കോരിത്തരിച്ച നാൾ
യൗവ്വനത്തിമിർപ്പിൽ അറിയാതെ ഒരു തെറ്റു ചെയ്തു പോവുന്ന കോളേജ് കുമാരി. വിവാഹത്തിന് ശേഷം അവളുടെ കുടുംബ ജീവിതത്തെ ആ തെറ്റ് ഒരു ബ്ലാക്മെയിലറുടെ രൂപത്തിൽ വേട്ടയാടുന്നു. ആ വേട്ടമൃഗത്തിൽ നിന്നും അവൾ രക്ഷപ്പെടുമോ? തകർച്ചയുടെ വക്കിലെത്തിനിൽക്കുന്ന അവളുടെ കുടുംബ ജീവിതം അവൾക്ക് തിരിച്ചു കിട്ടുമോ? "കോരിത്തരിച്ച നാൾ" അതിനുത്തരം നൽകുന്നു.
Actors & Characters
Actors | Character |
---|---|
വിജയൻ | |
ബാബു | |
ബാബുവിന്റെ അച്ഛൻ | |
കൽപ്പനയുടെ അച്ഛൻ | |
രവി | |
കല്പന | |
രേവതി | |
ഡോ. വാസന്തി | |
കൽപ്പനയുടെ കൂട്ടുകാരിൽ ഒരാൾ | |
റീത്ത | |
പണിക്കർ | |
ബൈജു മോൻ | |
ബിന്ദു മോൾ | |
കല്പനയെ ശല്യം ചെയ്യുന്നയാൾ | |
Main Crew
കഥ സംഗ്രഹം
തമിഴിൽ മുത്തുരാമൻ, വിജയകുമാർ, തേങ്കായ് ശ്രീനിവാസൻ, സുജാതാ, ഫടാഫട്ട് ജയലക്ഷ്മി എന്നിവരുടെ അഭിനയത്തിൽ പുറത്തുവന്ന "മയങ്കുകിറാൾ ഒരു മാത്" എന്ന ചിത്രത്തിന്റെ റീമേക് ആണ് "കോരിത്തരിച്ച നാൾ". പക്ഷേ, ഇതിന്റെ യഥാർത്ഥ കഥാകൃത്തായ "പഞ്ചു അരുണാചലം"-ത്തിന് ക്രെഡിറ്റ് നൽകിയിട്ടില്ല. ഈ ചിത്രം ഹിന്ദിയിലും "Bezuban" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടിരുന്നു.
വിഭാര്യനും, ധനികനുമായ ബിസിനസ്സുകാരന്റെ (അടൂർഭാസി) ഏക മകളാണ് കല്പന (ജ്യോതി). അവൾ ഹോസ്റ്റലിൽ താമസിച്ച് ഡിഗ്രിക്ക് പഠിക്കുകയാണ്. പഠിക്കുകയാണ് എന്ന് പറയുന്നതിനേക്കാൾ ഹോസ്റ്റൽ ജീവിതം അവൾ അർമ്മാദിക്കുകയാണ് എന്നുവേണം പറയാൻ - സഹവിദ്യാർഥിനികളുമായി ഹോസ്റ്റൽ നിയമങ്ങൾ ലംഘിച്ച് സിനിമ കണ്ടും, ഊരു ചുറ്റിയും. പോരാത്തതിന് മറ്റു വിദ്യാർത്ഥിനികളിൽ നിന്നും അശ്ലീല പുസ്തകങ്ങൾ വായിച്ച് കോരിത്തരിക്കുകയും ചെയ്യുന്നു. അവളുടെ മുറിയിൽ താമസിക്കുന്ന രേവതി (ജലജ) ഇതെല്ലാം തെറ്റാണെന്ന് അവളെ ഗുണദോഷിക്കുന്നുണ്ടെങ്കിലും, കല്പന അതൊന്നും കൂട്ടാക്കുന്നില്ല.
