എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവു വായിക്കുവാൻ
എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ
സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിലു ചൊല്ലിടുന്നു വസ്സലാം
ഞങ്ങൾക്കെല്ലാം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെ
മറുനാട്ടിൽ നിങ്ങൾക്കും അതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ
എഴുതിയറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്
എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട്
എൻ കരൾ വേദന കാണുവാനാരുണ്ട്
എങ്ങനെ ഞാൻ പറയും
എല്ലാമോർത്ത് എന്നെന്നും ഞാൻ കരയും
ഈ കത്തിനു ഉടനടിയൊരു മറുപടി തന്നു സങ്കടം തീർത്തിടണേ
ഇടക്കിടെ എന്നെയും ഓർത്തിടണേ
മധുവിധു നാളുകൾ മനസ്സിൽ കളിക്കുന്നു
മദനക്കിനാവുകൾ മറോടണക്കുന്നു
മലരണി രാത്രികൾ മഞ്ഞിൽ കുളിക്കുന്നു
മണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും കിടന്നാലും
എങ്ങിനെയുറക്കം വരും ഉറങ്ങ്യാലും
മധുവിധുവതിൻ പുതു പുതു സ്വപ്നം കണ്ടു ഞെട്ടി ഉണരും
തലയണ കൊണ്ട് കെട്ടിപ്പുണരും
രണ്ടോ നാലോ വർഷം മുൻപ് നിങ്ങൾ വന്ന്
എട്ടോ പത്തോ നാളുകൾ മാത്രം വീട്ടിൽ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിനു മൂന്നു വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പായെവിടെയെന്ന്
ഓടിച്ചാടിക്കളിക്കും മോൻ ബാപ്പാനെ മാടി മാടി വിളിക്കും
അതു കാണുമ്പോൾ ഉടഞ്ഞിടും ഇടനെഞ്ചു പിടഞ്ഞിടും
പൂക്കുഞ്ഞിപ്പൈതലല്ലേ ആ മുഖം കാണാൻ പൂതി നിങ്ങൾക്ക് ഇല്ലേ
അന്നു നാം മധുരം നുകർന്നോരീ മണിയറ
ഇന്നു ഞാൻ പാർക്കും തടങ്ങൽ തടവറ
മണവാട്ടിയായ് വന്നു കയറിയോരീപ്പുര
മനമോഹങ്ങൾ കൊന്നു കുഴിച്ചിട്ട കല്ലറ
കണ്ണീരിൻ പൂ വിരിഞ്ഞേ കദനക്കനലിൽ
ഖൽബ് കത്തിക്കരിഞ്ഞേ കരകാണാതെ
കുടുങ്ങിടും നടുക്കടലിടുക്കിൽ ഞാൻ നീന്തി നീന്തിത്തുടിക്കും
അങ്ങനെ ഞാൻ നീറി നീറി മരിക്കും
മധുരം നിറച്ചൊരെൻ മാംസപൂവൻ പഴം
മറ്റാർക്കും തിന്നാൻ കൊടുക്കൂല്ലൊരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാൻ പെണ്ണെന്നോർക്കേണം നിങ്ങളും
യൗവനത്തേൻ വഴിഞ്ഞേ പതിനേഴിന്റെ പൂവനപ്പൂ കൊഴിഞ്ഞേ
താരുണ്യത്തിൽ കടഞ്ഞെടുത്ത പൊൻകുടമൊടുവിൽ
ഞാൻ കാഴ്ച്ചപ്പണ്ടം മാത്രമായ്
ഉഴിഞ്ഞിട്ട നേർച്ചക്കോഴി പോലെയായ്
അറബിപ്പൊൻ വിളയും മരുമണൽക്കാട്ടില്
അകലെയബുദാബി ഗൾഫിന്റെ നാട്ടില്
അദ്ധ്വാനിക്കും നിങ്ങൾ സൂര്യന്റെ ചോട്ടില്
അനുഭവിക്കാൻ ഞാനും കുട്ടിയുമീ വീട്ടില്
ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില്
എന്തിനു സമ്പാദിക്കുന്നു
ഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടു കൊണ്ടു നമ്മൾ
രണ്ടുമൊരു പാത്രത്തിൽ ഉണ്ണാമല്ലോ
ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ
കത്തു വായിച്ചുടൻ കണ്ണുനീർ വാർക്കണ്ട
കഴിഞ്ഞു പോയതിനി ഒന്നുമേ ഓർക്കണ്ട
ഖൽബിലെ കദനപ്പൂ മാല്യങ്ങൾ കോർക്കണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീർക്കണ്ട
യാത്രതിരിക്കുമല്ലോ
എനിക്കാ മുഖം കണ്ടു മരിക്കാമല്ലൊ
നിങ്ങൾക്കായി തട്ടിക്കൊട്ടി കട്ടിലിട്ടു പട്ടു വിരിച്ചറയൊന്നൊരുക്കീടട്ടെ
തൽക്കാലം ഞാൻ കത്തു ചുരുക്കീടട്ടെ