ആർ ശരത്ത്

R Sarath
സംവിധാനം: 6
കഥ: 5
സംഭാഷണം: 4
തിരക്കഥ: 5

മലയാള ചലച്ചിത്ര സംവിധായകൻ. കൊല്ലം ജില്ലയിലെ വിലക്കുടിയിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ പി ജി കഴിഞ്ഞ ശരത്ത് ഫിലിം പ്രൊഡക്ഷൺ ആൻഡ് ജേർണ്ണലിസത്തിൽ ട്രെയിനിംഗും കഴിഞ്ഞിട്ടുണ്ട്. 

ആർ ശരത് സിനിമാ സംവിധാന രംഗത്ത് തുടക്കം കുറിയ്ക്കുന്നത് 2000 ത്തിലാണ്. സായാഹ്നം ആണ് അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഒ.മാധവൻ, ജോമോൾ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച സായാഹ്നം മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും, മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡും നേടി. 2001 ലെ  Munich International Film Festival ൽ ഉൾപ്പെടെ വിവിധ ചലച്ചിത്ര മേളകളിൽ സായാഹ്നം പ്രദർശിപ്പിയ്ക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. 2003 ലാണ് ശരത്തിന്റെ രണ്ടാമത്തെ ചിത്രമായ സ്ഥിതി ഇറങ്ങുന്നത്. ഗായകൻ ഉണ്ണി മേനോൻ പ്രധാന വേഷത്തിലെത്തിയ, മധ്യവർഗ്ഗ കുടുംബങ്ങളുടെ കഥ പറഞ്ഞ സ്ഥിതി  Bangkok International Film Festival ഉൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. 2006 ൽ കാവ്യ മാധവനെ നായികയാക്കി ശീലാബതി എന്ന ചിത്രം സംവിധാനം ചെയ്തു. ബോക്സോഫീസ് വിജയം നേടിയ ചിത്രം തായ്വാനിലെ  Asia Pacific film festival പ്രദർശിപ്പിയ്ക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. 

ഒരു ഇന്തോ - ചൈനീസ് പ്രൊഡക്ഷൻ കമ്പനിക്കുവേണ്ടി 2011 ൽ ശരത് ഒരു ഹിന്ദി ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. "ദി ഡിസയർ എ ജേർണി ഓഫ് വുമൺ" എന്ന ആ സിനിമ നിരവധി രാജ്യാന്തര വേദികളിൽ പ്രദർശിപ്പിയ്ക്കുകയും അനവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു. Geneva International Film Festival, South Asian film festival New Jersey, New York city International Film Festival, Jaipur International Film Festival and official selection in Boston and London International Film Festivals. എന്നീ മേളകളിൽ നിന്നെല്ലാം അവാർഡുകൾ ഏറ്റുവാങ്ങി. 2012 ൽ നെടുമുടി വേണു, ശ്വേത മേനോൻ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച പറുദീസ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു. Mexican International Film Festival, Amsterdam Film Festival എന്നീ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിയ്ക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. 2016 ൽ ഇന്ദ്രൻസ്, പി ബാലചന്ദ്രൻ എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച ബുദ്ധനും ചാപ്ലിനും ചിരിയ്ക്കുന്നു എന്ന സിനിമയാണ് സംവിധാനം ചെയ്തത്. 2017 ൽ മധു പ്രധാനവേഷത്തിലഭിനയിച്ച സ്വയം എന്ന സിനിമയും സംവിധാനം ചെയ്തു. 

ഇന്ത്യ ഗവണ്മെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ്  കൾച്ചറലിൽ ജൂനിയർ ഫെലോഷിപ്പ് നേടി, ചുമർ ചിത്രകലയെ കുറിച്ച് ഗവേഷണം നടത്തിയ ആർ ശരത്ത് The Painted Epics, എന്ന രാജ്യാന്തര ലവലിൽ ശ്രദ്ധ നേടിയ ഡോക്യൂമെന്റ്രി സംവിധാനം ചെയ്തിട്ടുണ്ട്. പത്ത് ഡോക്യുമെന്റ്രികളും രണ്ട് ഷോർട്ട് ഫിലിംസും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കേരള ഗവ്ണ്മെന്റിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനാണ്. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമീഡിയ പ്രൊജക്ടായ ഗീതഗോവിന്ദ ത്തിന്റെ വിഷ്വൽ ഡയറക്ടറായിരുന്നു അദ്ധേഹം. 2007 ൽ IUKFF ഫെസ്റ്റിവൽ ഡയറക്ടറായിരുന്നു.

ആർ ശരത്തിന്റെ ഭാര്യ ബിന്ദു. മക്കൾ അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത്.