ഒരിക്കൽ കൂട്ടുകാരികളുമൊത്തു കടൽത്തീരത്ത് ഉല്ലസിച്ചിരിക്കുമ്പോൾ കല്പനയെ ചില റൗഡികൾ ഉപദ്രവിക്കുമ്പോൾ അവളെ അവരിൽ നിന്നും ബാബു (ഷാനവാസ്) എന്ന ചെറുപ്പക്കാരൻ രക്ഷിക്കുന്നു. ബാബുവും വലിയ ബിസിനസ്സുകാരന്റെ (ബാലൻ കെ.നായർ) ഏക മകനാണ്. പഠിത്തം പൂർത്തിയാക്കിയ അവൻ അച്ഛനെ ബിസിനെസ്സിൽ സഹായിക്കുന്നു. ആ സംഭവത്തിന് ശേഷം ബാബുവും കല്പനയും വീണ്ടും വീണ്ടും കണ്ടുമുട്ടുകയും, അത് പ്രേമത്തിൽ കലാശിക്കുകയും ചെയ്യുന്നു. ഒരിക്കൽ കല്പനയെയും കൂട്ടി സിനിമയ്ക്ക് പോവുന്ന ബാബു ടിക്കറ്റ് കിട്ടാതെ മടങ്ങുമ്പോൾ അവളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോവുന്നു. അവിടെ അവന്റെ നിർബന്ധത്തിന് വഴങ്ങി അവനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു.
അവളെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കുമ്പോൾ അവൻ അവൾക്ക് വാക്കു കൊടുക്കുന്നു - ഇനി നിന്നെ കാണാൻ വരുന്നത് അച്ഛനിൽ നിന്നും നിന്നെ വിവാഹം കഴിക്കാനുള്ള അനുവാദവും വാങ്ങിയ ശേഷമായിരിക്കും. നാളുകൾ കുറെയായിട്ടും ബാബു തിരിച്ചു വരാത്തതിൽ പരിഭ്രാന്തയായ കല്പന അവനെത്തേടിയിറങ്ങുന്നു. എന്നാൽ, അവന്റെ വിലാസം പോലുമറിയാത്ത അവൾക്കവനെ കണ്ടെത്താൻ കഴിയുന്നില്ല. താൻ വഞ്ചിക്കപ്പെട്ടു എന്നു കരുതുന്ന അവൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. എന്നാൽ തക്ക സമയത്ത് രേവതി ഹോസ്റ്റൽ ഡോക്ടറായ ഡോക്ടർ വാസന്തിയെ (കനകദുർഗ്ഗാ) അറിയിച്ച് അവളെ ഹോസ്പിറ്റലിൽ കൊണ്ടാക്കി രക്ഷപ്പെടുത്തുന്നു. അവളുടെ ജീവൻ രക്ഷിച്ച ഡോക്ടർ വാസന്തി രേവതിയോട് ആ സത്യം പറയുന്നു - അവൾ ഗർഭിണിയായിരുന്നുവെന്നും, ഗർഭം അലസിപ്പോയി എന്നും. രേവതിയിൽ നിന്നും ഡോകട്ർ അപ്പോഴാണറിയുന്നത് കല്പന അവിവാഹിതയാണെന്ന കാര്യം. ഇതറിഞ്ഞതും ഡോക്ടർ വാർഡനെ വിളിച്ച് വിവരം അറിയിക്കാൻ ഒരുങ്ങുമ്പോൾ രേവതി ഡോക്ടറെ അതിൽ നിന്നും വിലക്കുന്നു. കല്പനയ്ക്ക് തെറ്റു പറ്റിയതാണെന്നും, ഈ വിവരം പുറം ലോകമറിഞ്ഞാൽ അവൾ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്നും, അവളുടെ ജീവൻ രക്ഷിച്ച ഡോക്ടർ തന്നെ അവളെ വീണ്ടും മരണത്തിലേക്ക് പറഞ്ഞുവിടരുതെന്നും പറഞ്ഞ് കേഴുമ്പോൾ ഡോക്ടറിന്റെ മനസ്സ് മാറുന്നു. പഠനം പൂർത്തിയാക്കി കല്പനയും രേവതിയും വിടപറഞ്ഞ് പിരിയുന്നു.
