മിഗ്ദാദ്
1952 ഏപ്രിൽ 3 ന് അലിക്കുഞ്ഞ് - ഹാജിറുമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കുട്ടിക്കാലത്ത് തന്നെ അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന മിഗ്ദാദ് വർക്കല എസ് എൻ കോളജിലും പത്തനംതിട്ട കോളേജിലും പഠിക്കുമ്പോൾ നാടകാഭിനയത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഗാനരചയിതാവ് ആയ ചുനക്കര രാമൻകുട്ടിയാണ് മിഗ്ദാദിനെ സിനിമാ രംഗത്ത് എത്തിച്ചത്. എം മണി നിർമ്മിച്ച് സംവിധാനം ചെയ്ത് 1982- ൽ റിലീസായ ആ ദിവസം എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. ആ സിനിമയിലെ ഭീകര നാൽവർ സംഘത്തിലെ ഒരാളായി മിഗ്ദാദ് ചെയ്ത കഥാപാത്രം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
മിഗ്ദാദിൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ വേഷം ആയിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത. മുത്താരംകുന്ന് പി.ഒ സിനിമയിലെ ഫയൽവാൻ. മയക്കുമരുന്ന് കലക്കിയ പാൽ കുടിച്ച് ഗുസ്തിക്കിടെ ഗോദയിൽ മയങ്ങി വീഴുന്ന "ജിംഖാന അപ്പുക്കുട്ടൻ പിള്ള" എന്ന ആ കഥാപാത്രം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. കുയിലിനെ തേടി, എന്റെ കളിത്തോഴൻ, ആനയ്ക്കൊരുമ്മ, അസുരൻ,.നന്മ നിറഞ്ഞവൻ ശ്രീനിവാസൻ തുടങ്ങിയ സിനിമകളിലും മിഗ്ദാദിന് ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു. പ്രൊഫഷണൽ നാടക അഭിനേതാവ് എന്ന നിലയിൽ മിഗ്ദാദ് കൊല്ലം യൂണിവേഴ്സൽ തിയേറ്റർസ്, തിരുവനന്തപുരം നവദർശന എന്നീ സംഘങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച വോളിബോൾ താരം കൂടിയായ മിഗ്ദാദ് ഏഴ് തവണ സംസ്ഥാന ടീമിൻ്റെയും ഒരു തവണ ഇന്ത്യൻ ടീമിൻ്റെയും ജഴ്സി അണിഞ്ഞിട്ടുണ്ട്. സ്പോർട്സ് കോച്ചായും പ്രവർത്തനം അനുഷ്ഠിച്ചിട്ടുണ്ട്.
മിഗ്ദാദിന്റെ ഭാര്യ റഫീഖാ മിഗ്ദാദ്.
മിറ മിഗ്ദാദ്, റമി മിഗ്ദാദ് എന്നീ രണ്ട് പെൺകുട്ടികളാണ് അവർക്കുള്ളത്. രണ്ട് പേരും വിവാഹിതരായി അവരവരുടെ കുടുംബത്തോടോപ്പം യു എ ഇ- യിൽ താമസിക്കുന്നു. മിഗ്ദാദ് ഭാര്യയോടൊപ്പം തിരുവനന്തപുരത്ത് ആണ് ഇപ്പോൾ താമസം.