ഗിരീഷ് കർണാട്

Gireesh Karnad
Date of Birth: 
Thursday, 19 May, 1938
Date of Death: 
തിങ്കൾ, 10 June, 2019

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കന്നട എഴുത്തുകാരനും, നാടകകൃത്തും, നടനും,  ചലച്ചിത്രസംവിധായകനും, ടെലിവിഷൻ അവതാരകനുമായിരുന്ന ഗിരീ‍ഷ് കർണാഡ് മഹാരാഷ്ട്രയിലെ മാഥേരാൻ സ്വദേശിയാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം വിദ്യാഭ്യാസം ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 

1958 -ൽ ബിരുദം നേടിയ ഗിരീഷ് കർണാട് 1960 - 63 വർഷങ്ങളിൽ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു. ഈ സമയത്ത് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നിവ ഐഛിക വിഷയങ്ങളായെടുത്ത് മാസ്റ്റർ ബിരുദവും നേടി.1963 -ൽ ഓക്‌സ്‌ഫെഡ് യൂണിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.1963 -70 വരെ മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവർത്തിച്ചു. 1961 -ലാണ് ഗിരീഷിന്റെ ആദ്യ നാടകമായ "യയാതി" പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഒരു വർഷം പിന്നിടുമ്പോൾ "തുഗ്ളക്" എഴുതി. മുഖ്യമായും നാടകകൃത്തെന്നനിലയിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദൽ സർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 

1970 - 72 -ൽ നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി. Samskara എന്ന കന്നഡ ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാന നടനുമായി സിനിമാരംഗത്തു പ്രവേശിച്ച ഗിരീഷ് കർണാട്, കന്നഡ ചിത്രമായ Vamsha Vriksha സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് ഹിന്ദി സിനിമാവേദിയിൽ ശ്യാം ബെനഗലിനോടൊപ്പം പ്രവർത്തിച്ചു. ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗിരീഷ് കർണാട് എട്ട് കന്നഡ് സിനിമകളും മൂന്ന് ഹിന്ദി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. 1987 -ൽ ഇറങ്ങിയ നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. അതിനുശേഷം 1996 -ൽ ദി പ്രിൻസ് എന്ന മലയാള സിനിമയിലും ഗിരീഷ് കർണാട് അഭിനയിച്ചു. 

വിഖ്യാത എഴുത്തുകാരൻ ആർ.കെ നാരായണന്റെ പ്രശസ്‌ത നോവൽ മാൽഗുഡി ഡേയ്‌‌സ് ചലച്ചിത്ര ആവിഷ്‌കാരമായപ്പോൾ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരീഷ് കർണാടായിരുന്നു. അകിര കുറൊസാവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് Ondanondu Kaladalli എന്ന ആയോധനകലയ്ക്ക് പ്രാധാന്യം നല്കുന്ന ചിത്രവും അദ്ദേഹം നിർമ്മിക്കുകയുണ്ടായി. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78)/ കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ച ഗിരീഷ് കർണാട് 2019 ജൂണിൽ അന്തരിച്ചു.