കല്പനയ്ക്ക് ബിസിനെസ്സ്കാരൻ വിജയൻറെ (സോമൻ) വിവാഹാലോചന വരുന്നു. വിജയൻ ഒരു സഹോദരി മാത്രമേയുള്ളു. സഹോദരിയുമായി പെണ്ണുകാണാൻ വരുമ്പോൾ, വിജയൻറെ സഹോദരിയെക്കണ്ട് കല്പന ഞെട്ടുന്നു - കാരണം, അത് മറ്റാരുമല്ല, അവളുടെ ജീവൻ രക്ഷിച്ച ഡോക്ടർ വാസന്തി തന്നെയാണത്. ഡോക്ടർ കല്പനയുമായി ഒറ്റയ്ക്ക് സംസാരിക്കുമ്പോൾ അവൾ ഡോക്ടറോട് ഈ വിവാഹം വേണ്ടെന്ന് പറയാൻ പറയുന്നു. എന്നാൽ, ഡോക്ടർ അവൾക്കൊരു ജീവിതം കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. അവരുടെ സമ്മതത്തോടുകൂടി വിജയനും കല്പനയും തമ്മിലുള്ള വിവാഹം നടക്കുന്നു. ആദ്യ രാത്രിയിൽ വിജയൻ കല്പനയോട് തനിക്കൊരു പ്രേമമുണ്ടായിരുന്നുവെന്നും, അവളെ വിവാഹം കഴിക്കാനിരുന്നതായിരുന്നുവെന്നും, എന്നാൽ അവൾ തന്റെ സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടി മാത്രമാണ് പ്രേമിക്കുന്നത് പോലെ അഭിനയിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ അവളുമായുള്ള ബന്ധം ഉപേക്ഷിച്ചു എന്നും പറയുന്നു. ഇതുപോലെ നിനക്കും വല്ല പ്രേമ ബന്ധവും ഉണ്ടായിരുന്നെങ്കിൽ നിനക്ക് തുറന്ന് പറയാം എന്ന് കല്പനയോട് പറയുമ്പോൾ അവൾ കരയാൻ തുടങ്ങുന്നു. അപ്പോൾ വിജയൻ അവളെ ആശ്വസിപ്പിക്കുന്നു.
വർഷങ്ങൾ ഉരുണ്ടോടുന്നു. വിജയനും, കല്പനയ്ക്കും ഇപ്പോൾ 4-5 വയസ്സ് പ്രായമുള്ള ഒരു മകനുണ്ട് - പേര് ബൈജു (മാസ്റ്റർ സുരേഷ്). ഒരുദിവസം വിജയനും, കല്പനയും അമ്പലത്തിൽ തൊഴുതു മടങ്ങുമ്പോൾ രേവതിയേയും അവളുടെ ഭർത്താവിനെയും കണ്ടുമുട്ടുന്നു. അവർ അവിടെ താമസിക്കാൻ വന്നിട്ട് ഒന്നു രണ്ടു മാസമേ ആയിട്ടുള്ളു. രേവതിക്ക് ഒരു മകളുണ്ട് - ബിന്ദു (ബേബി ബിന്ദു). വർഷങ്ങൾക്ക് ശേഷമാണല്ലോ കൂട്ടുകാരികൾ തമ്മിൽ കണ്ടുമുട്ടുന്നത്. കല്പനയുടെ ക്ഷണമനുസരിച്ച് രേവതിയും കുടുംബവും കല്പനയുടെ വീട്ടിലേക്ക് വരുന്നു. രേവതിയുടെ ഭർത്താവ് രവി (ടി.ജി.