ജോളി ബാസ്റ്റിൻ
ആലപ്പുഴയിൽ ജനിച്ച ജോളി ബാസ്റ്റ്യൻ പഠിച്ചതും വളർന്നതും ബാംഗ്ലൂരിൽ ആയിരുന്നു. മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലെ ബൈക്കുകളോട് വലിയ താത്പര്യമായിരുന്നു. ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പർ സ്റ്റാർ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. കന്നഡ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആക്ഷൻ സംവിധായകനായി ജോളി ബാസ്റ്റിൻ പിന്നീട് പെട്ടെന്ന് വളർന്നു.
2007 -ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തുകൊണ്ടാണ് ജോളി ബാസ്റ്റിൻ മലയാള സിനിമയിലേയ്ക്കുത്തന്നത്. കമ്മട്ടിപ്പാടം, മാസ്റ്റർപീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിംഗ് ലൈസൻസ്, കണ്ണൂർ സ്ക്വാഡ് എന്നിവയുൾപ്പെടെ മുപ്പതിലധികം മലയാള സിനിമകളിൽ ജോളി ബാസ്റ്റ്യൻ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സഖാവിന്റെ പ്രിയസഖി, എരിഡ എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുള്ള ജോളി ബാസ്റ്റിൻ കന്നഡത്തിൽ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി ഭാഷകളിലായി 400 -ൽ ഏറെ ചിത്രങ്ങൾക്ക് സംഘട്ടന സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കർണാടക സ്റ്റണ്ട് ഡയറക്ടേഴ്സ് യൂണിയന്റെ നേതൃനിരയിൽ ജോളി ബാസ്റ്റിൻ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2023 ഡിസംബർ 27 -ന് ജോളി ബാസ്റ്റിൻ അന്തരിച്ചു.