ പെണ്ണാണ് നീയെന്നും, നീ പ്രസവിച്ച മോളാണ് പ്രിയ എന്നുമേ നാട്ടുകാരോട് പറയാവു എന്നും കൃഷ്ണകുമാർ പറയുന്നു.
ഇത്രയും വിവരിച്ച ശേഷം, കൃഷ്ണകുമാർ വീണ്ടും പ്രിയയോട് പറയുന്നു - താൻ ഇപ്പോഴും അങ്ങിനെയാണ് വിശ്വസിക്കുന്നത്, ഉഷ നിന്റെ സ്വന്തം അമ്മയാണ്, അവൾ ഏറ്റവും കൂടുതൽ ചിരിച്ചതും ഏറ്റവും കൂടുതൽ കരഞ്ഞതും നിനക്കു വേണ്ടിയാണ്. അന്നേരം ഉഷ പ്രിയയുടെയടുത്ത് ചെന്ന്, തന്നെ ഒരിക്കലും രണ്ടാനമ്മയായി കരുതരുതേയെന്ന് കേഴുന്നു. അതുകേട്ട്, അമ്മയുടെ സ്നേഹത്തെ താൻ ഒരിക്കലും കുറച്ചു കാണുന്നില്ലെന്നും, പക്ഷേ നിങ്ങൾ രണ്ടാനമ്മയാണെന്ന് അറിഞ്ഞതും സഹിക്കാൻ കഴിയുന്നില്ലെന്നും, തന്റെ അമ്മ എത്ര ചീത്തയാണെങ്കിലും അവർ തന്റെ സ്വന്തം അമ്മയല്ലേ എന്ന് പ്രിയ ചോദിക്കുന്നു. അതിന്, പതിനെട്ടു കൊല്ലം ഞാൻ നിനക്ക് തന്ന സ്നേഹത്തിനേക്കാൾ വലുതാണോ സ്വന്തമെന്ന വാക്ക് എന്ന് ഉഷ കുപിതയായി ചോദിക്കുമ്പോൾ, അതെയെന്നും, സ്വന്തമെന്ന വാക്കിന്റെ വില വളരെ വലുതാണെന്നും, തന്നെ പ്രസവിച്ച സ്ത്രീ എത്ര ചീത്തയായാലും അവരാണ് തന്റെ അമ്മയെന്നും, അവരുടെ ശരീരത്തിന്റെ ഒരു ഭാഗമല്ലേ താനെന്നും പ്രിയ ചോദിക്കുമ്പോൾ ഉഷ വിതുമ്പിക്കൊണ്ട് നിൽക്കുന്നു. അപ്പോൾ, നീയെന്തിന് കരയുന്നുവെന്നും, പ്രിയ പറഞ്ഞത് സത്യമല്ലേയെന്നും, ഗംഗ അവളുടെ പെറ്റമ്മയാണെന്നും, നീ അവളുടെ വളർത്തമ്മയും എന്ന് കൃഷ്ണകുമാർ പറയുമ്പോൾ, താൻ വെറും രണ്ടാനമ്മയാണല്ലേ, സത്യമാണത്രെ സത്യം എന്നു ചോദിച്ച് ഉഷ വീണ്ടും വിതുമ്പുന്നു. അതുകേട്ട്, നിന്റെ ഈ ദുഃഖം തന്നെയാണ് ഏറ്റവും വലിയ സത്യമെന്നും, പ്രിയ ഒരു ദിവസം അത് മനസ്സിലാക്കുമെന്നും, അതുവരെ എല്ലാം സഹിച്ചേ പറ്റുവെന്നും കൃഷ്ണകുമാർ പറയുന്നു. എല്ലാവരും വിഷമത്തോടെ ആ രാത്രി കഴിച്ചു കൂട്ടുന്നു.