രവി) ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്. പലരുടെയും അവിഹിത ബന്ധത്തിലുള്ള കിടപ്പറ രംഗങ്ങൾ അവരറിയാതെ ഫോട്ടോയെടുത്ത്, അവരെ ബ്ലാക്മെയിൽ ചെയ്ത് പണം പറിക്കലാണ് അയാളുടെ തൊഴിൽ. പക്ഷെ രേവതിക്ക് ഈ കാര്യം അറിയില്ല. അവൾ ധരിച്ചിരിക്കുന്നത് അയാൾ ഒരു അസാധാരണ ഫോട്ടോഗ്രാഫർ ആണെന്നും, അയാൾ എടുക്കുന്ന അത്യപൂർവ്വ ഫോട്ടോകൾ ആയിരക്കണക്കിന് വില കൊടുത്ത് വാങ്ങാൻ ആൾക്കാറുണ്ടെന്നുമാണ്. അതിഥി സൽക്കാരം കഴിഞ്ഞു, എല്ലാരുടെയും ഫോട്ടോ എടുത്ത ശേഷം രേവതിയും കുടുംബവും മടങ്ങുന്ന നേരത്ത് അവിടെ ഡോക്ടർ വാസന്തി കടന്നു വരുന്നു. സ്കോളർഷിപ് നേടി ഉപരിപഠനത്തിനായി ജർമ്മനിക്ക് പോകുന്ന വിവരം അറിയിക്കാനാണ് അവർ വരുന്നത്. രേവതിയോട് ഡോക്ടർ കുശലം അന്വേഷിക്കുമ്പോൾ, നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ എന്ന് ചോദിക്കുന്നു. അപ്പോൾ രേവതി പറയുന്നു അവർ ഞങ്ങളുടെ ഹോസ്റ്റൽ ഡോക്ടർ ആയിരുന്നുവെന്ന്.
വീട്ടിലെത്തി ഫോട്ടോസ് ഡെവലപ്പ് ചെയ്ത് നോക്കുന്ന രവി കല്പനയെ നേരത്തെ തന്നെ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ എന്നാലോചിക്കുന്നു. ഉടൻ തന്നെ എവിടെയാണെന്ന് പിടികിട്ടുകയും ചെയ്യുന്നു. ബാബുവും കല്പനയും തമ്മിലുള്ള അന്തരംഗ നിമിഷങ്ങൾ അയാൾ ഫോട്ടോ എടുത്തതും, ആ ഫോട്ടോ ബാബുവിനെ കാണിച്ച് പണം കറന്നതും രവി ഓർത്തെടുക്കുന്നു - ബാബുവിനെ മാത്രമല്ല രവി ബ്ലാക്മെയിൽ ചെയ്ത് പണം വാങ്ങിച്ചിട്ടുള്ളത്, ബാബുവിന്റെ അച്ഛനും കാബറെ നർത്തകിയുമായുള്ള കിടപ്പറ രംഗങ്ങളും പടം പിടിച്ച്, അച്ഛനിൽ നിന്നും പണം തട്ടിയിട്ടുണ്ട്. രവി ധൃതിയിൽ പഴയ നെഗറ്റീവുകൾ തപ്പിയെടുത്ത്, അതിൽ നിന്നും ബാബു-കല്പനയുടെ നെഗറ്റീവ് കണ്ടെടുത്തത് അതും ഡെവലപ്പ് ചെയ്തെടുത്ത് കല്പനയെ കാണാൻ ചെല്ലുന്നു.
ബാബുവുമായിട്ടുള്ള അന്തരംഗ ഫോട്ടോകൾ കല്പനയെ കാണിച്ച്, ഒരു ലക്ഷം രൂപാ വേണമെന്ന് ശഠിക്കുന്നു. തന്റെ ഭാര്യയുടെ കൂട്ടുകാരിയായത് കൊണ്ട് ഒരു ഇളവ് തരാം എന്നും, ഒന്നിച്ച് അത്രയും തുക തരാൻ കഴിയില്ലെങ്കിൽ രണ്ടോ മൂന്നോ തവണയായി തന്നാൽ മതി എന്നും പറയുന്നു. ആദ്യ ഗഡുവായി മുപ്പതിനായിരം രൂപാ തരണം എന്നയാൾ പറയുമ്പോൾ കല്പന അതനുസരിക്കുന്നു. പോകുന്നതിന് മുൻപ് രവി ഒരു താക്കീത് നൽകുന്നു - താൻ ഈ ബിസിനസ്സ് ആണ് ചെയ്യുന്നതെന്ന് രേവതിയെ ഒരു കാരണവശാലും അറിയിച്ചേക്കരുത് എന്നും, മറിച്ച് അറിയിച്ചാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും എന്നും.
