സച്ചിൻ ശങ്കർ
ചങ്ങനാശേരി സ്വദേശിയായ സച്ചിൻ ശങ്കർ. ഗായകനും, സംഗീത സംവിധായകനുമാണ്. ഗവണ്മെന്റ് മോഡൽ ഹൈ സ്കൂൾ തിരുവനന്തപുരം,എംഎം ആർ എച് എസ് നീറാമങ്കര എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം എസ് സി ടി കോളേജിൽ നിന്നും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. കിങ്സ്റ്റൺ യൂണിവേർഴ്സിറ്റി ലണ്ടനിൽ നിന്നും ടെലിവിഷൻ /ചലച്ചിത്ര സംഗീതത്തിൽ ബിരുദവും എടുത്തിട്ടുണ്ട്. നെയ്യാറ്റിൻകര മോഹനചന്ദ്രൻ, വർക്കല ജയറാം എന്നിവരുടെ കീഴിൽ 13 വർഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. ചെന്നൈ മുന്നാ ഷൗക്കത്തലിയുടെ കീഴിൽ ഗസലും ഉറുദുവും അഭ്യസിച്ചു.
ലണ്ടനിലെ മിഡിൽ സെക്സ് സർവ്വകലാശാലയുടെ സംഗീതത്തിലെ ബിരുദകോഴ്സ് പൂർത്തിയാക്കിയ ആദ്യ മലയാളിയാണ് സച്ചിൻ. ചെന്നൈയിൽ ഏ ആർ റഹ്മാൻ ആരംഭിച്ച കെ എം കൺസർവേറ്ററിയിലായിരുന്നു സച്ചിന്റെ ആദ്യ രണ്ടു വർഷത്തെ പഠനം. ഏ ആർ റഹമാനെ ആദരിക്കുന്നതിനുവേണ്ടി മിഡിൽ സെക്സ് സർവ്വകലാശാല ഏർപ്പെടുത്തിയ 4 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് സച്ചിന് ലഭിക്കുകയുണ്ടായി. ലോകത്തെ ആദ്യ ഫിലിം ഓർക്കസ്ട്ര എന്നറിയപ്പെടുന്ന ജർമ്മൻ സാബിൾസ്ബർ ഏ ആർ റഹ്മാനെ ആദരിക്കാനായി മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ അവതരിച്ച ട്രൂപ്പിൽ സച്ചിനുമുണ്ടായിരുന്നു. എ ആർ റഹ്മാന്റെ കൂടെ ഇതേ ഓർക്കസ്ട്രയിൽ ജർമനിയിൽ വച്ച് പാടാൻ ലഭിക്കുന്ന ആദ്യത്തെ മലയാളിയും സച്ചിൻ തന്നെയാണ്. ഏ ആർ റഹ്മാൻ രൂപം നൽകിയ സൂഫി സംഗീതം സംഘത്തിലെ പ്രധാന ഗായകനും സച്ചിനാണ്. നിഷ് ബാൻഡ് എന്ന സംഗീത ബാൻഡിന്റെ സ്ഥാപകാനണ് സച്ചിൻ. അശ്വാരൂഢൻ ചിത്രത്തിലെ 'മേലെയായ് മേഘം' എന്ന ഗാനം ആലപിച്ചിട്ടുണ്ട്. ആർ ശരത് സംവിധനം ചെയ്ത "സ്വയം " എന്ന ചിത്രത്തിലെ സംഗീത സംവിധാനം സച്ചിന്റേതായിരുന്നു. മന്നത്ത് പത്മനാഭന്റെ ചെറുമകന്റെ മകനാണ് സച്ചിൻ ശങ്കർ. അച്ഛൻ ഡോ പി ബാലശങ്കർ മന്നത്ത്, അമ്മ അഡ്വക്കറ്റ് സരളാദേവി. സഹോദരി രീതി ഹരീഷ്. നിവേദിതയാണ് ഭാര്യ. ഇപ്പോൾ ചെന്നൈയിൽ താമസം
FB Page : Sachin Mannath
Website : www.sachinmannath.com