എസ് എ ജമീൽ

SA Jamal
Date of Death: 
Saturday, 5 February, 2011
എഴുതിയ ഗാനങ്ങൾ: 2

സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഭിഷഗ്വരനുമായിരുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എന്ന എസ്.എം.ജെ മൗലാനായുടെയും തഞ്ചാവൂര്‍ സ്വദേശി ആയിശാബിയുടെ മകനായി 1936 ൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് സയ്യിദ് അബ്ദുല്‍ ജമീല്‍ എന്ന എസ്.എ. ജമീലിൽ ജനിച്ചത്.

സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ പാടുകയും വരയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല.

തുടർന്ന് ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്ത നിലമ്പൂര്‍ യുവജന കലാസമിതിയുമായി ചേർന്ന് ആദ്യമായി പൊന്നാനിയിൽ വച്ച് തന്റെ 17 ആം വയസ്സില്‍ ഇ.കെ. അയമുവിന്റെ 'ജ്ജ് ഒരു മന്‌സനാകാൻ നോക്ക്' എന്ന നാടകത്തിനിടയിൽ ചില പാട്ടുകൾ പാടികൊണ്ട് ഇദ്ദേഹം കലാരംഗത്ത് എത്തി.

അന്നത്തെ പതിവനുസരിച്ച് നാടകത്തിലെ ഓരോ രംഗം കഴിയുമ്പോഴും അണിയറയിൽനിന്ന് ഓരോ പാട്ട് പാടും. തമിഴ് സിനിമയായ ദേവദാസിലെ 'തുനിന്തതെൻ മനമേ...', 'ഭഗവാനി'ൽ മുഹമ്മദ് റാഫി പാടിയ 'തൂ ഗംഗാ മൗജ് മേം ജമുനാ കാ ധാരാ...' തുടങ്ങിയ ഗാനങ്ങൾ പാടിയിരുന്ന അദ്ദേഹം പിന്നീട് നാടകങ്ങളിലെ ചെറുവേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി.

1958 ലെ കലാസമിതിയുടെ ബോംബെ ടൂർ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. നാട്ടുകാരനും സുഹൃത്തുമായ രാമചന്ദ്രനൊപ്പം ബോംബെയിൽ കുറച്ചുകാലം തങ്ങിയ അദ്ദേഹം അവിടെ ഫിലിംസ് ഡിവിഷനിൽ ജോലി ചെയ്തിരുന്ന നാണപ്പനുമായി പരിചയപ്പെട്ട് കലാസമിതി ട്രൂപ്പിനോടൊപ്പം നാട്ടിലേക്ക് തിരിച്ചുവരാതെ മലയാളി സമാജങ്ങളും കലാസമിതികളും ഒക്കെയായി അവിടെ നിലയുറപ്പിച്ചു. 

സംഗീതസംവിധായകരായ എസ്.ഡി. ബർമൻ, സലിൽ ചൗധരി, ഒ.പി. നയ്യാർ, ഉഷാ ഖന്ന ചുടങ്ങിയവരുമായി പരിചയപ്പെട്ട അദ്ദേഹം അവിടെ വെച്ച് 
മനഃശാസ്ത്രവും ഹിപ്‌നോട്ടിസവും പഠിച്ചു. ഇതിനിടയിൽ മുടിയനായ പുത്രൻ/പുതിയ ആകാശം പുതിയ ഭൂമി/ലൈലാ മജ്നു എന്നീ സിനിമകളിൽ പാടുകയും  ലൈലാ മജ്നുവിൽ അഭിനയിക്കുകയും ചെയ്തു.

പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹം 
മനശ്ശാസ്ത്രചികിത്സയും കൗൺസലിങ്ങും നടത്തി തുടങ്ങി. തന്റെ ചികിത്സയ്ക്കായ് എത്തുന്നവരിൽ പലരും ഗൾഫിൽ പോയവരുടെ ഭാര്യമാരായിരുന്നു. ഇവരിൽ നിന്നറിഞ്ഞ പ്രയാസങ്ങളുടെ കഥകളും ഒപ്പം 1977 ൽ ആദ്യമായി നടത്തിയ അബുദാബി യാത്രയും ഗൾഫിലെയും നാട്ടിലേയും കരളലിയിക്കുന്ന ജീവിതകഥകൾ കണ്ടറിയാൻ അവസരമുണ്ടാക്കി.

തുടർന്ന് 1976 ല്‍ 'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍..' എന്ന ഗാനമെഴുതിയ അദ്ദേഹം മാപ്പിളപ്പാട്ടിന് പുതുവഴിതീര്‍ത്തു. ഇത് കണ്ണൂർ, തലശ്ശേരി, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഈ പാട്ട് വൻ ചലനങ്ങൾ സൃഷ്ടിച്ചു. പാട്ടുകേട്ട പല ഭർത്താക്കന്മാരും ഗൾഫ് ജോലി ഉപേക്ഷിച്ചു. ആസ്വാദകരിൽ നിന്നുതന്നെ പാട്ടിന് മറുപടിയും എഴുതണമെന്ന ആവശ്യത്തെതുടർന്ന്
'അബൂദാബീലുള്ളോരെഴുത്തു പെട്ടി..' എന്ന തുടങ്ങുന്ന മറുപടിക്കത്തുപാട്ടു കൂടി വന്നതോടെ മലയാളികള്‍ അദ്ദേഹത്തെ നെഞ്ചേറ്റി.

സംഗീത നാടക അക്കാദമി അവാർഡ്/
സംസ്ഥാന സർക്കാറിന്റെ ഗുരുശ്രേഷ്ഠൻ അവാർഡ്/
കെ.പി.സി.സി സാംസ്കാരിക സാഹിതി പുരസ്കാരം/
സാംസ്കാരിക പരിഷത് അവാർഡ്/
ഖത്തർ ഫോക്‌ലോർ ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ അവാർഡ്/ഐ എസ് എം സർഗ പ്രതിഭാ പുരസ്കാരം എന്നിവ അദ്ദേഹത്തിനുലഭിച്ച പുരസ്കാരങ്ങളിൽ ചിലതാണ്.

ഗാനരചയിതാവ്/ഗായകന്‍/ ചിത്രകാരന്‍/നടന്‍ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഇദ്ദേഹം തന്റെ 70 വയസ്സിൽ ഹൃദയാഘാതം മൂലം 2011 ഫെബ്രുവരി 5 ആം തിയതി രാത്രി 12 മണിയോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ചു.

മേലേതിൽ റുഖിയയാണ് ഭാര്യ/റമീജ/ജാസ്മിൻ/ജൗഹർ എന്നിവരാണ് മക്കൾ‍. അഹമ്മദ്കുട്ടി/ബാബു എന്നിവർ മരുമക്കളുമാണ്. ഡോ. ഹക്കീം/ഗായകനായ നിലമ്പൂര്‍ ഷാജി എന്നിവർ സഹോദരങ്ങളാണ്.