ഒരു ദിവസം വിജയൻ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കൂടെ ഒരു പുതിയ ഡ്രൈവറെയും കൊണ്ടുവരുന്നു - ബൈജുവിനെ സ്കൂളിലേക്ക് കൊണ്ടുവിടാനും, കൂട്ടിക്കൊണ്ടുവരാനും വേണ്ടി. അവന് വീടും കുടുംബവും ഒന്നും ഇല്ലാത്തത് കൊണ്ട് ഇവിടെ തന്നെയായിരിക്കും താമസിക്കുനന്നത് എന്ന് അയാളെ കല്പനയ്ക്ക് പരിചയപ്പെടുത്തുമ്പോൾ, അയാളെക്കണ്ട് കല്പന ഞെട്ടി വിറച്ച് നിൽക്കുന്നു - കാരണം, അത് മറ്റാരുമല്ല, അവളുടെ പഴയ കാമുകൻ ബാബുവാണ്. അയാളെക്കണ്ടാൽ എന്തോ പന്തികേട് തോന്നുന്നുവെന്നും, അതുകൊണ്ട് അയാളെ ജോലിക്ക് വെക്കേണ്ടെന്നും, മകനെ സ്കൂൾ ബസ്സിൽ പറഞ്ഞയച്ചാൽ മതിയെന്നും വിജയനോട് കല്പന പറയുമ്പോൾ, അയാൾ ഒരു പാവമാണെന്നും, നല്ല നിലയിൽ കഴിഞ്ഞ കുടുംബമായിരുന്നു എന്നും, ഒന്നും ഒളിച്ചു വെക്കാതെ സത്യസന്ധമായി എല്ലാം അയാൾ പറഞ്ഞു എന്നും, അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ലെന്നും വിജയൻ പറയുമ്പോൾ കല്പനയ്ക്ക് എതിർത്തൊന്നും പറയാൻ കഴിയാതെ പോവുന്നു.
തന്നെ വഞ്ചകനായി കാണുന്ന കല്പനയോട് ബാബു തനിക്ക് എന്താണ് സംഭവിച്ചത് എന്ന് വിവരിക്കുന്നു. കല്പനയെ വിവാഹം കഴിക്കാം എന്ന് വാക്കു കൊടുത്ത ബാബു അച്ഛനെക്കണ്ട് അനുവാദം ചോദിക്കാൻ വീട്ടിലെത്തുമ്പോൾ അവിടെ അച്ഛൻ ചില ഗുണ്ടകളുമായി തല്ലു കൂടുന്നതാണ് കാണുന്നത്. അച്ഛന്റെ കൂടെ ബാബുവും ചേർന്ന് ഗുണ്ടകളുമായി മല്പിടിത്തം നടത്തുന്നതിനിടയിൽ അച്ഛന്റെ വെടിയേറ്റ് ഗുണ്ടകളിൽ ഒരാൾ മരിക്കുന്നു. ആ നേരത്ത് പോലീസെത്തി ബാബുവിനെയും, അച്ഛനെയും അറസ്റ്റ് ചെയ്തുകൊണ്ടു പോവുന്നു. അച്ഛന് ജീവപര്യന്തം ശിക്ഷയും, ബാബുവിന് അഞ്ചുവർഷത്തെ ശിക്ഷയുമാണ് കോടതി വിധിക്കുന്നത്. അവരുടെ സ്വത്തുക്കൾ മുഴുവൻ കോടതി കണ്ടുകെട്ടുകയും ചെയ്യുന്നു. അഞ്ചു വർഷത്തെ ശിക്ഷകഴിഞ്ഞ് ബാബു കല്പനയെ ഒരുപാട് സ്ഥലത്ത് അന്വേഷിക്കുന്നുവെങ്കിലും, എവിടെയും കണ്ടെത്താൻ കഴിയുന്നില്ല. അവസാനം, കല്പനയുടെ ഭർത്താവാണെന്നറിയാതെയാണ് ഇവിടെ ഡ്രൈവറായി ജോലിക്ക് എത്തുന്നത്. ഇവിടെ വന്ന ശേഷം കാര്യങ്ങളെല്ലാം അറിഞ്ഞ സ്ഥിതിക്ക് ഉടൻ തന്നെ ജോലി ഉപേക്ഷിച്ചു പോയാൽ അത് കല്പനയുടെ ഭർത്താവിന് സംശയിക്കാൻ ഇടവരുത്തും എന്നത് കൊണ്ട് അല്പം കഴിഞ്ഞ് ജോലിയിൽ എന്തെങ്കിലും വിട്ടുവീഴ്ച നടത്തി വിജയൻ തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടുന്ന ഒരു സാഹചര്യം സൃഷ്ടിക്കാം എന്നും ബാബു പറയുന്നു.
