മുരളി
1954 മേയ് 25 ന് പി കൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. കുടവട്ടൂർ എൽ പി സ്കൂൾ, കൊട്ടാരക്കര തൃക്കണ്ണമംഗൽ ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി തിരുവനന്തപുരം എം ജി കോളേജ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് എന്നിവിടങ്ങളിൽ നിന്നും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടുകയും ആരോഗ്യവകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് ആയി ഔദ്ധ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു. പഠനകാലത്ത് ഇടതുപക്ഷവിദ്യാർഥിസംഘടനകളുടെ സഹയാത്രികനായിരുന്ന മുരളി പിന്നീട് അപ്പർ ഡിവിഷൻ ക്ലർക്ക് ആയി കേരളയൂണിവേർസിറ്റിയിൽ സേവനമനുഷ്ഠിച്ചു.
ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി‘ എന്ന ചിത്രത്തിലൂടെയാണ് മുരളി മലയാളസിനിമയിലേക്ക് കടന്നു വരുന്നത്. ജോലിയിലിരിക്കെ തന്നെ നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്ന മുരളി, നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ ഒരു സജീവാംഗമായിരുന്നു. ‘ഞാറ്റടി’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അരവിന്ദന്റെ ‘ചിദംബര’ത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ, ഹരിഹരന്റെ ‘പഞ്ചാഗ്നി’യാണ് മുരളിക്ക് മലയാളസിനിമയിൽ സ്ഥിരമായ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രം മുരളിയിലെ അഭിനേതാവിന്റെ യഥാർത്ഥ ചിത്രം മലയാളിക്ക് കാട്ടിക്കൊടുത്തു. 2002 ൽ ‘നെയ്ത്തുകാരൻ’ എന്ന ചിത്രത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യസമരസേനിയായ നെയ്ത്തുകാരനെ അവതരിപ്പിച്ച മുരളി ആ വർഷത്തെ നല്ല നടനുള്ള ദേശീയ പുരസ്ക്കാരം നേടി.
അഭിനയത്തിലെന്നപോലെ സാഹിത്യത്തിലും മുരളി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിൽ ‘അഭിനേതാവും ആശാന്റെ കവിതയും’ എന്ന ഗ്രന്ഥം സംഗീത നാടക അക്കാദമി അവാർഡ് നേടുകയുണ്ടായി.
സംഗീതനാടക അക്കാദമി ചെയർമാൻ ആയിരിക്കെ 2009 ആഗസ്റ്റ് 6 ന് മുരളി അന്തരിച്ചു.
ചിത്രം : നന്ദൻ