അടുത്ത ദിവസം പ്രിയ സത്യഭാമയെക്കണ്ട് തന്റെ അമ്മയുടെ ഫോട്ടോസ് കാണണമെന്ന് പറയുന്നു. അവർ അവൾക്ക് ഗംഗയുടെ ഫോട്ടോസ് കാണിച്ചു കൊടുക്കുന്നു. സത്യഭാമ പ്രിയയുടെ മനസ്സിൽ വിഷം നിറയ്ക്കുന്നു. പ്രിയ ആ ആൽബത്തിൽ നിന്നും ഒരു ഫോട്ടോ എടുത്തുകൊണ്ട് വീട്ടിലേക്ക് മടങ്ങുന്നു. വീട്ടിലെത്തിയതും പ്രിയ തന്റെ അമ്മയെയടുത്തേക്ക് പോകണം എന്ന് ശഠിക്കുന്നു. ഉഷ അവളെ ഒരുപാട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നു. പക്ഷേ പ്രിയ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. അതുകൊണ്ട് കൃഷ്ണകുമാർ അവൾക്ക് മദ്രാസിൽ നിന്നും ശ്രീനഗറിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് എടുത്തുകൊടുക്കുന്നു. പ്രിയ താൻ കാശ്മീരിലേക്ക് പോകുന്ന കാര്യം സുനിലിനെ അറിയിക്കുന്നു. നീ എവിടെ പോയാലും നിന്നെ കെട്ടുന്നത് താനായിരിക്കും എന്ന് സുനിൽ പറയുന്നു. പ്രിയ കാശ്മീരിലേക്ക് പോകുന്ന വിവരം അവിടെ ഒളിഞ്ഞു നിൽക്കുന്ന രവി കേൾക്കുകയും, അവനും അവിടേക്ക് പോകാൻ നിശ്ചയിക്കുകയും ചെയ്യുന്നു.
അന്നു രാത്രി കൃഷ്ണകുമാർ സുനിലിനെ വിളിച്ച്, പ്രിയയ്ക്ക് അവളുടെ അമ്മയെ ശരിക്കും അറിയില്ലെന്നും, പക്ഷേ തന്റെ ആദ്യ ഭാര്യയെ തനിക്ക് നല്ലപോലെ അറിയാമെന്നും, പ്രിയ പുറപ്പെടുന്നതിന് മുൻപ് സുനിൽ കാശ്മീരിൽ എത്തണമെന്നും, അവിടെച്ചെന്ന് പ്രിയ അറിയാതെ പ്രിയയുടെ ഓരോ ചലനങ്ങളും സുനിൽ നിരീക്ഷിക്കണമെന്നും, തന്റെ മകളുടെ ഭാവി സുനിലിന്റെ കൈയ്യിൽ എന്നും സുരക്ഷിതമായിരിക്കുമെന്നും പറഞ്ഞ് സുനിലിനെ സമ്മതിപ്പിച്ച് പറഞ്ഞയക്കുന്നു.
പ്രിയ വിമാന മാർഗം ശ്രീനഗറിൽ എത്തിച്ചേരുന്നു. ശ്രീനഗറിൽ എത്തിച്ചേർന്നതും ആരും കൂട്ടിചെല്ലാൻ വരാത്തത് കാരണം അവൾ തന്നെ ഒരു ടാക്സി പിടിച്ച് ദൽ തടാകത്തിനു സമീപത്തുള്ള തന്റെ അമ്മയുടെ ബംഗ്ലാവിൽ എത്തിച്ചേരുന്നു. അവിടെ അവളെ വേലക്കാരി സ്വീകരിച്ച് അവൾക്കായി ഒരുക്കിയ മുറിയിലേക്ക് കൊണ്ടുപോവുന്നു. അവളോട് പ്രിയ അമ്മയെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അവർക്ക് തിരക്കുകാരണം എയർപ്പോർട്ടിലേക്ക് വരാൻ സാധിച്ചില്ലെന്നും, കുറച്ചു കഴിഞ്ഞു വരുമെന്നും വേലക്കാരി പറയുന്നു. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം പ്രിയ അറിയാതെ അവളെ പിന്തുടരുന്ന സുനിൽ പ്രിയ അമ്മയുടെ വീട്ടിൽ ഭദ്രമായി എത്തിച്ചേർന്നത് കണ്ട് തിരിച്ചു പോവുന്നു. പ്രിയ തങ്ങളെ വിട്ടുപിരിഞ്ഞത് കാരണം കൃഷ്ണകുമാറിന്റെ കുടുംബം ദുഃഖത്തിൽ കഴിയുന്നു.