രണ്ടു ദിവസം കഴിഞ്ഞ് തന്റെ പഴയ കാലം തന്നെ വേട്ടയാടുന്നത് കൊണ്ട് ഈ ജോലിയിൽ തുടരാൻ കഴിയില്ല, അതുകൊണ്ട് തന്നെ പോകാൻ അനുവദിക്കണം എന്ന് ബാബു വിജയനോട് പറയുന്നു. അതിന് വിജയൻ, പറഞ്ഞയക്കാൻ സമ്മതമല്ലെന്നും, എല്ലാം മറന്ന് ജോലിയിൽ തുടരാനും പറയുന്നു. ബാബു കാറെടുക്കാനായി പുറത്തേക്ക് വരുമ്പോൾ മുന്നിൽ രവിയെക്കണ്ട് പകച്ചു നിൽക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ നിങ്ങളുടെ ഫോട്ടോ വിജയനെക്കാണിക്കും എന്ന് ബാബുവിനെ രവി ഭീഷണിപ്പെടുത്തുമ്പോൾ വിജയൻ പുറത്തേക്ക് വരുന്നു. രവി ഉടനെ അന്നെടുത്ത ഫോട്ടോകൾ എൻലാർജ്ജ് ചെയ്ത പ്രിന്റുകൾ വിജയനെ ഏൽപ്പിക്കുന്നു. വിജയൻ ഓഫീസിലേക്ക് പോകുമ്പോൾ രവിയും തനിക്ക് ജോലിയുണ്ടെന്ന് പറഞ്ഞ് അവിടുന്ന് പോകുന്നു. പോകുന്ന നേരത്ത് തന്നെ അന്വേഷിച്ച് താൻ പഠിച്ച കോളേജിലെ പ്രൊഫസർ വരുമെന്നും, അദ്ദേഹത്തിന്റെ പക്കൽ ബിൽഡിംഗ് ഫണ്ടിനായി ഇരുപത്തയ്യായിരം രൂപാ കൊടുത്തേക്കണം എന്നും കല്പനയോട് പറയുന്നു.
