മണികണ്ഠൻ ആർ ആചാരി

Manikandan R Achari
മണികണ്ഠൻ ആചാരി
ആലപിച്ച ഗാനങ്ങൾ: 1

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശി. അമ്മയും മൂന്ന്‍ സഹോദരൻമാരും അടങ്ങുന്ന ഒരു കലാ കുടുംബത്തിലെ അംഗമാണ് മണികണ്ഠൻ. തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയി അറിയപ്പെടുന്ന മണികണ്ഠൻ പതിനൊന്ന് വയസ്സ് മുതല്‍ നാടകത്തിൽ അഭിനയിച്ച് തുടങ്ങി. തെരുവ് നാടകങ്ങളിലാണ് തുടക്കമിട്ടത്. തൃപ്പൂണിത്തുറയിലെ 'ഭാസഭേരി' എന്ന നാടക സംഘത്തിലാണ്  തുടങ്ങുന്നത്. പിന്നെ 'ലോക ധര്‍മ്മി'. നിരവധി തെരുവുനാടകങ്ങൾ കളിച്ചിട്ടുണ്ട്. ബംഗാളി നാടകസംവിധായകന്‍ പ്രൊബീര്‍ ഗുഹയുടെ നാടകത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. ഉണ്ണി പൂണിത്തുറയുടെ 'കിച്ചണ്‍' എന്ന നാടകമാണ് മണികണ്ഠന് ഒരു ബ്രേക്ക് നൽകിയത്. സ്വര്‍ണ്ണപ്പണി, പൈലിംഗ് , മീന്‍ വെട്ടൽ, ബസില്‍ കിളി തുടങ്ങി നിരവധി ഉപജീവനമാർഗ്ഗങ്ങൾ നാടകത്തിനോടൊപ്പം കൊണ്ട് പോവുന്ന മണികണ്ഠൻ ആറാം ക്ലാസ് വരെ മാത്രമേ സ്കൂൾ വിദ്യാഭ്യാസം ചെയ്യുവാൻ സാധിച്ചിട്ടുള്ളു. 2005 ൽ ചെന്നയിലെ ഡ്രാമാ സ്കൂളായ തിയ്യേറ്റര്‍ ലാബിൽ ചേർന്നു. തുടർന്ന് നിരവധി നാടകങ്ങളിൽ അഭിനയിച്ചു. മണികണ്ഠൻ അഭിനയിച്ച കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രമാണ് ആദ്യം റിലീസാകുന്നത്. അതിനു മുന്നേ ഒന്ന് രണ്ടു തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സൂര്യയുടെ 'ഏഴാം അറിവ്' എന്ന സിനിമയില്‍ ഇഫക്ട്‌സിൽ വര്‍ക്ക് ചെയ്തിട്ടുണ്ട്. വില്ലന്റെ എന്‍ട്രിയില്‍ പട്ടിക്ക് ബിസ്‌കറ്റ് ഇട്ടുകൊടുക്കുന്ന രംഗത്തിലെ പട്ടി ആ ബിസ്‌കറ്റ് കടിക്കുന്ന ശബ്ദം മണികണ്ഠന്റേതാണ് എന്നതാണ് കൗതുകകരമായ മുൻ സിനിമാ അനുഭവം എന്ന് മണി ഓർക്കുന്നു. അസുരകുലം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രം പുറത്തിറങ്ങിയിട്ടില്ല. മണി കണ്ഠന്റെ മൂത്ത സഹോദരൻ ഒരു ശില്പിയാണ്. രണ്ടാമത്തെയാള്‍ പല ഇന്‍സ്ട്രുമെന്റ്സ് വായിക്കും. മൂന്നാമത്തെ സഹോദരൻ കലാക്ഷേത്ര അംഗവും.  കമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിംഗ് ടീമിൽ അംഗമായിരുന്ന സുഹൃത്ത് സുജിത്ത് വഴിയാണ്  രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന്റെ റോളുകളിലൊന്നിലേക്ക് മണികണ്ഠൻ തിരഞ്ഞെടൂക്കപ്പെടുന്നത്. സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നിനെ ശ്രദ്ധേയമായി അവതരിപ്പിച്ച് നിരൂപക പ്രശംസ നേടി.

Manikandan R Achari