കെ റ്റി എസ് പടന്നയിൽ
കൊച്ചു പടന്നയിൽ തായി സുബ്രഹ്മണ്യൻ എന്ന കെ ടി എസ് പടന്നയിൽ. പഠിക്കാൻ മിടുക്കനായിരുന്നിട്ടും 1947 ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പഠനം അവസാനിപ്പിക്കേണ്ടിവന്നു. സാമ്പത്തിക പരാധീനതകൾ മൂലം കൂലിപ്പണിക്കാരനായ അച്ഛൻ തായിക്ക് അദ്ദേഹത്തിന്റെ ഫീസ് അടക്കാനാവാതെ വന്നപ്പോൾ പഠനം തന്നെ ഉപേക്ഷിച്ചു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുട്ടിക്കാലത്തും കോൽകളി, ഉടുക്കുകോട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ സുബ്രഹ്മണ്യൻ പങ്കെടുത്തിരുന്നു. ചെറുപ്പത്തിൽ മുതൽ സ്ഥിരം ഒരു നാടക കാഴ്ച്ചക്കാരനായിരുന്നു പടന്നയിൽ. നാടകത്തിൽ അഭിനയിക്കണം, ഒരു നടനാകണം എന്ന ആഗ്രഹം മുളപൊട്ടിയ സമയത്ത്, നടനാകാനുള്ള ഫിഗറു പോര എന്ന് പറഞ്ഞു പലരും അവസരങ്ങൾ നിഷേധിച്ചു. അങ്ങനെ ആരും അഭിനയിപ്പിക്കാതെയായപ്പോൾ, ആ വാശിയിൽ നാടകം പഠിക്കുവാൻ തീരുമാനിച്ചു, പിന്നെ വിവാഹ ദല്ലാൾ എന്ന നാടകത്തിൽ ആദ്യം അഭിനയിച്ചു. 1957ൽ കേരളപ്പിറവിയോടനുബന്ധിച്ച് സ്വയം എഴുതി തൃപ്പൂണിത്തുറയിൽ 'കേരളപ്പിറവി' എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ പിന്നീടദ്ദേഹം സഹകരിച്ചു. കണ്ണംകുളങ്ങര ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങിയത് നാടകത്തിൽ സജീവമായ സമയത്തായിരുന്നു. നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയും ചെയ്തു. ഒരു കാലത്ത് രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.ടി.എസ്.
ഭാര്യ : രമണി, മക്കൾ - ശ്യാം, സ്വപ്ന, സനൽ, സാജൻ
അവലംബം: ദേശാഭിമാനിയിലെ ലേഖനം, മംഗളം വാരികയിൽ വന്ന അഭിമുഖം.