വിജയൻ സൂചിപ്പിച്ചത് പോലെ പ്രൊഫസർ വരുന്നു. അവരെ ഇരിക്കാൻ പറഞ്ഞ് കല്പന പണമെടുക്കാൻ പോകുമ്പോൾ രവിയുടെ ഫോൺ വരുന്നു. അയാൾ സംഭാവനക്കാർക്ക് അയ്യായിരം രൂപാ കൊടുത്താ മതിയെന്നും, ബാക്കി ഇരുപതിനായിരം തനിക്ക് തരണം എന്നും, വിജയൻ ചോദിച്ചാൽ സംഭാവനക്കാർക്ക് പണം മുഴുവൻ കൊടുത്തതായി കള്ളം പറയണം എന്ന് പറയുമ്പോൾ, കല്പനയ്ക്ക് അതനുസരിക്കേണ്ടി വരുന്നു. ബാക്കി തരാനുള്ള അമ്പതിനായിരം രൂപാ ഇപ്പോ തന്നെ തരണം, അല്ലെങ്കിൽ ഈ പ്രോനോട്ടിൽ ഒപ്പിട്ടു തരണം എന്നു പറഞ്ഞ് രവി വീണ്ടും കല്പനയെ ഭീഷണിപ്പെടുത്തുമ്പോൾ മറ്റു മാർഗ്ഗമില്ലാതെ ഇരുപത്തയ്യായിരം രൂപാ കൊടുത്ത് ബാക്കി അടുത്താഴ്ച തരാം എന്നു പറഞ്ഞ് കല്പന രവിയെ പറഞ്ഞയക്കുന്നു. ഇവർ തമ്മിലുള്ള സംഭാഷണം ബാബുവും, ബൈജുവും ശ്രദ്ധിക്കുന്നു. രവി തിരിച്ചു പോകുമ്പോൾ ബാബുവുമായി ഉടക്കുന്നു. അത് കൈയ്യേറ്റത്തിൽ ചെന്നവസാനിക്കുന്നു. അവർ തമ്മിൽ അടിപിടി കൂടുന്നത് കണ്ടു വരുന്ന വിജയൻ അവരെ വിലക്കി രവിയെ പറഞ്ഞയക്കുന്നു.
പുതിയ ബിൽഡിങ്ങിന്റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനായി വിജയനെ ക്ഷണിക്കാൻ പ്രൊഫസർ വിജയൻറെ ഓഫീസിൽ ചെന്ന് ക്ഷണിക്കുമ്പോൾ, സംഭാവനയായി ഇരുപത്തയ്യായിരം രൂപാ താരം എന്ന് വിജയൻ പറഞ്ഞിരുന്നെങ്കിലും ഭാര്യ അയ്യായിരം രൂപയെ തന്നുള്ളു എന്ന സത്യം വിജയനെ അറിയിക്കുന്നു. അതുകേട്ട് വിജയൻ ഒന്ന് ഞെട്ടുന്നുണ്ടെങ്കിലും, എന്തോ സമാധാനം പറഞ്ഞ് ഇരുപതിനായിരത്തിന്റെ ചെക്ക് എഴുതി പ്രൊഫസർക്ക് കൊടുക്കുന്നു. അന്ന് രാത്രി വിജയന് ആഹാരം വിളമ്പിക്കൊടുക്കുന്നതിനിടയിൽ അച്ഛൻ വന്നിരുന്നുവെന്നും, പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഇരുപതിനായിരം രൂപാ കൊടുത്തു എന്നും, പിന്നെ കോളേജ് ഫണ്ടിനും ഇരുപത്തിയയ്യായിരം രൂപാ കൊടുത്തു എന്നും നുണ പറയുന്നു. അതുകേട്ട് വിശ്വസിക്കാത്ത വിജയൻ, നിനക്കിയ്യിടെയായിട്ട് എന്തോ പറ്റിയിട്ടുണ്ടെന്ന് അർത്ഥം വെച്ച് പറഞ്ഞിട്ട് എഴുന്നേറ്റ് പോവുന്നു. സത്യാവസ്ഥ എന്തെന്നറിയാനായി വിജയൻ കല്പനയുടെ അച്ഛനെ ചെന്ന് കാണുകയും, അദ്ദേഹത്തിന്റെ ബിസിനസ്സിൽ നഷ്ടമുണ്ടായെന്നും, പണത്തിന് അല്പം ഞെരുക്കമുണ്ടെന്നും കേട്ടത് ശരിയാണോ എന്നന്വേഷിക്കാൻ വന്നതാണെന്നും അറിയിക്കുന്നു. അതുകേൾക്കുന്ന അദ്ദേഹം, വിജയനെ ആരോ പറഞ്ഞ് തെറ്റിച്ചതാണെന്നും, ബിസിനസ്സിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും, നല്ല ലാഭത്തിൽ തന്നെയാണ് പോകുന്നതും എന്ന് പറയുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, അഭിനേതാക്കളുടെ പേര് വിവരങ്ങൾ, റിലീസ് തീയതി |