അല്പനേരത്തിന് ശേഷം പുറത്തു പോയ പ്രിയയുടെ അമ്മ ഗംഗ തിരിച്ചു വരുന്നു. വന്നപാടെ പ്രിയയുടെ സൗന്ദര്യത്തെ പ്രശംസിച്ച ശേഷം, ആ മനുഷ്യൻ നിന്നെ എന്റടുത്തേക്ക് അയക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗംഗ പറയുമ്പോൾ, അച്ഛൻ സമ്മതിച്ചതുകൊണ്ടാണ് താൻ ഇങ്ങോട്ട് വന്നതെന്ന് പ്രിയ പറയുന്നു. അതുകേട്ട്, ഇപ്പോൾ നിനക്ക് വിവാഹപ്രായമായില്ലേ, പണച്ചിലവുണ്ട്, സാരമില്ല, ഐ ആം റിച്ച്, എന്റെ സമ്പാദ്യത്തിൽ ഒരു പങ്ക് ഞാൻ നിനക്ക് തരുമെന്ന് ഗംഗ പറയുന്നു. അപ്പോൾ, താൻ പണത്തിനു വേണ്ടിയല്ല വന്നതെന്നും, അമ്മയെ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും പ്രിയ പറയുന്നു. അതിന്, അത് തനിക്കറിയാമെന്ന് പറഞ്ഞ ശേഷം, ഇന്ന് താൻ വളരെ ബിസിയാണെന്നും, പുറത്തേക്ക് പോകേണ്ടതുണ്ടെന്നും, തിരിച്ചുവരാൻ ഒരുപാട് വൈകും എന്നതുകൊണ്ട് ആഹാരം കഴിച്ചു കിടന്ന് വിശ്രമിച്ചുകൊള്ളു എന്നും പറഞ്ഞ് ഗംഗ പുറത്തേക്ക് പോകുന്നു.
അവിടെ, പ്രിയ വീടുവിട്ടു പോയ ദുഃഖം കാരണം ഉണ്ണി ആഹാരം കഴിക്കാതെയിരിക്കുമ്പോൾ ഉഷ അവനോട് കയർക്കുന്നു. അപ്പോൾ, മക്കളെ സമാധാനിപ്പിക്കാതെ ഇങ്ങിനെ കയർക്കുന്നതെന്തിനെന്ന് കൃഷ്ണകുമാർ ഉഷയോട് ചോദിക്കുമ്പോൾ, മക്കളുടെ ദുഃഖം കാണാൻ കഴിയുന്നില്ലെന്നും, മരിക്കാൻ തോന്നുന്നെന്നും ഉഷ പറയുന്നു.
