മിസ് കുമാരി
ഒരുപക്ഷെ മലയാളത്തിലെ ആദ്യ സൂപ്പർ നായിക എന്ന പട്ടത്തിനു ഉടമയായിരിക്കണം മിസ് കുമാരി എന്ന ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മ.1932ൽ തോമസ്- ഏലിയാമ്മ ദമ്പതികളുടെ മകളായി ജനിച്ചു. അതുവരെ അഭിനയിച്ചു പരിചയമൊന്നുമില്ലാതിരുന്ന ത്രേസ്യാമ്മ തന്റെ 17ആം വയസ്സിൽ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത് 1949ൽ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ്. ഉദയായുടെ പ്രഥമചിത്രമായിരുന്ന വെള്ളിനക്ഷത്രത്തിൽ അത്ര പ്രാധാന്യമൊന്നുമുള്ള കഥാപാത്രമൊന്നുമല്ലെങ്കിലും ത്രേസ്യാമ്മയുടെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. സിനിമ സാമ്പത്തികമായി വലിയ ലാഭമൊന്നും കൊയ്തില്ലെങ്കിലും ത്രേസ്യാമ്മയുടെ “ തൃക്കൊടി തൃക്കൊടി വാനിൽ ഉയരട്ടെ” എന്ന പതാകഗാനരംഗം ശ്രദ്ധിക്കപ്പെട്ടു.
അങ്ങനെ 1950ൽ ഉദയായിൽ ചിത്രീകരിച്ച അടുത്ത ചിത്രമായ “നല്ലതങ്ക”യിൽ കുഞ്ചാക്കോയുടെ സഹനിർമ്മാതാവായ കെ വി കോശി ത്രേസ്യാമ്മയെ ആദ്യമായി മിസ് കുമാരി എന്ന പേരിൽ അവതരിപ്പിച്ചു. തമിഴിൽ പണം വാരിയ “നല്ല തങ്കാൾ” എന്ന ചിത്രത്തിന്റെ മലയാളം പതിപ്പായിരുന്ന നല്ല തങ്ക ‘മിസ് കുമാരി’യുടെ മാത്രമല്ല, സംഗീതസംവിധായകൻ ദക്ഷിണാമൂർത്തി, അന്നത്തെ സംഗീതനാടകങ്ങളിലൂടെ പ്രശസ്തനായിത്തുടങ്ങിയിരുന്ന അഗസ്റ്റിൻ ജോസഫ് (കെ ജെ യേശുദാസിന്റെ അച്ഛൻ), ഹാസ്യസംരാട്ട് എസ് പി പിള്ള എന്നിവരുടേയും അരങ്ങേറ്റചിത്രമായിരുന്നു. പി വി കൃഷ്ണയ്യർ സംവിധാനവും മുതുകുളം രാഘവൻ പിള്ള തിരക്കഥാരചനയും നിർവ്വഹിച്ച നല്ലതങ്ക അതിന്റെ നായികയോടൊപ്പം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.
തുടർന്നങ്ങോട്ട് മിസ് കുമാരി മലയാളസിനിമയിലെ ഒരു സവിശേഷസുന്ദരമായ സാന്നിദ്ധ്യമായി. നാടകപ്രവർത്തകനായിരുന്ന വൈക്കം വാസുദേവൻ നായർ നിർമ്മാതാവും പ്രധാന നടനുമായ “യാചകി” എന്ന ചിത്രത്തിൽ നായികാകഥാപാത്രമാായിരുന്നില്ല എങ്കിലും തൊട്ടു പുറകെ വന്ന “നവലോക”ത്തിൽ തിക്കുറിശ്ശിയുടെ നായിക ‘ദേവകി’യായി മിസ് കുമാരി മലയാളചലച്ചിത്രലോകത്ത് തന്റെ ഇരിപ്പിടം ഉറപ്പിച്ചു. കൈലാസ് പിക്ചേഴ്സിന്റെ നാരായണൻ നിർമ്മാതാവായ ‘ശശിധരൻ’, ‘ചേച്ചി’ എന്നീ ചിത്രങ്ങളും നായികയായി മിസ് കുമാരിയെത്തന്നെ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചു. ചേച്ചി പിന്നീട് നടികൈ എന്ന പേരിൽ തമിഴിൽ എടുത്തപ്പോഴും മിസ് കുമാരി തന്നെയായിരുന്നു നായിക. അവരുടെ തമിഴ് ചലച്ചിത്രലോകത്തിലെ അരങ്ങേറ്റമായി നടികൈ. മലയാളിയുടെ സിനിമാമാതൃസങ്കല്പങ്ങളുടെ ആദ്യ വാർപ്പുമാതൃകയായ ആറന്മുള പൊന്നമ്മ ആദ്യമായി ശശിധരൻ എന്ന ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായാണ് രംഗപ്രവേശം നടത്തിയത്.
തുടർന്ന് തിക്കുറിശ്ശിയുടെ നായികയായി വന്ന “നവലോകം” വി കൃഷ്ണൻ സംവിധാനം ചെയ്ത പൊൻകുന്നം വർക്കിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. 1952-ഇൽ നാലു ചിത്രങ്ങളിൽ ഇവർ നായികയായിരുന്നു. 1953-ഇൽ നീലാ പ്രിഡക്ഷൻസിന്റെ ബാനറിൽ പി സുബ്രഹ്മണ്യം ആദ്യമായി തന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ നിർമ്മിച്ച “ആത്മസഖി” നടൻ സത്യന്റെ ആദ്യമായി റിലീസ് ചെയ്യപ്പെട്ട ചിത്രം കൂടിയാണ്. അദ്ദേഹം ആദ്യമായി അഭിനയിച്ച ത്യാഗസീമ എന്ന ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല.
മിസ് കുമാരിയുടെ അഭിനയജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രം 1954ൽ പുറത്തിറങ്ങിയ ‘നീലക്കുയിലി’ലെ നീലി തന്നെയാണെന്ന് നിസ്സംശയം പറയാവുന്നതാണ്. മലയാളത്തിലെ ആദ്യ ദേശീയ അവാർഡ് ചിത്രമായ നീലക്കുയിലിനു വേണ്ടി കെ രാഘവൻ മാസ്റ്റർ രചിച്ച ഗാനങ്ങൾ അതുവരെ തമിഴ്-ഹിന്ദി ഗാനങ്ങളെ അനുകരിച്ച് വന്നിരുന്ന മലയാള ചലച്ചിത്രഗാനസംസ്കാരത്തിന് വേറിട്ട ഒരു വഴി വെട്ടിത്തുറന്നു.
1969 ജനുവരി 9നു തന്റെ 37ആം വയസ്സിൽ മിസ് കുമാരി മരിക്കുമ്പോൾ അവർ ബാക്കി വെച്ചത് മലയാള ചലച്ചിത്ര ചരിത്രത്തിൽ എടുത്തു പറയേണ്ടുന്ന അൻപതിലേറെ ചിത്രങ്ങളാണ്.
ഭർത്താവ് – ഹോർമിസ് തളിയത്
മക്കൾ - ജോണി, തങ്കച്ചൻ, ബാബു