രാത്രി ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ പ്രിയ നാട്ടിൽ കുടുംബത്തോടൊപ്പം ഇരുന്ന് ആഹാരം കഴിച്ചതൊക്കെ ഓർക്കുന്നു. പിന്നീട്, വേദനയോടെ ആഹാരം കഴിക്കാതെ എഴുന്നേറ്റ് പോകുന്നു. മുറിയിൽപ്പോയി ഉറങ്ങാൻ ശ്രമിക്കുമ്പോൾ, ഉണ്ണിയുടെ ഓർമ്മകൾ അവളെ അതിനും സമ്മതിക്കുന്നില്ല. അവൾ പഴയതെല്ലാം ഓർത്ത് വിതുമ്പുന്നു. വളരെ വൈകി വീട്ടിലെത്തുന്ന ഗംഗ, പ്രിയ ഉറങ്ങാതെ മ്ലാനമായിരിക്കുന്നത് കണ്ട് കാരണമന്വേഷിക്കുന്നു. അതിനുത്തരം നൽകാതെ, തനിക്ക് നാളെ അമ്പലത്തിലേക്ക് പോകണം എന്നു പ്രിയ പറയുമ്പോൾ, കാശ്മീരിൽ കാണാൻ എന്തുമാത്രം സ്ഥലങ്ങളെല്ലാമുണ്ട്, കാറെടുത്ത് അവിടൊക്കെ പൊയ്ക്കൂടേ, അതൊന്നും നിനക്ക് കാണേണ്ടേ എന്ന് ഗംഗ ചോദിക്കുന്നു. അതിന്, തനിക്ക് ആദ്യം അമ്പലത്തിലേക്കാണ് പോകേണ്ടതെന്ന് പ്രിയ പറയുന്നു. അതുകേട്ട്, നിന്നെയും നിന്റെ അച്ഛൻ ഒരു വീട്ടുമൃഗമായി മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞ ശേഷം, ഇവിടെ അടുത്ത് തന്നെ ഒരു ക്ഷേത്രമുണ്ടെന്നും, സമയമുണ്ടെങ്കിൽ നിന്നെ കൊണ്ടുപോകാമെന്നും ഗംഗ പറയുന്നു.
അടുത്ത ദിവസം ഗംഗ പ്രിയയെ അമ്പലത്തിലേക്ക് കൊണ്ടുപോവുന്നു. അവിടെയെത്തിയതും, താൻ അമ്പലത്തിലേക്ക് വരുന്നില്ലെന്നും, നീ മാത്രം പോയി വരൂ എന്നും ഗംഗ പ്രിയയോട് പറയുന്നു. അതിനാൽ പ്രിയ മാത്രം അമ്പലത്തിലേക്ക് പോവുന്നു. അമ്പലത്തിലെ പടിക്കെട്ടുകൾ കയറുമ്പോൾ മുകളിൽ നിന്നും ഉഷ പടിയിറങ്ങി വരുന്നത് പോലെ പ്രിയയ്ക്ക് തോന്നുന്നു. ഉഷ അവളുടെ അടുത്ത് വന്ന്, അവളുടെ നെറ്റിയിൽ കുറി ഇടീച്ച ശേഷം മറയുന്നത് പോലെയും. അത് അവളുടെ കണ്ണുകൾ നിറയ്ക്കുന്നു. കണ്ണുകൾ തുടച്ച് പ്രിയ പടിക്കെട്ടുകൾ കയറി അമ്പലത്തിലേക്ക് പോകുന്നു.
സുനിൽ മുഗൾ ഗാർഡനിൽ പ്രിയ വരുന്നതും കാത്ത് നിൽക്കുന്നു. പിന്നീട്, അവൾ അവിടെ വരുന്നത് പോലെയും, അവളുമൊത്ത് ആടിപ്പാടി കാശ്മീർ മുഴുവനും കറങ്ങി നടക്കുന്നത് പോലെയും സ്വപ്നം കാണുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നിറങ്ങളിൽ നീരാടുന്ന ഭൂമി |
ശ്രീകുമാരൻ തമ്പി | ശ്യാം | പി ജയചന്ദ്രൻ, വാണി ജയറാം |
2 |
സന്ധ്യയാം മകളൊരുങ്ങീ |
ശ്രീകുമാരൻ തമ്പി | ശ്യാം | കെ ജെ യേശുദാസ് |
3 |
ആരംഭമെവിടെ അപാരതേ |
ശ്രീകുമാരൻ തമ്പി | ശ്യാം | കെ ജെ യേശുദാസ് |
4 |
കൂനാങ്കുട്ടിയെ |
ശ്രീകുമാരൻ തമ്പി | ശ്യാം | കെ ജെ യേശുദാസ്, വാണി ജയറാം, കോറസ് |
5 |
രാഗങ്ങൾ തൻ രാഗം |
ശ്രീകുമാരൻ തമ്പി | ശ്യാം | എസ് ജാനകി, കോറസ് |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) | |
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ |